ഒരു `തെറ്റ്’ കുറ്റമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; സ്ഥിരം പരപുരുഷബന്ധമുള്ള സ്ത്രീയ്ക്ക് ജീവനാംശം നല്‍കാനാവില്ലെന്നും കോടതി

അഹമ്മദാബാദ്: പ്രത്യേക സാഹചര്യത്തില്‍ ഒറ്റത്തവണ മാത്രം സംഭവിക്കുന്ന പരപുരുഷ ബന്ധം തെറ്റായി കാണാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മനഃപൂര്‍വമല്ലാത്ത ഒന്നോ രണ്ടോ സാഹചര്യങ്ങള്‍ തെറ്റായി കാണാതിരിക്കാം. എന്നാല്‍ സ്ഥിരം പരപുരുഷബന്ധമുള്ള സ്ത്രീകള്‍ക്ക് ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം അവകാശപ്പെടാനാകില്ലെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു.

പരപുരുഷബന്ധം ആരോപിക്കപ്പെട്ട സ്ത്രീ ഭര്‍ത്താവില്‍നിന്നും ജീവനാംശം ആവശ്യപ്പെട്ട് നല്‍കിയ പരാതി നേരത്തെ ജില്ലാകോടതി തള്ളി. പത്താന്‍ ജില്ലാ കോടതിയുടെ വിധിക്കെതിരെ പരാതിക്കാരി നല്‍കിയ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. ദാമ്പത്യ ബന്ധം നിലനില്‍ക്കെ പരസ്ത്രീ ബന്ധമുണ്ടായാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമം 497-ാം വകുപ്പിന്റെ പരിധിയില്‍ വരും. ഭര്‍ത്താവിന്റെ പരാതിയനുസരിച്ച് പരപുരുഷനെതിരെ കേസെടുക്കാം. ഇതാണ് നിലവിലെ നിയമ വ്യവസ്ഥ. ഇതിന്മേലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തിരുത്ത്.

ക്രിമിനല്‍ നടപടി ക്രമം 12-ാം വകുപ്പ് അനുസരിച്ച് ഏതൊരു സ്ത്രീയ്ക്കും ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഇതനുസരിച്ച് ആദ്യം മജിസ്‌ട്രേറ്റ് കോടതിയിലും തുടര്‍ന്ന് ജില്ലാ കോടതിയിലും യുവതി ഹര്‍ജി നല്‍കി. യുവതിയ്ക്ക് ഭര്‍ത്താവിലുണ്ടായ കുഞ്ഞിന് ജീവനാംശം നല്‍കാന്‍ ജില്ലാകോടതി വിധിച്ചു. എന്നാല്‍ പരാതിക്കാരിക്ക് ജീവനാംശം നല്‍കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. യുവതിയ്ക്ക് പരപുരുഷബന്ധം ഉണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണം കീഴ്‌ക്കോടതികള്‍ ശരിവെയ്ക്കുകയും ചെയ്തു. ഇരു കോടതികളും ഹര്‍ജി തള്ളിയതോടെയാണ് യുവതി അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഒരു രാത്രി ചിലപ്പോള്‍ ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായേക്കാം. ഇത് കുറ്റകരമാണെന്ന് പറയാനാവില്ല. എന്നാല്‍ പരപ്രേരണ കൂടാതെ ഗര്‍ഭധാരണ സമയത്തുപോലും അന്യപുരുഷനുമായി തുടര്‍ച്ചയായി ലൈംഗികബന്ധം പുലര്‍ത്തുന്ന സാഹചര്യം കുറ്റകരമാണ്. ഇത് ഇന്ത്യന്‍ശിക്ഷാനിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News