സംഘിഭീകരതയ്‌ക്കെതിരെ അശോക് വാജ്‌പേയിയും; നയന്‍താര സെഹ്ഗാളിന് പിന്നാലെ സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

ദില്ലി: ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തി കൂടുതല്‍ സാഹിത്യകാരന്മാര്‍. പ്രമുഖ ഹിന്ദി കവിയും സാഹിത്യ വിമര്‍ശകനുമായ അശോക് വാജ്‌പേയിയും സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും. വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ അക്രമത്തിലൂടെ നേരിടുന്ന സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അശോക് വാജ്‌പേയിയുടെയും നടപടി. സാഹിത്യ – സാംസ്‌കാരിക നായകര്‍ക്കെതിരെ ഉള്‍പ്പടെ സംഘപരിവാര്‍ വാളോങ്ങുമ്പോള്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അശോക് വാജ്‌പേയി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയാണ് അശോക് വാജ്‌പേയി.

എപ്പോഴും വാചാലനാണ് നരേന്ദ്രമോഡി. എന്നാല്‍ സാഹിത്യകാരന്മാരെയും യുക്തിവാദികളെയും കൊന്നൊടുക്കി ഭീകരത സൃഷ്ടിക്കുമ്പോള്‍ മോഡി മൗനം പാലിക്കുന്നു. സാധാരണക്കാരെയും ഭക്ഷണക്രമത്തിന്റെ പേര് പറഞ്ഞുപോലും കിരാതമായി കൊന്നൊടുക്കുന്നു. അഭിപ്രായ – വിയോജന സ്വാത്ര്രന്ത്യം ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്. ക്രിയാത്മകമായ സമൂഹത്തിന് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാനാകണം. നരേന്ദ്രമോഡിയുടെ പാര്‍ട്ടിക്കാര്‍ അതിനു തയ്യാറാകുന്നില്ലെന്നും അശോക് വാജ്‌പേയി കുറ്റപ്പെടുത്തുന്നു.

കല്‍ബുര്‍ഗി വധക്കേസില്‍ ഉള്‍പ്പടെ അന്വേഷണം ഇഴയുകയാണ്. കൊലപാതകികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ ഭരണകൂടങ്ങള്‍ വിമുഖത കാട്ടുകയാണ്. കേട്ടുകേള്‍വിയുടെ പേരില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ ഒരു സാധാരണക്കാരനെ കൊന്നു. സ്വതന്ത്ര അധികാരമുള്ള സാഹിത്യ അക്കാദമി കൊലപാതകങ്ങളെ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രസ്താവന ഇറക്കാന്‍ പോലും സാഹിത്യ അക്കാദമി മടികാട്ടുകയാണെന്നും അശോക് വാജ്‌പേയി പറയുന്നു. രാജ്യത്തിന്റെ ബഹുസ്വരതയെ മാനിക്കാന്‍ സംഘപരിവാര്‍ തയ്യാറാകുന്നില്ലെന്നും അശോക് വാജ്‌പേയി കുറ്റപ്പെടുത്തുന്നു.

കേന്ദ്രമന്ത്രിമാര്‍ പോലും സാഹിത്യകാരന്മാരെ അപമാനിക്കുന്നു. വരുക, തിന്നുക, കുടിക്കുക, പത്രം വായിക്കുക, പോവുക എന്നാണ് ഒരു കേന്ദ്രമന്ത്രി കഴിഞ്ഞദിവസം സാഹിത്യകാരന്മാരെ അപമാനിച്ച് പറഞ്ഞത്. മുന്‍പ്രധാനമന്ത്രി എപിജെ അബ്ദുല്‍കലാമിനെപ്പോലും അപമാനിക്കുന്നവരായി കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ പോലും മാറി. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും അശോക് വാജ്‌പേയി വിമര്‍ശിക്കുന്നു.

സംഘപരിവാറിന്റെ ഹിന്ദുത്വ ഭീകരതയില്‍ പ്രതിഷേധിച്ചും എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നീ പ്രമുഖ സാഹിത്യ – സാസ്‌കാരിക പ്രവര്‍ത്തകരെ കൊന്നൊടുക്കിയതിലും രാജ്യത്ത് പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ ഭാഗമായി സാഹിത്യകാരി നയന്‍താര സെഹ്ഗാള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം കഴിഞ്ഞദിവസം തിരികെ നല്‍കി. പ്രമുഖ സാഹിത്യകാരനായ ഉദയ് പ്രകാശ് സാഹിത്യ അക്കാദമി പുരസ്‌കാരം കഴിഞ്ഞമാസമാണ് തിരിച്ചേല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News