ഐഎസ്എല്‍; ഗോവ-കൊല്‍ക്കത്ത മത്സരം സമനിലയില്‍

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ എഫ്‌സി ഗോവ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി 13-ാം മിനിറ്റില്‍ അറാട്ട ഇസുമിയും ഗോവയ്ക്കു വേണ്ടി 81-ാം മിനിറ്റില്‍ കീനം അല്‍മീഡയുമാണ് ഗോളുകള്‍ നേടിയത്. തങ്ങളുടെ ആദ്യ കളികളില്‍ ഇരുടീമുകളും വിജയിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഗോവ ഒന്നാംസ്ഥാനത്തും കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തുമെത്തി.

കളിയുടെ തുടക്കത്തില്‍ തന്നെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ലീഡ് നേടി. 13-ാം മിനിറ്റില്‍ അറാട്ട ഇസുമിയാണ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചത്. ത്രോ ലൈനില്‍ നിന്ന് വന്ന പന്ത് സ്വീകരിച്ച യാവി ലാറ പന്ത് അറാട്ടയുടെ നേര്‍ക്ക് ഫ്‌ളോട്ട് ചെയ്തു കൊടുക്കുന്നു. പന്ത് ലഭിച്ച അറാട്ട ഇസുമി തകര്‍പ്പനൊരു വോളിയിലൂടെ ഗോള്‍കീപ്പറെയും കീഴടക്കി പന്ത് വലയിലെത്തിച്ചു. പിന്നീട് പലതവണ ലക്ഷ്യം കാണാനുള്ള ബോര്‍ജ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ ബല്‍ജിത് സിന്‍ഹ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ കൊല്‍ക്കത്ത പത്തുപേരായി ചുരുങ്ങി. അര്‍നോളിനെ ഫൗള്‍ ചെയ്തതിനായിരുന്നു ബല്‍ജിതിനെ സസ്‌പെന്‍ഡ് ചെയ്തത്.

81-ാം മിനിറ്റിലായിരുന്നു ഗോവയുടെ സമനില ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ ഇടതുമൂലയില്‍ നിന്ന് മന്‍ദര്‍ ക്രോസ് ചെയ്തു കൊടുത്ത പന്ത് റെയ്‌നാള്‍ഡോ ഹെഡ് ചെയ്തു. പന്ത് ലഭിച്ച കീനന്‍ അല്‍മീദ തകര്‍പ്പനൊരു ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കണ്ടത് അല്‍പം പരുക്കനാകുന്നൊരു കളിയായിരുന്നു. പലതവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. വിജയഗോള്‍ നേടാനുള്ള ഇരുകൂട്ടരുടെയും ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല. ആദ്യമത്സരങ്ങളില്‍ കൊല്‍ക്കത്ത ചെന്നൈയെയും ഗോവ ഡല്‍ഹി ഡൈനാമോസിനെയും തോല്‍പ്പിച്ചിരുന്നു. രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റ് വീതമുള്ള ഗോവയും കൊല്‍ക്കത്തയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News