ബിയറടിച്ച് ജോലി ആസ്വദിക്കാം; ജീവനക്കാര്‍ക്ക് ഓഫറുമായി 13 ബ്രിട്ടീഷ് കമ്പനികള്‍

ബ്രിട്ടന്‍: ജോലിയുടെ തിരക്കില്‍ നിന്ന് മാറി രണ്ടെണ്ണം അടിക്കാന്‍ അവധി ദിനം കാത്തിരിക്കേണ്ട. ബിയര്‍ ഓഫീസില്‍നിന്ന് തന്നെ കിട്ടും. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ബിയര്‍ മതിയെങ്കില്‍ അങ്ങനെ. തണുക്കാത്ത കാന്‍ ബിയര്‍ വേണമെങ്കില്‍ അതുമാകാം. ചെറുതായൊന്നു മിനുങ്ങി ജോലി കൂടുതല്‍ ആസ്വദിക്കാം. ബ്രിട്ടനിലെ 13 കമ്പനികളാണ് ജീവനക്കാര്‍ക്ക് ബിയര്‍ ഓഫറുമായി എത്തിയത്. പക്ഷേ അടിച്ച് ഓവറാക്കാം എന്ന് കരുതേണ്ട. പണി പോകും.

ജോലി കൂടുതല്‍ ആസ്വദിക്കുന്നതിനും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തുന്നതിനുമാണ് കമ്പനികളുടെ നീക്കം. പ്രൊഫഷണല്‍ ബന്ധത്തേക്കാള്‍ സാമൂഹ്യബന്ധം തൊഴിലാളികള്‍ക്കിടയില്‍ വളര്‍ത്താനും ബ്രിട്ടീഷ് കമ്പനികള്‍ ഇതുവഴി ലക്ഷ്യമിടുന്നു. ഉയര്‍ന്ന ഉല്‍പാദന ക്ഷമത കൈവരിക്കുകയാണ് കമ്പനികളുടെ സൗജന്യ ബിയര്‍ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഊഷ്മള ബന്ധം വഴി കൂടുതല്‍ നേട്ടം കൊയ്യാമെന്നും തൊഴിലുടമകള്‍ കരുതുന്നു.

ഉച്ചഭക്ഷണത്തിനിടയില്‍ കിട്ടുന്ന അല്‍പസമയം മാത്രമാണ് തൊഴിലാളികള്‍ക്ക് ജോലിത്തിരക്കില്‍ നിന്നൊഴിഞ്ഞ് സംസാരിക്കാന്‍ പോലും സമയം കിട്ടുന്നത്. അല്ലെങ്കില്‍ അവധി ദിവസത്തിലെ കൂട്ടായ്മയ്ക്ക് വേണ്ടി കാത്തിരിക്കണം. വലിയ കമ്പനികളിലാണ് ജോലിയെങ്കില്‍ അതിനുള്ള സമയം പോലും കിട്ടിയെന്നു വരില്ല. ആഴ്ചയില്‍ ഏഴു ദിവസവും ജോലി തന്നെ എന്നതാണ് കാരണം. അതുകൊണ്ട് തന്നെയാണ് ബിയറിനെ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗമായി കമ്പനികള്‍ കാണുന്നത്.

തൊഴിലാളികള്‍ക്കിടയില്‍ ജോലിക്കിടെ മാനസിക പിരിമുറുക്കം കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ കൂടി അടിസ്ഥാനത്തിലാണ് കമ്പനികളുടെ പുതിയ നീക്കം. ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലെന്‍ തൊഴിലവസര സൈറ്റാണ് ജോലിക്കിടയില്‍ ബിയര്‍ നല്‍കുന്ന 13 കമ്പനികളുടെ വിവരം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News