തൃശ്ശൂര്‍: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വീണ്ടും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ച രോഗിയുടെ ഹൃദയവുമായി തൃശ്ശൂരില്‍ നിന്ന് ഹൃദയം ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് പറക്കും. തൃശ്ശൂര്‍ ചെറുതുരുത്തി സ്വദേശി അശോകന്റെ ഹൃദയമാണ് എയര്‍ ആംബുലന്‍സ് വഴി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. എട്ടു മണിയോടെ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഹൃദയവുമായി ചെന്നൈയിലേക്ക് പുറപ്പെടും.

ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം രാമവര്‍മപുരം പൊലീസ് അക്കാദമിയിലേക്ക് എത്തിയ ശേഷം അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ഹൃദയം നെടുമ്പാശേരിയിലെത്തിക്കും. തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ ഹൃദയം ചെന്നൈയിലേക്ക് പറക്കുക. ചെറുതുരുത്തിയില്‍ നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആശോകന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ ചെറുതുരുത്തി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായ അശോകന്റെ കരളും വൃക്കയും കണ്ണുകളും ഇതോടൊപ്പം ദാനം ചെയ്യുന്നുണ്ട്.