നടുക്കുന്ന ഓര്‍മകള്‍ മാത്രം കൂട്ട്; ബീഫ് കഴിച്ചതിന് സംഘപരിവാര്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ കുടുംബം ദാദ്രി വിട്ടു

ദാദ്രി: ബീഫ് കഴിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബം നടുക്കുന്ന ഓര്‍മകളോടെ ദാദ്രി വിട്ടു. സുരക്ഷ കണക്കാക്കിയാണ് ദാദ്രിയിലെ വീട്ടില്‍ നിന്ന് ദില്ലിയിലെ വാടകവീട്ടിലേക്ക് കുടുംബം താമസം മാറ്റിയത്. അഖ്‌ലാഖിന്റെ മൂത്തമകന്‍ മുഹമ്മദ് സര്‍താജിന്റെ വ്യോമസേന പ്രദേശത്തേക്കാണ് കുടുംബത്തെയും മാറ്റിയത്. അഖ്‌ലാഖിന്റെ ഭാര്യ, മൂത്തമകനും വ്യോമസേനയില്‍ എന്‍ജിനീയറുമായ മുഹമ്മദ് സര്‍താജ്, മകള്‍ എന്നിവരാണ് താമസം മാറ്റിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇളയ മകന്‍ ഡാനിഷിനെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റി.

യുപിയിലെ ദാദ്രിയില്‍ ഹിന്ദുത്വവാദികള്‍ക്ക് തോക്ക് സമ്മാനിക്കുമെന്ന് ബിജെപി എംപി യോഗി ആധിത്യനാഥ് പറഞ്ഞു. പൊലീസിന്റെ ഭീഷണി വകവയ്ക്കരുതെന്നും വേണ്ടിവന്നാല്‍ തോക്ക് കൊണ്ടു തന്നെ മറുപടി നല്‍കണമെന്നും ആദിത്യനാഥ് ഗ്രാമീണരോട് ആഹ്വാനം ചെയ്തു. സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. ദാദ്രി സംഭവത്തെക്കുറിച്ച് യുപി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ച നടത്തി. അതേസമയം, മത-രാഷ്ട്രീയ നേതാക്കളുടെ ദാദ്രി സന്ദര്‍ശനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here