സമയമില്ലാത്തപ്പോള്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കേണ്ട; റെയില്‍വേയിലും ട്രെയിനില്‍ കയറി ടിക്കറ്റെടുക്കാവുന്ന സംവിധാനം വരുന്നു

ദില്ലി: ട്രെയിന്‍ യാത്രയ്ക്കായി വൈകി സ്‌റ്റേഷനിലെത്തുമ്പോള്‍ ടിക്കറ്റെടുക്കാന്‍ സമയമില്ലെങ്കില്‍ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. ട്രെയിനില്‍ കയറിയ ശേഷവും ടിക്കറ്റെടുക്കാവുന്ന സംവിധാനം കൊണ്ടുവരാന്‍ റെയില്‍വേ ആലോചിക്കുന്നു. ടിക്കറ്റ് പരിശോധകര്‍ക്കു കയ്യില്‍ കൊണ്ടുനടക്കാവുന്ന ഹാന്‍ഡ് ഹെല്‍ഡ് ടിക്കറ്റിംഗ് മെഷീന്‍ നല്‍കുന്ന പരിഷ്‌കാരം റെയില്‍വെ നടപ്പാക്കുന്നതോടെ ധൈര്യമായി ട്രെയിനില്‍ കയറി ഭാഗ്യം പരീക്ഷിക്കാം. സീറ്റ് ഒഴിവുണ്ടെങ്കില്‍ നിശ്ചിത തുക അധികം നല്‍കി ടിക്കറ്റ് വാങ്ങാം. ദീര്‍ഘദൂര ട്രെയിനുകളില്‍ വൈകാതെ പദ്ധതി നടപ്പാക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ പരിഗണനയിലുള്ള കാര്യമാണ് റെയില്‍വേ ഇപ്പോള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ വെയ്റ്റിംഗ് ലിസ്റ്റുള്ള ടിക്കറ്റുമായി യാത്ര ചെയ്യാന്‍ അനുവാദമുണ്ടെങ്കിലും ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നത് അനുവദനീയമല്ല. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. കാത്തിരിപ്പു ടിക്കറ്റുമായി യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് പരിശോധകര്‍ സ്വന്തം വിവേചനം അനുസരിച്ച് സീറ്റും ബര്‍ത്തും നല്‍കുന്നതാണ് രീതി. ഇത് അഴിമതിക്കും ആരോപണങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്.

എന്നാല്‍, പുതിയ സംവിധാന പ്രകാരം ടിക്കറ്റ് മെഷീനുകളില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്കു ലഭ്യമാകുന്നതു കൊണ്ടു പരിശോധകരുടെ ഭാഗത്തു നിന്നു വഴിവിട്ട നടപടികള്‍ക്കു സാധ്യത കുറയും. എങ്കിലും ടിക്കറ്റില്ലാതെ വണ്ടി കയറുന്നവര്‍ പരിശോധകനെ സമീപിച്ച് ആദ്യം തന്നെ വിവരമറിയിക്കണം. സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് തുകയ്ക്കു പുറമെ നിശ്ചിത അധിക തുകയും നല്‍കി ടിക്കറ്റ് വാങ്ങി വേണം യാത്ര തുടരാന്‍. റയില്‍വേ ശൃംഖലയില്‍ വൈ ഫൈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു റയില്‍വേയുടെ പ്രതീക്ഷ. രാജ്യത്തെ അഞ്ഞൂറോളം പ്രധാന സ്‌റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുന്നതിനു ഗൂഗിളുമായി റയില്‍വേ കരാറിലേര്‍പ്പെട്ടതു കഴിഞ്ഞ ദിവസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News