തിരുവനന്തപുരം: ഒരു സ്ത്രീയുടെ അനുഭവം യഥാതഥമായി ആവിഷ്‌കരിക്കാന്‍ സ്ത്രീയ്ക്കുമാത്രമെ സാധിക്കൂവെന്നും അതിന്റെ ഉദാഹരണമാണ് എന്നതാണ് ഇന്ദുമേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം എന്ന നോവലിന്റെ സവിശേഷത എന്നും ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍. നോവലിന്റെ പ്രകാശനം തിരുവനന്തപുരത്തു ഡിസി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥാകൃത്ത് ബി മുരളി പുസ്തകം ഏറ്റുവാങ്ങി.
സംഗീതത്തിന്റെ താളവും മനസിന്റെ ലയവും കടലിന്റെ പശ്ചാത്തലത്തില്‍ വിന്യസിക്കുന്നതാണ് ഇന്ദുമേനോന്റെ ആദ്യനോവല്‍ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം. കുട്ടിസ്രാങ്ക് എന്ന തന്റെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കടല്‍ അതിന്റെ ആഴത്തിലൂടെയും പരപ്പിലൂടെയും പ്രദാനം ചെയ്യുന്ന സ്വയംതിരിച്ചറിയലിന്റെ അനുഭൂതിയെ തനിക്ക് അനുഭവിക്കാനായിട്ടുണ്ടെന്നും അത്തരമൊരു അനുഭൂതി ഈ നോവലിലൂടെ സംവേദനം ചെയ്യാന്‍ ഇന്ദുമേനോനു സാധിക്കുന്നുണ്ടെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.
മലയാളം പരിചയിച്ച ശീലങ്ങളില്‍നിന്നും മാറിനടക്കുന്ന നോവലാണ് കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം എന്നു പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ബി. മുരളി അഭിപ്രായപ്പെട്ടു. ചിന്തയിലും ആഖ്യാനത്തിലും ശൈലിയിലും ഒക്കെ ഒരു ലാറ്റിനമേരിക്കന്‍ നോവലിനോടു കിടപിടിക്കുന്നൂ ഈ കൃതി എന്നും അദ്ദേഹം പറഞ്ഞു. കുറേനാള്‍ കടലിലൂടെ യാത്ര ചെയ്യുന്ന അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു ഈ നോവല്‍ എന്നു ചിത്രകാരനായ കെ. പി. മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയം ഒളിച്ചുകടത്തേണ്ട ഒന്നായിത്തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് പ്രതിരോധത്തിനുള്ള ഏകമാര്‍ഗമെന്ന നിലയായിരിക്കുന്നു ഇത്തരം ആവിഷ്‌കാരങ്ങളെന്ന് ഗ്രന്ഥകാരി ഇന്ദുമേനോന്‍ മറുപടിപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. യുവസാഹിത്യകാരന്മാര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദുമേനോന്റെ ആദ്യനോവലാണ് കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം. പ്രണയത്തിന്റെയും ജീവിതത്തിന്റെയും രതിയുടെയും മരണത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആവിഷ്‌കരിക്കുന്ന ഈ നോവല്‍ അഞ്ചു വ്യത്യസ്തമായ കവറുകളിലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here