സ്ത്രീകളെ അടുക്കളയില്‍തന്നെ തളച്ചിടാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാരേ… നിങ്ങള്‍ ഭയപ്പെട്ടോളൂ… ഞങ്ങള്‍ ശബ്ദിച്ചുതുടങ്ങിയിരിക്കുന്നു

deepa-teacher

സംഘപരിവാറിന്റെ സ്ത്രീവിരുദ്ധത എക്കാലവും പ്രകടമാണ്. തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്ത് ഒരു സ്ത്രീയായതുകൊണ്ടും, ഒരു സ്ത്രീ തന്റെ നിലപാട് തുറന്നുപറഞ്ഞതുകൊണ്ടും ആണ്‍കോയ്മാ വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുന്നവര്‍ അസഹിഷ്ണാരാകുന്നുണ്ട്. ബീഫ് കഴിച്ചു എന്നാരോപിച്ച് രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ പിതാവിനെ സംഘപരിവാര്‍ ക്രൂരമായി കൊന്നതില്‍ പ്രതിഷേധിച്ചു കേരളവര്‍മയില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു പോസ്റ്റ് ഇട്ടു എന്ന കാരണത്താല്‍ സംഘപരിവാര്‍ അനുഭാവികളുടെ ഭീഷണിക്കും സൈബര്‍ ആക്രമണത്തിനും ഇരയാവുകയാണ് ദീപാനിഷാന്ത് എന്ന മലയാളം അദ്ധ്യാപിക.

പെണ്ണ് തന്റെ നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ തങ്ങളുടെ ആര്‍ഷഭാരത സംസ്‌കാരത്തിന് വിള്ളല്‍ വീഴുമെന്നും അവ ഒലിച്ചു പോകുമെന്നും ചില സംഘിക്കോമരങ്ങള്‍ കരുതുന്നു. വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുകയും ക്ഷേത്ര ആചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടതെന്നും ഉറക്കെ പ്രഖ്യാപിക്കുകയാണ് ദീപ ചെയ്തത്. സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നതു സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും സ്ത്രീയുടെ നിഴല്‍ പോലും അശുദ്ധമാണെന്നുമുള്ള പ്രസ്താവനകളില്‍ മറ്റൊരു ചൂണ്ടിക്കാട്ടലാണ് ബീഫ് ഫെസ്റ്റ് നടത്തിയവരെക്കാളും അതിനെ അനുകൂലിച്ച ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കം ബാധിച്ച മതാന്ധതയുടെ ചങ്ങലക്കെട്ടുകളുമായി രാജ്യഭരണം കൈയാളുന്നവര്‍ ആണ്‍മേല്‍ക്കോയ്മാ പ്രത്യേയശാസ്ത്രത്തിന്റെ വക്താക്കളാണ്. സോഷ്യല്‍ മീഡിയ വഴി ഒരു സ്ത്രീ അഭിപ്രായം തുറന്നു പറയുകയും അത് ശ്രദ്ധയാര്‍ജ്ജിക്കുകയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും ചര്‍ച്ചചെയ്തപ്പോഴുണ്ടായ ഒരു ആണ്‍ അസൂയ മാത്രമായും അവര്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ വിലയിരുത്താം.

പുറംലോകം സ്ത്രീകള്‍ക്ക് അനുവദനീയമല്ല എന്നതിന്റെ ദൃഷ്ടാന്തമാണ്‌ കാവിരാഷ്ട്രീയത്തിന്റെ പേക്കൂത്തുകള്‍. സ്ഥിതസംസ്‌കാരത്തില്‍, ഫ്യൂഡല്‍ വ്യവസ്ഥ്യയില്‍ പ്രാന്തവത്കരിക്കപ്പെട്ട ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന്സ്ത്രീകള്‍ക്ക് പുറംലോക വിജ്ഞാനങ്ങള്‍ വേണ്ടിയിരുന്നില്ല. എന്നാല്‍ കാലോചിതമായ മാറ്റം സ്ത്രീ ധര്‍മത്തിലും മാറ്റമുണ്ടാക്കി. ശരീരം മാത്രമായി ഒതുക്കപ്പെട്ട സ്ത്രീ മനസ്സുള്ള വ്യക്തിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ‘അടുക്കളയില്‍നിന്നും അരങ്ങത്തേക്കെന്നപോലെ.’ എന്നാല്‍ ആധിപത്യഭരിതമായ അഭിനിവേശം പുലര്‍ത്തുന്ന സംഘപരിവാര്‍ അധികാരങ്ങള്‍ക്ക് അത് അസഹനീയമായിരുന്നു എന്നു വേണം കരുതാന്‍. അതിനാല്‍തന്നെ അരങ്ങത്തുനിന്നും അടുക്കളയില്‍ മാത്രം സ്ത്രീയെ തളച്ചിടാന്‍ ശ്രമിക്കുകയാണ് അവര്‍.

ശ്രീദേവി എസ് കര്‍ത്തയും ദീപാനിശാന്തും ഫാസിസം കേരളമണ്ണില്‍ എത്തിനില്‍ക്കുന്നു എന്ന് ഓര്‍മപ്പെടുത്തുകയാണ്. എന്ത് കഴിക്കണം? എന്ത് കഴിക്കേണ്ട? എന്ത് ധരിക്കണം? എന്ത് ധരിക്കേണ്ട? മുതലായ വ്യക്തി സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിധം ഫാസിസം ഓരോ വീട്ടുപടിക്കലും വന്നുനിന്നു പല്ലിളിച്ചു കാണിക്കുന്നുണ്ട്. ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. കേന്ദ്രഭരണത്തിന്റെ ഗര്‍വ്വില്‍ അവര്‍ കലാകാരന്മാരേയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സ്ത്രീ ശബ്ദങ്ങളെയും വേട്ടയാടുകയാണ്.

അധ്യാപിക പഠിപ്പിച്ചാല്‍ മാത്രം മതിയെന്നും ഗോമാംസം കഴിക്കുന്ന ചണ്ഡാലിനിയാണോ അധ്യാപിക എന്നും യുവത്വത്തോടുള്ള കഴപ്പാണ് ഈ പ്രസ്താവന എന്നൊക്കെ പുലമ്പുന്നവര്‍ സ്ത്രീ ശബ്ദത്തെ ഭയപ്പെടുന്നു. അരുന്ധതി ബി പറഞ്ഞതു പോലെ ‘ആണ് മാത്രം രാഷ്ട്രീയം പറയുന്ന, ആണ് മാത്രം ശരീരത്തെ ആഘോഷിക്കുന്ന, ആണ് മാത്രം ലഹരിയെ കുറിച്ചെഴുതുന്ന ഒരു ആണിടമായി സോഷ്യല്‍മീഡിയയെ നിലനിര്‍ത്താന്‍ അധ്വനിക്കുന്നുണ്ട് ഒരുപാട് പേര്‍. ഇതിനിടയില്‍ ഒച്ചയിടുന്ന പെണ്ണിന് ഓരോ ദിവസവും സമരമാണ്’.

ജനാധിപത്യത്തെ മാനിക്കുന്ന സംസ്‌കാരത്തിനായി മനുഷ്യസ്‌നേഹികള്‍ കൈകോര്‍ത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

നിങ്ങളുടെ മൗനമാണ്
ഫാസിസത്തിന്റെ
വിളവു നിലം
നിങ്ങളുടെ ഭയമാണ്
അവയെ നനച്ചു
വളര്‍ത്തുന്നത്
നിങ്ങളുടെ വിറയ്ക്കുന്ന
കരങ്ങളാണ്
അവയെ താങ്ങിനിര്‍ത്തുന്നത്
പിന്നോട്ടു പായുന്ന
നിങ്ങളുടെ പാദങ്ങളാണ്
അവയെ മുന്നോട്ടു
നയിപ്പിക്കുന്നത്
നിങ്ങളുടെ വിറയാര്‍ന്ന
സ്വരമാണ്
അവരെ അട്ടഹസിക്കുന്നവരാക്കിയത്
നിങ്ങളുടെ കുനിഞ്ഞ
തലകള്‍ കണ്ടാണ്
അവരുടെ ബൂട്ടുകള്‍
ചവിട്ടിയരയ്ക്കാന്‍ പായുന്നത്
നിങ്ങള്‍ ശബ്ധിച്ചാല്‍…,
നിങ്ങള്‍ ഭയപ്പെടാതിരുന്നാല്‍…,
മുഷ്ടി ചുരുട്ടി…,
തലയുയര്‍ത്തി നിന്നാല്‍…,
അവര്‍
പേടിച്ചോടുകതന്നെ ചെയ്യും
പ്രിയ സംഘപരിവാറുകാരെ… നിങ്ങള്‍ ഭയപ്പെട്ടോളൂ ..ഞങ്ങള്‍ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News