തിരുവനന്തപുരം: സമുദായ അംഗങ്ങളുടെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ തട്ടിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത് വന്നു. സംസ്ഥാന പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്റെ ചെലവില്‍ മൈക്രോഫിനാന്‍സ് വഴി സമുദായാംഗങ്ങളില്‍ നിന്ന് അധിക പലിശ വാങ്ങി വെള്ളാപ്പള്ളി നടേശന്‍ തട്ടിയെടുത്തത് 2 കോടിയോളം രൂപ. ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു.
2007 മുതല്‍ 2010 വരെ 3 വര്‍ഷം പിന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് വെള്ളാപ്പള്ളി നടേശന്‍ വാങ്ങിയത് 7 കോടി 85 ലക്ഷം രൂപ. ഇതിന് കോര്‍പ്പറേഷന്‍ വെള്ളാപ്പള്ളിയില്‍ നിന്ന് ഈടാക്കുന്നത് 2 ശതമാനം പലിശ. എസ്എന്‍ഡിപിയുടെ സ്വയം സഹായ സംഘങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് പരമാവധി ഈടാക്കാവുന്നത് 5 ശതമാനം പലിശ മാത്രം.
എന്നാല്‍ മൈക്രോഫിനാന്‍സ് വഴി വെള്ളാപ്പള്ളി നടേശന്‍ ഈടാക്കിയതാകട്ടെ 12 ശതമാനം പലിശയും. 7 ശതമാനം പലിശ അധികം ഈടാക്കിയതിലൂടെ 3 വര്‍ഷം കൊണ്ട് വെള്ളാപ്പള്ളി നടേശന് ലഭിച്ച കൊള്ള പലിശ ഒരു കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപ. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി ക്കു കീഴിലുള്ള സ്വയം സഹായ സംഘങ്ങളില്‍ നിന്ന് 12 ശതമാനം പലിശയാണ് ഈടാക്കിയതെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് നല്‍കുന്ന പണത്തിന് കൊള്ളപ്പലിശ വാങ്ങിയിട്ടും വെള്ളാപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ പിന്നോക്ക സമുദായ കോര്‍പ്പറേഷന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പണം ഏത് പദ്ധതിക്കായി വിനിയോഗിച്ചു എന്ന കാര്യം പരിശോധിക്കാനും കോര്‍പ്പറേഷന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പിന്നാക്ക സമുദായ കോര്‍പ്പറേഷന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും 2014ല്‍ 5 കോടി രൂപ കൂടി കോര്‍പ്പറേഷന്‍ വെള്ളാപ്പള്ളിക്ക് നല്‍കി എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here