എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധത്തിന് ഒത്താശ ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി; എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണം

കോഴിക്കോട്:എസ്എന്‍ഡിപിയും ആര്‍എസ്എസുമായുള്ള അവിശുദ്ധ ബാന്ധവത്തിന് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിലൂടെ ഉമ്മന്‍ചാണ്ടി എസ്എന്‍ഡിപിയില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന് ആവശ്യം കേരളത്തില്‍ അക്കൗണ്ട് തുറക്കലാണ്. എന്നാല്‍, വിനാശകാലേ വിപരീതബുദ്ധി എന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കും. എസ്എന്‍ഡിപി നോമിനികള്‍ രാജിവയ്ക്കണമെന്നും പിണറായി വിജയന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-എസ്എന്‍ഡിപി കൂട്ടുകെട്ടിനാണ് നീക്കം. എസ്എന്‍ഡിപിയെ ആര്‍എസ്എസ് പാളയത്തില്‍ എത്തിച്ചതിനെ വിമര്‍ശിച്ച സുധീരനെ വളരെ മോശമായ രീതിയിലാണ് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചത്. എന്നാല്‍, ഇതിനെതിരെ യുഡിഎഫില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പോലും ഉമ്മന്‍ചാണ്ടി ഇടപെട്ട് വഴിതിരിച്ചു വിട്ടത് ഇതിന് ഉദാഹരണമാണ്. മുഴുന്‍ ഘടകകക്ഷികളും വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അതിനെ എതിര്‍ത്തതും ഗൗരവത്തില്‍ എടുക്കേണ്ടെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിയായിരുന്നു. ആര്‍എസ്എസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്. എന്നാല്‍, അരുവിക്കര അല്ല കേരളം മുഴുവന്‍ എന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും എസ്എന്‍ഡിപിയും കൂട്ടുകെട്ടാണെന്നതിന് തെളിവാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ രാജിവയ്ക്കാത്തത്. കേരളത്തില്‍ യുഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും യുഡിഎഫ് എന്ന നിലയില്‍ മത്സരിക്കില്ലെന്ന് ഘടകകക്ഷികള്‍ തന്നെ തുറന്നു പറയുന്ന സ്ഥിതിവന്നിരിക്കുന്നു. ചിലയിടത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അടിയാണ്. ചിലയിടത്ത് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News