അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിക്കും പിതാവിനും എതിരെ നികുതി വെട്ടിപ്പിന് സ്പാനിഷ് കോടതി കേസെടുത്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 22 മാസം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് മെസ്സിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്പാനിഷ് സര്‍ക്കാരിന് നികുതിയിനത്തില്‍ 42 ലക്ഷം യൂറോ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. 2007 മുതല്‍ 2009 വരെയുള്ള നികുതിയുടെ കണക്കാണിത്. ബാഴ്‌സലോണയിലെ വിലാനോവയിലെ കോടതിയിലായിരിക്കും കേസിന്റെ വിചാരണ പുരോഗമിക്കുക. എന്നാല്‍, താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് അച്ഛനാണെന്നിരിക്കെ മെസ്സി ഇക്കാര്യത്തില്‍ തെറ്റുകാരനാവില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
മെസ്സിയുടെ ഇമേജും മറ്റും നോക്കുന്ന ലിയോ മെസ്സി മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പ്രകാരം മെസ്സിയുടെ ടീം ഇക്കാര്യത്തില്‍ അടുത്തയാഴ്ച തന്നെ വേണ്ട തെളിവുകള്‍ ഹാജരാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ഈ തെളിവുകള്‍ തെളിയിക്കുമെന്നും കമ്പനി അറിയിച്ചു. 22 മാസം തടവ് അനുഭവിക്കേണ്ടി വരില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. 2013-ല്‍ കേസുണ്ടായപ്പോള്‍ 50 ലക്ഷം യൂറോ സര്‍ക്കാരിലേക്ക് അടച്ചതിന് തെളിവുണ്ട്.
കഴിഞ്ഞമാസമാണ് മെസ്സിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ആയുധം കൈവശം വച്ചതിനും പൊലീസിനോട് തട്ടിക്കയറിയതിനുമായിരുന്നു ഇത്. ജോര്‍ജ് മെസ്സിക്ക് 18 മാസം തടവും 20 ലക്ഷം യൂറോ പിഴയുമാണ് കോടതി വിധിച്ചത്.

Get real time update about this post categories directly on your device, subscribe now.