ദീപ നിശാന്തിനെതിരെ നടപടിയില്ല; പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന ദീപ വിദ്യാര്‍ഥികളെ ചേരിതിരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം; കാമ്പസില്‍ ക്ഷേത്രമില്ല

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റും തുടര്‍ന്നുണ്ടായ വിവാദത്തിലും അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയെടുക്കേണ്ടെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കുട്ടികള്‍ കോളജില്‍ മാംസാഹാരം കൊണ്ടുവരാന്‍ പാടില്ലെന്നു നിര്‍ദേശിച്ചിട്ടില്ലെന്നും എന്നാല്‍ കാന്റീനില്‍ മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരുമെന്നും ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം അറിയിച്ചു. ദീപ നിശാന്തിനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നു ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

കോളജില്‍ ക്ഷേത്രമില്ലെന്നും ആല്‍ത്തറയില്‍ വിളക്കുകത്തിക്കുന്ന പതിവു മാത്രമാണുള്ളതെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. എസ്എഫ്‌ഐയുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ കാമ്പസില്‍ അക്രമം നടത്തിയെന്ന എബിവിപിയുടെ പരാതിയില്‍ കഴമ്പില്ലെന്നും ദേവസ്വം ബോര്‍ഡ് കണ്ടെത്തി. ബീഫ് ഫെസ്റ്റും അതിക്രമവും നടക്കുമ്പോള്‍ ദീപ നിശാന്ത് പരീക്ഷാ ഡ്യൂട്ടിയിലായിരുന്നുവെന്നും അക്രമത്തില്‍ അവര്‍ക്കു പങ്കില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടെത്തല്‍. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തി.

കാമ്പസില്‍ നടത്തിയ ബീഫ് ഫെസ്റ്റിനു പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമമുണ്ടാവുകയും യൂണിയന്‍ ഓഫീസ് കത്തിക്കുകയും ചെയ്തിരുന്നു. കാമ്പസില്‍ അക്രമം നടത്തിയതിനെതിരായ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ വന്‍ വിവാദമുണ്ടായിരുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ദീപയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതിനെതിരേ സോഷ്യല്‍ മീഡിയ ശക്തമായ നിലപാടെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here