അതിരുകടന്ന സൈബര്‍ പോര്‍ണോഗ്രഫിയ്ക്ക് കാരണം പുരുഷന്റെ കാമാസക്തി; ഗൂഗിള്‍ ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ ഓഫീസുകളില്‍ സാന്നിധ്യം അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ സിബിഐ

ദില്ലി: രാജ്യത്തെ അതിരുകടന്ന സൈബര്‍ പോര്‍ണോഗ്രഫിയ്ക്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിനും കാരണം പുരുഷന്മാരുടെ കാമാസക്തിയെന്ന് സിബിഐ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സൈബര്‍ കുറ്റകൃത്യം സംബന്ധിച്ച് സിബിഐ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് പുരുഷന്മാരുടെ ജനസംഖ്യ കൂടുതലാണ്. ഇതില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അതിരുകടന്ന കാമാസക്തിയുള്ളവരാണ്. ഇത്തരക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയുന്നത് അശ്ലീലതയാണ്. അതിരുകടന്ന സൈബര്‍ അശ്ലീലത നിയന്ത്രിക്കുക എളുപ്പമല്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സൈബര്‍ ആക്രമണം രാജ്യത്ത് എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നു. ഇതില്‍ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യവും പ്രകടമാണ്. ഇന്റര്‍നെറ്റ് ലോകത്ത് ഇന്ത്യ ഏറ്റവും വലിയ കമ്പോളമാണ്. അതുകൊണ്ടുതന്നെ ഒരു വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്താല്‍ ആവശ്യക്കാര്‍ മറ്റൊന്നിലേക്ക് മാറും. ഇത്തരം വെബ്‌സൈറ്റുകള്‍ കണ്ടെത്തുക എളുപ്പമല്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രാജ്യവ്യാപക അന്വേഷണം നടത്താനും കുറ്റക്കാരെ പ്രൊസിക്യൂട്ട് ചെയ്യാനും കഴിയുന്ന ഏജന്‍സിയാക്കി സിബിഐയെ മാറ്റണം. സൈബര്‍ മേഖലയിലെ പ്രധാന കുറ്റവാളികളെല്ലാം വിദേശത്ത് നിന്നാണ് പ്രവര്‍ത്തനം. ഇവരെ നേരിടാന്‍ കൂടുതല്‍ പരിശീലനം ആവശ്യമാണ്. അധികാരപരിധിക്കപ്പുറത്തുനിന്ന് സിബിഐയ്ക്ക് ഇടപെടേണ്ടിവരും. സൈബര്‍ സെക്‌സ് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങല്‍ അന്വേഷിക്കാന്‍ കഴിയുന്ന ഏജന്‍സിയായി സിബിഐഎ മാറ്റണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കയിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മാതൃകയില്‍ സിബിഐ മാറണം. കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, യാഹൂ തുടങ്ങിയ സേവന ദാതാക്കളുടെ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിക്കനാകണം. ഇതില്‍ പ്രത്യക പരിശീലനം ആവശ്യമാണെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. വന്‍ സേവനദാതാക്കളുടെ ആസ്ഥാനത്ത് എഫ്ബിഐ അവരുടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പ്രൊസിക്യൂഷന് എളുപ്പത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇത് സഹായിക്കുമെന്നും സിബിഐ അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നത് തടയാന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയേ കഴിയൂവെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here