കൊച്ചി: ഐഎസ്എല്ലിൽ രണ്ടാം മത്സരത്തിനിറങ്ങുന്ന കേരളവും ആരാധകരും വലിയ പ്രതീക്ഷയിലാണ്. ആദ്യ മത്സരത്തിലെ ആധികാരിക ജയം അത്രത്തോളം ആത്മവിശ്വാസം നൽകിയിട്ടുണ്ട് നമുക്ക്. ജോസു കുറൈസ് തുടങ്ങിവെച്ച വിപ്ലവം മൂന്ന് അടിച്ചാണ് കേരളം അവസാനിപ്പിച്ചത്. അവസരങ്ങൾ ഒരുക്കിയിട്ടും ഗോൾ പിറക്കാതെ കാണികൾ നിരാശരായ ആദ്യപകുതിക്കു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിറഞ്ഞാട്ടം.
കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വരവ്. പ്രഥമ ഐഎസ്എലിൽ ഗോളടിക്കാൻ മുന്നേറ്റത്തിൽ ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞത് സീസൺ പകുതി എത്തിയപ്പോൾ മാത്രമാണ്. ഇവിടെ കാര്യങ്ങൾ ആശാവഹമാണ്. ഒരാൾ നിറം മങ്ങിയാൽ മുന്നേറ്റത്തിലേക്ക് മറ്റൊരാൾ എത്തുന്നു. മുഴുവനായി കേരള ബ്ലാസ്റ്റേഴ്‌സിനെ വിലയിരുത്താൻ സമയമായിട്ടില്ല. എങ്കിലും പുതിയ സ്‌ട്രൈക്കർമാർ മിടുക്കരാണ്. ഗോളിലേക്ക് കൃത്യമായി ലക്ഷ്യം വയ്ക്കാൻ അവർക്ക് കഴിയുന്നു. ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമാണ് കേരളമെന്ന് പറഞ്ഞാൽ അത് സമ്മതിച്ചാലും തെറ്റില്ല. നാല് വിദേശ താരങ്ങളെ (ഗോൾ കീപ്പർ അടക്കം) പ്രതിരോധത്തിൽ അണിനിരത്തിയ ഏക ടീം കേരളമാണ്. മധ്യ നിരയിൽ രണ്ടും മുന്നേറ്റത്തിൽ ഒന്നും വിദേശ സാന്നിധ്യമാണ് ആദ്യ മത്സരത്തിൽ കണ്ടത്.
ആദ്യ പകുതിക്ക് ശേഷം രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ ഒരു പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞേക്കാം. ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് ആദ്യ സീസണിൽ കണ്ടതും ഇതേ രണ്ടാം പകുതിയിലായിരുന്നു. തുടക്കം അതലറ്റിക്കോ ഡി കൊൽക്കത്തയുടേതും. രണ്ടാം സീസണിലെ ആദ്യ പോരാട്ടം ഗംഭീരമാക്കിയത് ഒരു പക്ഷെ കേരളത്തിന് ആത്മവിശ്വാസം നൽകിയേക്കാം. മുംബൈക്കെതിരായ പോരാട്ടത്തിൽ നേരിയ മുൻതൂക്കവും കേരളത്തിനാണ്. മുന്നേറ്റ നിര സന്തുലിതമാണ്. മുഹമ്മദ് റാഫിയുടെ സാന്നിധ്യം കേരളത്തിലെ കളി ആരാധകർക്ക് അവേശമാകും. തുടക്കം തന്നെ ഗോൾ നേടിയത് റാഫിക്കും അത്മവിശ്വാസം നൽകും. മുന്നേറ്റങ്ങളിൽ ചില സമയങ്ങളിലെങ്കിലും നിറം മങ്ങുന്നത് റാഫി ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ കളിയിൽ ഗോൾ നേടിയെങ്കിലും സാഞ്ചസ് വാട്ടിന് മുംബൈക്കെതിരെ ആദ്യ ഇലവനിൽ സ്ഥാനം കിട്ടാൻ ഇടയില്ല. ക്രിസ് ഡക്‌നൽ തന്നെയാകും റാഫിക്കൊപ്പം മുന്നേറ്റ നിരയിൽ. ഗോൾ വരൾച്ചയുണ്ടായാൽ ആദ്യ പോരാട്ടത്തിലെന്നപോലെ സാഞ്ചസ്? രണ്ടാം പകുതിയുടെ തുടക്കം തന്നെ കളത്തിലെത്തും.
ഇനിയും ഒത്തിണങ്ങിയിട്ടില്ലാത്ത മധ്യനിരയെ ബ്ലാസ്റ്റേഴ്‌സിന് ശ്രദ്ധിക്കേണ്ടതുണ്ട്. വരും മത്സരങ്ങളിൽ മധ്യനിരയിലെ ചെറിയ പാകപ്പിഴകൾ പരിഹരിച്ചില്ലെങ്കിൽ അത് സച്ചിന്റെ കുട്ടികൾക്ക് തലവേദന സൃഷ്ടിക്കും. മറുവശത്ത് മാർക്വീ താരം നിക്കോളാസ് അനൽക്കെയിലൂടെയാകും മുംബൈയുടെ ആക്രമണങ്ങൾ. കഴിഞ്ഞ സീസണിൽ കേരളത്തിന്റെ മണ്ണിൽ നിക്കോളാസ് അനൽക്കയുടെ ഒരു സുന്ദരഗോളുണ്ടായിരുന്നു. പക്ഷെ ആദ്യമത്സരത്തിലെന്ന പോലെ അനൽക്കെ പരിശീലന സ്ഥാനത്തേക്ക് ഒതുങ്ങുകയും ചെയ്യാം. ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഒന്നാം നമ്പർ ഗോളി സുബ്രതോ പാൽ എന്നിങ്ങനെ ആദ്യ ഇലവനിലെ അഭാവം അവർക്ക് തിരിച്ചടിയാണ്.
ഫ്രഞ്ച് താരം ഫെഡറിക് പിക്വോനിയാണ് നിലവിൽ അവരുടെ മുന്നേറ്റത്തിൽ അണിനിരക്കുന്ന താരം. ഗുർവീന്ദറും, ബ്രൂണോ പെറോണും. പീറ്റർ റാമേജും ചേർന്നുള്ള പ്രതിരോധത്തിന് ഫെഡറിക്കിനെ തടയുക എന്നത് അനായാസമായ കാര്യമാണ്. സന്ദേശ് ജിങ്കാനും, കാർലോസ് മർച്ചേനയും ഇല്ലാതിരുന്നിട്ടും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നോർത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനമായിരുന്നു നടത്തിയത്. സന്ദേശ് ജിങ്കാനും, ലോബോയും മുംബൈക്കെതിരെയും ഉണ്ടാകില്ല. കേരളത്തിന്റെ മൂന്നാം മത്സരത്തിൽ ഡിഫെൻഡർ മർച്ചേന തിരികെയെത്തും. ഒരു പക്ഷെ മധ്യനിരിയിലാകും മർച്ചേനയുടെ സ്ഥാനം. പീറ്റർ കാർവാലോ പരുക്കിൻറെ പിടിയിലാണ്. എന്നാൽ ഫ്രാൻസ് ബെർറ്റിനും, ഡാരൻ ഒഡിയയും, ഉൾപ്പെട്ട മുംബൈ പ്രതിരോധം പുനൈ സിറ്റിക്കെതിരെ തകർന്നടിഞ്ഞു. പിഴവുകൾ ആവർത്തിച്ചാൽ കേരളത്തിന്റെ ആക്രമണ നിര ഗോൾ മഴ പെയ്യിക്കുമെന്നുള്ളത് ഉറപ്പ്. ഗോൾ വലയ്ക്ക് മുന്നിലെ സ്റ്റീഫൻ ബെയ് വാട്ടറുടെ സാന്നിധ്യം നിർണായമാണ്. നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോൾ വഴങ്ങിയെങ്കിലും കൊച്ചിയിൽ ഇംഗ്ലണ്ടുകാരന്റെ പ്രകടനം മികച്ചതായിരുന്നു. മധ്യനിരയിൽ മെഫ്താഫ് ഹുസൈനും, സികെ വിനീതും വിദേശ താരങ്ങളുടെ വേഗതയ്ക്ക് ഒപ്പം എത്തിത്തുടങ്ങി. ആദ്യ മത്സരത്തിൽ അവസാന നിമിഷം മാത്രം കളത്തിലിറങ്ങിയ കോയിമ്പ്രയും, ബെഞ്ചിലിരുന്ന അൻറോണിയോ ജെർമനും, ഇഷ്താഖ് അഹമ്മദുമെല്ലാം പരിശീലകന്റെ രഹസ്യ ആയുധങ്ങളാകാം.
നിറഞ്ഞു കവിയുന്ന കാണികളെ നേരിടുക എന്ന ആയാസകരമായ ജോലികൂടി ഏറ്റെടുക്കേണ്ടിവരും മുബൈക്ക്. കേരളത്തിന്റെ ആരാധകർക്ക് അത്രത്തോളം വലിയൊരു സ്ഥാനമുണ്ട് മത്സരത്തിൽ. കളിയുടെ ഗതിയെ നിയന്ത്രിക്കാൻ പോലും അവർക്ക് കഴിയും. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന അറുപതിനായിരത്തിലേറെ ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിലെ പന്ത്രണ്ടാമനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here