ദാദ്രി ആവർത്തിക്കുന്നു; യുപിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചു; രണ്ടു പേർക്ക് ഗുരുതരപരുക്ക്; സംഘർഷാവസ്ഥ തുടരുന്നു

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ മൈൻപുരിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം ആക്രമിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ആഗ്രയിൽ നിന്ന് നൂറുകിലോമീറ്റർ അകലെയുള്ള മൈൻപുരിയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നാലു യുവാക്കൾ ചേർന്ന് പശുവിനെ കൊന്നു തൊലിയുരിക്കുന്നതു കണ്ടെന്ന കിംവദന്തി പരന്നതോടെയാണ് സംഭവത്തിന് തുടക്കമായത്. തുടർന്ന് പെട്ടെന്ന് ജനക്കൂട്ടം നാലുപേരെയും ലക്ഷ്യമാക്കി എത്തുകയായിരുന്നു. ഇവരിൽ രണ്ടുപേരെ ജനക്കൂട്ടം പിടികൂടുകയും മറ്റു രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പിടികൂടിയ റഫഖ്, ലാല എന്നീ യുവാക്കളെയാണ് ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്.

എന്നാൽ അതു ചത്ത പശുവായിരുന്നെന്നും തൊലിയുരിച്ചെടുക്കാൻ പശുവിന്റെ ഉടമ അനുവദിച്ചതിനെ തുടർന്നാണ് യുവാക്കൾ അതിന് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഈ വിശദീകരണത്തിൽ തൃപ്തരാകാത്ത ജനക്കൂട്ടം വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പശുവിനെ കൊന്നവരെ നിയമപരമായി ശിക്ഷിക്കണമെന്ന് ജനക്കൂട്ടം ആവശ്യപ്പെട്ടു. വെറും ആരോപണത്തിന്റെ പേരിൽ അവരെ ശിക്ഷിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് നേരെയും ആക്രമം നടത്തി. സംഭവത്തിൽ ഏഴു പൊലീസുകാർക്ക് പരുക്കേറ്റു. രണ്ടു പൊലീസ് വാഹനങ്ങളും അവർ അഗ്‌നിക്കിരയാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

പശുവിന്റേത് സ്വാഭാവിക മരണം തന്നെയായിരുന്നെന്നും തുകൽ നിർമ്മാണശാലയിൽ കൊടുക്കാൻ അതിന്റെ തൊലിയുരിക്കുകയായിരുന്നെന്നും ആഗ്ര മേഖല ഐജി. ഡിസി മിശ്ര അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഐജി അറിയിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം യുവാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News