പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ രണ്ടാമതൊരു വേഷത്തിന് അനുപമ തയ്യാറായിട്ടില്ലെങ്കിലും തെലുങ്കിൽ താരത്തിന് തിരക്കേറുകയാണ്. എന്നാൽ ഏത് വേഷമാണെങ്കിലും കംഫർട്ടബിൾ ലെവൽ വിട്ട് ഒരു വേഷവും താൻ ചെയ്യില്ലെന്ന് അനുപമ പറയുന്നു.
മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ തെലുങ്ക് സിനിമയിൽ ഗ്ലാമർ വേഷങ്ങൾ അധികമാണെന്ന് തനിക്കറിയാം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചിട്ടേ വേഷങ്ങൾ തെരഞ്ഞെടുക്കൂയെന്നും ശരീരപ്രദർശനത്തിന് താൻ തയ്യാറാകില്ലെന്നും അനുപമ പറയുന്നു. ഗ്ലാമറായ വേഷങ്ങൾ ധരിക്കാൻ തന്നെ നിർബന്ധിക്കില്ലെന്ന് സംവിധായകർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അനുപമ പറയുന്നു.
പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് അറിയാം. എന്നാൽ ഇപ്പോൾ ഈ സിനിമ ചെയ്യേണ്ട സമയമാണെന്നും കരാറിൽ ഏർപ്പെട്ട ചിത്രങ്ങൾ പൂർത്തിയാക്കിയാൽ പഠനം തുടരുമെന്നും അനുപമ പറഞ്ഞു. പ്രേമത്തിന്റെ റീമേക്ക് അടക്കം മൂന്ന് ചിത്രങ്ങളാണ് അനുപമയെ തെലുങ്കിൽ കാത്തിരിക്കുന്നത്. നാഗ ചൈതന്യ ജോർജ്ജായി എത്തുന്ന പ്രേമം റീമേക്ക്. നിതിനും സമാന്തയും അഭിനയിക്കുന്ന അ ആ എന്ന ചിത്രം, രവി തേജ നായകനാകുന്ന പുതിയ ചിത്രം എന്നിവയാണ് തെലുങ്കിൽ അനുപമയെ കാത്തിരിക്കുന്നത്. മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണത്തിനായി ഈ മാസം തന്നെ അനുപമ ഹൈദരാബാദിലേക്ക് തിരിക്കും.

Get real time update about this post categories directly on your device, subscribe now.