ഏറെ ചര്‍ച്ചചെയ്യപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത് ഒരാള്‍പൊക്കം എന്ന സിനിമയ്ക്ക് ശേഷം പ്രമേയത്തിലും അവതരണത്തിലും വൈവിധ്യവുമായി എത്തുകയാണ് സനല്‍കുമാര്‍ ശശിധരന്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയില്‍ സാനിധ്യമറിയിച്ച സനല്‍കുമാര്‍ സിനിമ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ്.
? ആദ്യ സിനിമയായ ഒരാള്‍പൊക്കം ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ അംഗീകരിക്കപ്പെടുകയും പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. രണ്ടാമത്തെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍
ഉണ്ണി ആര്‍ എഴുതിയ ഒഴിവുദിവസത്തെ കളി എന്ന ചെറുകഥയ്ക്ക് അതേപേരില്‍ തന്നെയാണ് ചലച്ചിത്ര ഭാഷ്യം രചിച്ചിരിക്കുന്നത്. നാല് സുഹൃത്തുകളുടെ ഒഴിവുദിവസത്തെ ഒത്തുചേരലുകളും അവരുടെ ജീവിതത്തിലേക്ക് പ്രതീക്ഷിതവും അപ്രതീക്ഷിതവുമായി എത്തിച്ചേരുന്ന സംഭവവികാസങ്ങളുമാണു ചിത്രം പറയുന്നത്. ഒരു ഒത്തുചേരല്‍ എന്നതിനപ്പുറം സമകാലികമായ രാഷ്ട്രീയം തന്നെയാണു ചിത്രം ചര്‍ച്ചചെയ്യുന്നത്. പല ലെയറുകളുടെ വായനയും വ്യാഖാനവും. പ്രേക്ഷകനു മുന്നിലുണ്ട്. ഒരാള്‍ പൊക്കത്തിന്റെ സബജക്ട് ആഴമുള്ളതായിരുന്നു. എന്നാല്‍ പരിചിതമായ ജീവിത സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള കാഴ്ചകളാണ് ഒഴിവുദിവസത്തിലേത്. സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ ഏറെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. തീര്‍ത്തും വേറിട്ട ശൈലിയാണ് ഇതിന്റെ മേക്കിംഗിനു സ്വീകരിച്ചിരിക്കുന്നത്. അമ്പതു മിനുട്ടോളം നീളുന്ന ഒറ്റ ഷോട്ട് ഈ റിയല്‍ ടൈം മൂവിയുടെ പ്രത്യേകതയാണ്.
? ആദ്യസിനിമയില്‍ ചില പരിചിതമുഖങ്ങളൊഴികെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. രണ്ടാമത്തെ ചിത്രത്തിലും ഇങ്ങനെയൊരു കാസ്റ്റിംഗ് പാറ്റേണ്‍ തന്നെയാണോ സ്വീകരിച്ചത്.
ആദ്യ സിനിമയിലേതുപോലെ ആരവങ്ങളില്ലാത്ത ഒരുക്കങ്ങളായിരുന്നു ഇതിലേതും.ഗിരീഷ് നായര്‍, അരുണ്‍നായര്‍, പ്രദീപ്കുമാര്‍, അഭിജ എന്നിവരാണ് ഒഴിവുദിവസത്തെ കളിയിലെ പ്രധാനമുഖങ്ങള്‍. തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ ഷാജുമാത്യുവാണ് നിര്‍മ്മിച്ചത്. ഇന്ദ്രജിത്താണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പുഭട്ടതിരിയാണ് എഡിറ്റിംഗ്. മുബൈയിലെ മാമി ചലച്ചിത്രമേളയിലേക്ക് സിനിമ തെരഞ്ഞെടുത്തിട്ടുണ്ട്.
? എന്തുകൊണ്ടാണു പുതുമുഖങ്ങള്‍. പ്രത്യേകിച്ച് സിനിമ ഒരു വാണിജ്യ വസ്തുവാണ് എന്ന ഘടകം കൂടി മുന്നില്‍ നില്‍ക്കെ
കഥയും കഥാപാത്രങ്ങളും പ്രേക്ഷകന്റെ സ്വാഭാവിക ചിന്താധാരയില്‍നിന്നു മാറേണ്ടതുണ്ട്. എന്നിലെ കഥയും കഥാപാത്രങ്ങളും രൂപപ്പെട്ടുവരാന്‍, മുന്‍ധാരണയില്ലാതെ സിനിമ ആസ്വദിക്കാന്‍ ഇത്തരം കാസ്റ്റിംഗ് സഹായകരമാകുന്നുവെന്നാണ് തോന്നുന്നത്. കഥാപാത്രങ്ങളെ സംവിധായകന്റെ തൃപ്തിക്കനുസരിച്ച് സൃഷ്ടിക്കാന്‍ ഈ മുഖങ്ങള്‍ തന്നെയാണ് എനിക്ക് ഉചിതമെന്ന് തോന്നുന്നു.
? ഒരാള്‍പൊക്കത്തില്‍ പ്രകാശ് ബാരെ മാത്രമായിരുന്നു പരിചിതമുഖം. നായികയായെത്തിയ മീരാകന്ദസ്വാമിപോലും ഈ രംഗത്ത് പരിചിതയായിരുന്നില്ല
മഹേന്ദ്രന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ സ്വീകരിക്കുകയായിരുന്നു. നല്ല ഉയരമുള്ള കഥാപാത്രമായിരുന്നു മനസില്‍. മഹേന്ദ്രന്‍ പ്രകാശ് ബാരെയില്‍ ഭദ്രമായിരുന്നുവെന്ന് ചിത്രം കണ്ട ആരും സമ്മതിക്കും. എന്നാല്‍ നായികാകഥാപാത്രത്തിനുള്ള നടിയെ തേടിയുള്ള അന്വേഷണം ഒടുവില്‍ മീനയില്‍ എത്തിച്ചേരുകയായിരുന്നു. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന റിസ്‌ക്കെടുക്കാന്‍ പല നടിമാരും തയ്യാറായില്ല. പ്രതിഫലവും തടസമായി എന്നു പറയാം.
? ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഒരാള്‍പൊക്കത്തിന്റെ ഒരുക്കങ്ങള്‍. പുതുമുഖ സംവിധായകന്‍ എന്ന പരിമിതി വിട്ട് ഒഴിവുദിവസത്തിലേക്കേ എത്തുമ്പോള്‍
ആദ്യ ഫീച്ചര്‍ ഫിലിം പൂര്‍ത്തീകരിച്ചത് ഏറെ പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. സുഹൃത്തുകളും പരിചയക്കാരുമായി ചേര്‍ന്ന് കാഴ്ച ഫിലിം സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇതിന്റെ മൂലധനം കണ്ടെത്തിയത്. നൂറ്റമ്പതോളം പേരില്‍ നിന്നാണ് ഇത്തരത്തില്‍ പണം സ്വരൂപിച്ചത്. മുപ്പതിനായിരം രൂപ മാത്രമായിരുന്നു സിനിമ തുടങ്ങുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത്. പിന്നീട് സിനിമ വളരുന്നതിനനുസരിച്ച് പണവും വന്നുചേരുകയായിരുന്നു. സിനിമ പ്രേക്ഷരിലേക്ക് എത്തിക്കാന്‍ പ്രയാസങ്ങളും പ്രതിസന്ധികളും ഏറെ അനുഭവിച്ചിട്ടുണ്ട്. ഒടുവില്‍ കേരളത്തിലെ പതിനാല് ജില്ലകളില്‍ നൂറോളം പ്രദര്‍ശനങ്ങളാണ് സംഘടിപ്പിച്ചത്. കാഴ്ച വണ്ടിയുമായി എഴുപത് ദിവസത്തോളം ഇതിനായി സഞ്ചരിച്ചു. ഒരു സംവിധായകന്‍ എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും മറക്കാന്‍ കഴിയാത്ത അനുഭവം തന്നെയായിരുന്നു അത്.
? ഒരാള്‍പൊക്കം കണ്ട പ്രേക്ഷകന്റെ മനസില്‍ കഥാപാത്രങ്ങളേക്കാള്‍ തങ്ങിനില്‍ക്കുക ദൃശ്യങ്ങളാണെന്നു തോന്നുന്നു. കേരളം മുതല്‍ ഹിമാലയം വരെയുള്ള ഇന്ത്യയുടെ ഭൂപടം ഇതില്‍ ദൃശ്യവത്കരിച്ചുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ മനസിലെ കഥയ്ക്ക് പൂര്‍ണത നല്‍കാന്‍ ഈ കാഴ്ചകള്‍ എങ്ങനെ ഉപകരിച്ചിട്ടുണ്ട്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഒരാള്‍ പൊക്കത്തില്‍ പറഞ്ഞുവച്ചത്. കേദാര്‍ നാഥ് അടക്കം ഉത്തരേന്ത്യയിലുണ്ടായ പ്രളയവും ദുരന്തമുഖവുമൊക്കെയായിരുന്നു ഭൂമിക. മനുഷ്യമനസുകളും പ്രകൃതിയും തമ്മിലുള്ള പരസ്പര പൂരകത്വം പറഞ്ഞുവയ്ക്കാന്‍ ദൃശ്യങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. യൂണിറ്റിലെ എല്ലാവരും വളരെ റിസ്‌ക്കെടുത്തായിരുന്നു ചിത്രീകരണം. പല പ്രതിസന്ധികളേയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
? പ്രശംസകള്‍ ഏറ്റവാങ്ങുമ്പോഴും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് വിമര്‍ശനവുമുണ്ട്. പ്രത്യേകിച്ച് മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ലിവിംഗ് ടുഗെദര്‍ കള്‍ച്ചറലാണു സിനിമ പറഞ്ഞത്
സമൂഹത്തിന്റെ കാഴ്ചപാടുകള്‍ പലതും പൊള്ളയാണ്. പലതും പരസ്യമായി അംഗീകരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല. മുമ്പ് ഇവിടെ ജീവിച്ചിരുന്നവരുടെ കുടുംബ ജീവിതത്തില്‍ ഇന്നംഗീകരിക്കാന്‍ മടിക്കുന്ന പല ജീവിതാവസ്ഥകളും ഉണ്ടായിരുന്നു. ശരീരം, പ്രണയം, കാമം ഇവയ്ക്കപ്പുറം ജീവിതം തുറന്ന പുസ്തകങ്ങളാകേണ്ടതുണ്ട്. ശരിയേത് തെറ്റേത് എന്നത് കാഴ്ചപ്പാടുകളുടെ അളവുകളാകുമ്പോള്‍ പൊതുധാരയെന്നത് അപ്രസക്തമാകുന്നു. ഇതുതന്നെയായിരുന്നു പലയാള്‍പൊക്കത്തിന്റെയും ആഴത്തിന്റെയും കഥയായി പറഞ്ഞത്.
സിനിമ കേവലം വിനോദോപാധി എന്നതിനപ്പുറം ഗൗരവമുള്ള വായനയ്ക്കുള്ള ഇടം കൂടിയാണ് എന്നിടത്താണ് സനല്‍കുമാര്‍ ശശീധരന്‍ എന്ന സംവിധായകന്റെ പ്രസക്തി. കാഴ്ചയും കാഴ്ചപ്പാടുകളും ആഖ്യാനത്തിന്റെ വ്യത്യസ്ത തലങ്ങള്‍ സ്വീകരിക്കുന്നിടത്താണ് ഈ സംവിധായകന്‍ ക്രാഫ്റ്റ് പ്രകടമാക്കുന്നത്. അതുകൊണ്ടുതന്നെ ആലസ്യമില്ലാതെ കാത്തിരിക്കാം ഒഴിവുദിവസത്തെ കളിക്കായി.

Get real time update about this post categories directly on your device, subscribe now.