ധോണിയുടെ നായകസ്ഥാനം കയ്യാലപ്പുറത്തെ തേങ്ങ; ധോണിയിലെ നായകനും കളിക്കാരനും നിരീക്ഷണത്തില്‍

ദില്ലി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിക്ക് തുടരണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. പഴയ തന്ത്രങ്ങള്‍ പുറത്തെടുത്തില്ലെങ്കില്‍ ധോണിക്ക് ഒരുപക്ഷേ നായകസ്ഥാനം തന്നെ നഷ്ടമാകുകയും ചെയ്യും. കഴിഞ്ഞ കുറേ മത്സരങ്ങളിലെ ധോണിയുടെയും ടീമിന്റെയും പ്രകടനം ക്രിക്കറ്റ് ബോര്‍ഡും സെലക്ഷന്‍ ബോര്‍ും നിരീക്ഷിച്ചു വരുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിലെത്തിയത് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമും ധോണിയും പൂര്‍ണപരാജയം എന്നു തന്നെ പറയേണ്ടി വരും. അടുത്ത ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ചെറുപതിപ്പിന്റെ നായകസ്ഥാനത്ത് വരണമെങ്കില്‍ ധോണി ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ടെസ്റ്റ് നായകനായ വിരാട് കോഹ്‌ലി ട്വന്റി-20 നായകസ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നതും ഇവിടെ ശ്രദ്ധേയമാണ്.

DHONI

2007-ല്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തെത്തിയ ശേഷം ഇന്ത്യക്ക് ഐസിസിയുടെ മൂന്ന് കിരീടങ്ങളും നേടിക്കൊടുത്ത് രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച നായകന്‍ തന്നെയാണ് ധോണി. അതില്‍ സംശയമൊന്നുമില്ല. 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ഐസിസി ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. എന്നാല്‍, നിലവിലെ ധോണിയുടെയും ടീമിന്റെയും അവസ്ഥ ഒന്നു കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര 2-0ന് അടിയറ വച്ചതാണ് സംഭവം. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ അജിത് അഗാര്‍ക്കര്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത് രംഗത്തെത്തിയതു കൂടി ചേര്‍ത്തു വായിച്ചാല്‍ ക്രിക്കറ്റ് ബോര്‍ഡും ചിന്തിച്ചു തുടങ്ങി എന്നുവേണം കരുതാന്‍.

നായകസ്ഥാനത്തു നിന്ന് ധോണി പുറത്താവുക എന്നു വന്നാല്‍ അത് ടീമില്‍ നിന്നു തന്നെ ധോണിക്ക് പുറത്തേക്കുള്ള വഴിതുറക്കലാകും. അജിത് അഗാര്‍ക്കറുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ധോണി എന്താണ് ചെയ്യുന്നതെന്ന് സെലക്ടര്‍മാര്‍ ഇനിയെങ്കിലും നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നായകനെന്ന നിലയില്‍ മാത്രമല്ല, കളിക്കാരനെന്ന നിലയിലും. ധോണി മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷേ, ടീമിന് ഒരു ബാധ്യതയാകരുതെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. ഇതോടെ നിരീക്ഷണത്തിന് സെലക്ടര്‍മാരും തയ്യാറായി എന്നുവേണം കരുതാന്‍. ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലിന്റെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ധോണിയുടെ നായകസ്ഥാനത്തിന് നിലവില്‍ ഭീഷണിയൊന്നുമില്ല. എന്നാല്‍, ധോണിയുടെ ക്യാപ്റ്റന്‍സിയും പ്രകടനവും സെലക്ടര്‍മാര്‍ നിരീക്ഷിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്തദിവസം ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ധോണിയുടെ പ്രകടനം നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വിലയിരുത്തപ്പെടും.

അതായത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ധോണിയുടെ കൂടി വിലയിരുത്തലാകുന്നു. എന്തായിരിക്കും ധോണിയുടെ ഭാവി എന്ന് അതില്‍ മനസ്സിലാകും. ഇന്ത്യയുടെ പുറത്താകല്‍ ധോണിക്കും പുറത്തേക്കുള്ള വഴി തുറക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു സാഹചര്യത്തിലാണ് ധോണി അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്ന് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ വിജയിപ്പിച്ച നായകനെന്ന സല്‍പ്പേരിനൊപ്പം ഏറ്റവുമധികം ടെസ്റ്റ് തോറ്റ നായകനെന്ന ചീത്തപ്പേരു കൂടി തലയില്‍ പേറേണ്ടി വരുമെന്നിരിക്കെ ഒരു മത്സരം ശേഷിക്കെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചു. അതേ അവസ്ഥ തന്നെ ഇപ്പോള്‍ വീണ്ടും സംജാതമായിരിക്കുന്നു എന്നത് അവിചാരിതം തന്നെയായിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News