ദുബായ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ഇന്ത്യക്കാരന്‍. ദുബായില്‍ സ്ഥിരതാമസമാക്കിയ രാംകുമാര്‍ രാമന്‍ എന്ന പതിനെടുകാരനാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായത്. ഗള്‍ഫിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സമിതിയായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സെര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിലാണ് രാംകുമാര്‍ അംഗമായത്. ആദ്യത്തെ ശ്രമത്തില്‍തന്നെ പതിനാലു പേപ്പറുകളിലും ജയം നേടിയെന്നതും രാംകുമാറിനെ ശ്രദ്ധേയനാക്കുന്നു. ചെന്നൈ സ്വദേശിയാണ് രാംകുമാര്‍.

ചെന്നൈയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഏറെയുള്ള കുടുംബത്തില്‍ ജനിച്ച രാംകുമാര്‍ 2012 ലാണ് സിഎക്കാരനാകാനുള്ള ശ്രമങ്ങളാരംഭിച്ചത്. 2015ല്‍ പരീക്ഷയെഴുതി. രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ടുവരെ നീണ്ട പഠനമായിരുന്നു രാംകുമാറിന്റെ തയാറെടുപ്പ്. ഉച്ചയൂണു കഴിഞ്ഞാല്‍ വൈകിട്ടു നാലു വരെ ഉറക്കമുണ്ടായിരുന്നു. നാലര മുതല്‍ രാത്രി എട്ടേകാല്‍ വരെ വീണ്ടും പഠനം. അത്താഴത്തിനു ശേഷം ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയും പഠനം തുടര്‍ന്നു. അമേരിക്കയില്‍നിന്ന് നിക്ഷേപബാങ്കിംഗില്‍ എംബിഎ എടുക്കാനാണ് രാംകുമാറിന്റെ അടുത്ത തീരുമാനം.