വാഴുന്നവന്റെ കൈകള്‍ക്ക് വളയിട്ടുനല്‍കലല്ല എഴുത്തുകാരന്റെ കടമ; ഫാസിസത്തെ ശക്തമായി എതിര്‍ക്കണം; പ്രതിഷേധത്തിന് ഇടതുപക്ഷം നേതൃത്വം നല്‍കണം; പി കെ പാറക്കടവ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

P-K-Parakkadav

എല്ലാക്കാലത്തും കാലത്തോടും കാലത്തിന്റെ നെറികേടുകളോടും കലഹിച്ചിരുന്നവരാണ് എഴുത്തുകാര്‍. ലോകത്തിന്റെ ഏതു പ്രശ്‌നത്തോടും അവര്‍ ഉയര്‍ത്തി വാക്കുകൊണ്ടുള്ള പ്രതിരോധങ്ങള്‍ ചരിത്രത്തിന്റെ ഭാഗവുമാണ്. ഇപ്പോള്‍, രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ ദേശവ്യാപകമായി പ്രതിഷേധമുണ്ടായപ്പോഴും നേരിന്റെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാര്‍ക്ക് പോരാട്ടവീര്യവുമായി വരാന്‍ മടിയുണ്ടായിരുന്നില്ല. കേന്ദ്ര സാഹിത്യ അക്കാദമിയിലെ അംഗത്വം രാജിവച്ചുകൊണ്ടായിരുന്നു കവി കെ സച്ചിദാനന്റെ രംഗപ്രവേശം. പി കെ പാറക്കടവും സ്ഥാനങ്ങള്‍ രാജിവച്ചു. തനിക്കു ലഭിച്ച പുരസ്‌കാരം മടക്കി നല്‍കുമെന്നു സാറാ ജോസഫ് പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച പ്രശസ്ത എഴുത്തുകാരന്‍ പികെ പാറക്കടവ് സംസാരിക്കുന്നു.

?ഏതു സാഹചര്യത്തിലാണ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കാനുള്ള തീരുമാനമെടുത്തത്

ഫാസിസ്റ്റ് ഭരണകാലത്ത് ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്. ദളിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ അദൃശ്യമായ അടിയന്തിരാവസ്ഥയാണു നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തോടുള്ള പ്രതിഷേധ സൂചകമായാണു ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവയ്ക്കുന്നത്.

? കേന്ദ്രസാഹിത്യ അക്കാദമി പദവി രാജിവയ്ക്കുകയും പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തുകൊണ്ട് താങ്കളുള്‍പ്പെടെയുള്ള എഴുത്തുകാര്‍ ഫാസിസത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍. പ്രതിഷേധത്തിന് തെരഞ്ഞെടുത്ത രീതി ശരിയല്ലെന്നാണ് മലയാളത്തിലെ ഒരു വിഭാഗം എഴുത്തുകാര്‍ പറയുന്നത്.

lead-1

അത് ശരിയായ വാദമല്ല. അടിയന്തരാവസ്ഥയില്‍ നിശബ്ദരായിരുന്ന എഴുത്തുകാര്‍ പിന്നീട് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഫാസിസത്തെ ഒരു ചെറുവിരലനക്കിയെങ്കിലും പ്രതിരോധിക്കാന്‍ ബാധ്യസ്ഥനാണെങ്കില്‍ എഴുത്തുകാരന്‍ മൗനം കൈവെടിഞ്ഞേ തീരു. അതിന് ഇത്തരം സ്ഥാനമാനങ്ങള്‍ രാജിവെക്കണം. അവര്‍ക്ക് കിട്ടിയ പുരസ്‌ക്കാരങ്ങള്‍ തിരിച്ചേല്‍പിക്കണം. വാഴുന്നവന്റെ കൈകള്‍ക്ക് വളയിട്ടുനല്‍കലല്ല എഴുത്തുകാരന്റെ കടമ. ഫാസിസത്തെ ശക്തമായി എതിര്‍ക്കുക എന്നതാണ് എഴുത്തുകാരന്റെ കടമയെന്നത് മറക്കരുത്. അതിന് ഇത്തരം പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നു.

? സാറാ ജോസഫ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നല്‍കുമ്പോള്‍ പണം കൊടുത്തു വാങ്ങിയതു കൊണ്ടാവാമെന്നാണു പി വത്സല പ്രതികരിച്ചത്.

lead-2വത്സല ടീച്ചര്‍ മോദി സര്‍ക്കാരിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ആളാണ്. അങ്ങനെയുള്ളവരുണ്ടാവാം.  അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്.  വാഴുന്നവരുടെ കൈയ്യില്‍ വളയിട്ടു നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ചിലരെങ്കിലുമുണ്ടാവും. പക്ഷേ ഞാന്‍ ആ കൂട്ടത്തില്‍പ്പെട്ടയാളല്ല. അക്കൂട്ടത്തില്‍പ്പെടാത്ത ധാരാളം എഴുത്തുകാരുണ്ട്. ഫാസിസ്റ്റുകള്‍ക്ക് ഒത്താശ പാടുന്ന ചിലരുണ്ടാവാം. അവരുടെ അഭിപ്രായമെല്ലാം ശരിയാവണമെന്നില്ല. എല്ലാ വിഷയങ്ങളിലും എഴുത്തുകാരനു കൃത്യമായ നിലപാട് വേണം. പണം കൊടുത്ത് വാങ്ങിച്ച അവാര്‍ഡായതുകൊണ്ടാവാം തിരിച്ചേല്‍പ്പിക്കുന്നത് എന്നൊക്കെ പറയുമ്പോള്‍ ഈ സംഭവത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത് എന്നാണു മനസ്സിലാക്കേണ്ടത്. ഇവിടെ രണ്ടു ചേരിയുണ്ട് ഫാസിസ്റ്റ് വിരുദ്ധ ചേരിയും ഫാസിസത്തെ അനുകൂലിക്കുന്ന ചേരിയും. ഇതില്‍ എവിടെ നില്‍ക്കണമെന്നതാണ് ഇന്ന് എഴുത്തുകാന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചോദ്യം. തന്റേടത്തോടെ തലയുയര്‍ത്തി ഞാന്‍ ഫാസിസത്തിനെതിരെ നിലകൊള്ളുന്നുവെന്ന് പറയാന്‍ എഴുത്തുകാരന് കഴിയണം.

? എഴുത്തുകാരന്‍ കൊല ചെയ്യപ്പെടുമ്പോഴും, ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ആക്രമിക്കപ്പെടുമ്പോഴുമെല്ലാം സാഹിത്യകാരന്‍മാര്‍ക്കിടയില്‍നിന്നും സാംസ്‌ക്കാരിക നേതൃത്വത്തിന്റെ ഭാഗത്ത്‌നിന്നും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാവുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

എല്ലാകാലത്തും ചില എഴുത്തുകാര്‍ ഫാസിസത്തോട് ഒട്ടിനിന്നിട്ടുണ്ട്. ഒഴിഞ്ഞ കസേരകളില്‍ കണ്ണും നട്ട് നോക്കിയിരിക്കുന്നവരുണ്ട്. അടിയന്തരാവസ്ഥയെ പോലും ന്യായീകരിച്ചവരുണ്ട്. പക്ഷേ ഇതൊന്നുമല്ല ഒരു എഴുത്തുകാരനില്‍നിന്നു പ്രതീക്ഷിക്കുന്നത്. എഴുത്തുകാരന്റെ മൗനം കുറ്റകരമാണ്. ഇരയും വേട്ടക്കാരനുമുണ്ടാകുമ്പോള്‍ ഇരയുടെ കൂടെ നില്‍ക്കേണ്ടവരാണ് എഴുത്തുകാര്‍. ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ ഫാസിസ്റ്റ് ഭരണത്തെ എതിര്‍ക്കുന്നതില്‍ എഴുത്തുകാര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. ഒരു ഭയം നമ്മുടെ എഴുത്തുകാരെ വലയം ചെയ്തിട്ടുണ്ട് എന്നതാണു മറ്റൊരുകാര്യം. എല്ലാ ഫാസിസ്റ്റ് ഭരണ കാലത്തും ഇങ്ങനെയൊരു ഭയം നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ എതിര്‍ത്ത് തോല്‍പിക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. കേരളത്തിലെങ്കിലും ചെറിയ പ്രതിഷേധങ്ങള്‍ പലകോണുകളില്‍ നിന്നായി ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനര്‍ത്ഥം എല്ലാ വെളിച്ചവും കെട്ടുപോയിട്ടില്ലെന്നാണ്. പതുക്കെ ഈ പ്രതിഷേധങ്ങള്‍ ഇന്ത്യയിലാകെ പടര്‍ന്നു പിടിക്കും. ഫാസിസ്റ്റ് ഭരണത്തിന് ഏറെക്കാലം ഇങ്ങനെ മുന്നോട്ടു പോവാന്‍ കഴിയില്ല.

? ഇന്ത്യയുടെ പലഭാഗത്തും ഫാസിസ്റ്റ് വര്‍ഗ്ഗീയ ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്നതായി തോന്നുന്നുണ്ടോ.

lead-3

കൂടി വരുന്നുണ്ട്. തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും. ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ച് ഒരു മനുഷ്യനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയാണ്. ഒരു ദളിതന്‍ ക്ഷേത്രത്തില്‍ കടന്നുവെന്നാരോപിച്ച് അയാളെ ചുട്ടുകൊല്ലുകയാണ്. കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തി. ഫാസിസത്തിനെതിരെ എഴുതുകയും സംസാരിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം വിവിധതരത്തിലുള്ള ആക്രമണങ്ങളെ നേരിടേണ്ടി വരുന്നു. അരക്ഷിതാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, നമ്മള്‍ എന്തുകഴിക്കണം എന്നുവരെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന ഈ കാലത്ത് എഴുത്തുകാരന്‍ ഒരിക്കലും നിശ്ശബ്ദനായിരുന്നുകൂടാ.

? വര്‍ഗ്ഗീയഫാസിസ്റ്റ് ശക്തികളെ എങ്ങിനെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്.

വര്‍ഗ്ഗീയ ഫാസിസ്റ്റ് ഇടപെടലുകളെ എഴുത്തുകാര്‍ എഴുത്തിലൂടെ പ്രതിരോധിക്കണം. സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കണം. അക്രമരഹിതമായ മാര്‍ഗ്ഗത്തിലൂടെയാണ് ഫാസിസത്തെ ചെറുക്കേണ്ടത്. ശക്തമായ ബഹുജന മുന്നേറ്റമുണ്ടാവണം. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യയിലെ ഇടതുപക്ഷം നേതൃത്വം നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here