കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോളുകളൊന്നും നേടിയില്ല. ഹോം ഗ്രൗണ്ടിന്റെയും ആരാധക പിന്തുണയുടെയും ആനുകൂല്യം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. സമനിലയോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. മത്സരം കാണാന്‍ കൊച്ചിയില്‍ ആരാധകര്‍ പ്രവഹിച്ചു. കാണികളുടെ എണ്ണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പുതിയ റെക്കോഡിട്ടു.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിഴല്‍ മാത്രമായിരുന്നു മുംബൈയുമായുള്ള മത്സരത്തില്‍ കളത്തില്‍ കാണായനായത്. കഴിഞ്ഞ മത്സരത്തില്‍ കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയ മൂന്ന് പേരെയും സൈഡ് ബെഞ്ചിലിരുത്തിയാണ് പീറ്റര്‍ ടെയ്‌ലര്‍ മുംബൈയ്‌ക്കെതിരായ ടീം കളത്തിലിറക്കിയത്.
വിരസമായ ആദ്യ പകുതിയ്ക്ക് ശേഷം 72ാം മിനിറ്റല്‍ ക്രിസ് ഡാഗ്‌നലിന് പകരം സാഞ്ചസ് വാട്ടിനെയും വിക്റ്റര്‍ ഹെറീറോയ്ക്ക് പകരം കോയിമ്പ്രയെയും കളത്തിലിറക്കിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു. അതിനിടെ ഇരു ടീമുകള്‍ക്കും കിട്ടിയ ചില അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.അറുപത്തിയൊന്നായിരത്തിലധികം കാണികള്‍ തീപാറുന്ന കളി പ്രതീക്ഷിച്ചാണ് വന്നതെങ്കിലും കളി ഗോള്‍ രഹിത സമനിലയായതോടെ വലിയ നിരാശയിലായി ഇവര്‍.
മുബൈയുടെ മാര്‍ക്വിതാരം നിക്കോളാസ് അനല്‍ക്കയുടെ കളി കണ്‍മുന്നില്‍ കാണാന്‍ കഴിയാത്തത് വലിയ നിരാശയായെങ്കില്‍ കളി സമനിലയിലായത് മറ്റൊരു നിരാശയുമായി. കളി സമനിലയിലായെങ്കിലും മണിക്കൂറുകളോളം തന്നെ കാത്ത് നിന്ന തിരുവനന്തപുരം സ്വദേശിനിയായ ആരാധികയ്ക്ക് ഓട്ടോഗ്രാഫ് നല്‍കിയാണ് മുംബൈയുടെ മാര്‍ക്വി താരം നിക്കോളാസ് അനല്‍ക്ക തിരിച്ചു പോയത്. ഇനി കൊച്ചിയിലെ അടുത്ത മത്സരം ഡെല്‍ഹി ഡൈനാമോസിനെതിരെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here