ചെന്നൈ: പ്രശസ്ത ചലച്ചിത്രതാരം മനോരമ(78) അന്തരിച്ചു. ഹൃദയസ്തംഭനമൂലം ശനിയാഴ്ച രാത്രി 11.30ഓടെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ആയിരത്തോളം സിനിമകളിലും ആയിരത്തോളം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.
കാശി കുഡയ്യർ രാമമർഥം എന്നിവരുടെ മകളായി തഞ്ചാവൂർ മന്നാർഗുഡിയിലാണ് ജനനം. 12-ാം വയസിൽ അഭിനയരംഗത്തത്തെിയ ഗോപിശാന്ത എന്ന മനോരമ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തതിനു പുറമെ പിന്നണിഗായികയായും തിളങ്ങിയിരുന്നു. 1958ൽ ‘മാലയിട്ട മങ്കൈ’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മനോരമ 1963ൽ ‘കൊഞ്ചുംകുമാരി’യിലൂടെയാണ് നായികവേഷത്തിലെത്തുന്നത്.
അഞ്ച് തെന്നിന്ത്യൻ മുഖ്യമന്ത്രിമാർക്കൊപ്പം സിനിമയിൽ അഭിനയിച്ചു എന്ന നേട്ടം മനോരമയ്ക്ക് മാത്രം സ്വന്തമാണ്. അണ്ണാദുരൈ, എംജിആർ, കരുണാനിധി, ജയലളിത എന്നീ തമിഴ്‌നാട് മുഖ്യമന്ത്രിമാർക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻടി രാമറാവുവിനൊപ്പവുമാണ് മനോരമ അഭിനയിച്ചത്. 2002ൽ പത്മശ്രീ, 1989ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം, ഫിലിംഫെയർ പുരസ്‌കാരം, തമിഴ്‌നാട് സർക്കാറിന്റെ കലൈമണി പുരസ്‌കാരം തുടങ്ങിയവ മനോരമയെ തേടിയെത്തിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.