തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളാപ്പള്ളി നടത്തിയ സാമ്പത്തിക ക്രമക്കേട്ടുകൾ ശാശ്വതീകാനന്ദയ്ക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അധികാരം പിടിച്ചെടുക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നതായി സ്വാമിക്ക് മനസിലായെന്നും വിജയൻ പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി.
റിട്ടയേർഡ് ജസ്റ്റിസ് സുകുമാരനെ പ്രസിഡന്റ്കാനും വക്കം പുരുഷോത്തമനെ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു ശാശ്വതീകാനന്ദ ശ്രമിച്ചത്. ഗൾഫ് യാത്ര പൂർത്തിയാകാത്ത ശാശ്വതീകാനന്ദ തിരികെ വന്നതിൽ എസ്എൻഡിപിയുടെ വിശദീകരണം രണ്ടു തരത്തിലായിരുന്നുവെന്നും വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും വിജയൻ വെളിപ്പെടുത്തി. ഗൾഫിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. എസ്എൻ ട്രസ്റ്റിന്റെ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ശാശ്വതീകാനന്ദ അടുത്ത അനുയായികളായ ചിലരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും വിജയൻ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്‌സനാണ് ശിവാനന്ദഗിരിയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതീകാനന്ദ കൊല്ലപ്പെടുന്നത്. ഈ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിജയൻ പറയുന്നത്. ശാശ്വതീകാനന്ദയെ ആരോ അപകടപ്പെടുത്തുകയായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ അംഗങ്ങൾക്കിടയിലും ഉടലെടുത്തിരുന്നുവെന്നും വിജയൻ പറയുന്നു.
ഡോ. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം ആവശ്യപ്പെട്ടിരുന്നു. പീപ്പിൾ ടിവിയുടെ ന്യൂസ് ആൻ വ്യൂസിലാണ് ബിജു രമേശിന്റെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. മരിച്ചു കിടന്നിരുന്ന ശാശ്വതീകാനന്ദയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാർ ആക്രമിച്ചതാണെന്ന് സഹായി ജോയ്‌സിനോട് ശാശ്വതീകാനന്ദ ഇക്കാര്യം പറഞ്ഞെന്നും ബിജു പറഞ്ഞിരുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശനും മകനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തയും പറഞ്ഞിരുന്നു. കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും ശാസ്ത്രിയമായി നീന്തൽ അറിയുന്ന ശാശ്വതീകാനന്ദ ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ശാന്ത പീപ്പിൾ ടിവിയോട് വെളിപ്പെടുത്തിയിരുന്നു.

Get real time update about this post categories directly on your device, subscribe now.