സംഘപരിവാർ ഭീഷണി വീണ്ടും; മുൻപാക് വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനം അനുവദിക്കില്ലെന്ന് ശിവസേന

മുംബൈ: പാക് ഗസൽ ഗായകൻ ഗുലാം അലിയെ മുംബൈയിൽ പ്രവേശിപ്പിക്കാതിരുന്ന ശിവസേന മുൻ പാക് വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരെയും രംഗത്ത്. പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് മുംബൈയിൽ നടത്തരുതെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാൻ ഇന്ത്യക്കെതിരായ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പരിപാടി നടത്തിയാൽ തടയുമെന്ന് ശിവസേന ഭീഷണി മുഴക്കുകയും ചെയ്തു. മുംബൈ റിസേർച്ച് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ജമാഅത്തുദ്ദഅ്‌വയുടെയും ലഷ്‌കറെ ത്വയ്യബയുടെയും ക്യാമ്പുകൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് കസൂരി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

വർളി നെഹ്‌റു സെന്റർ കൾച്ചറൽ ഹാളിൽ നാളെയാണ് കസൂരിയുടെ ‘Neither a Hawk nor a Dove: An Insider’s Account of Pakistan’s Foreign Policy’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടക്കുന്നത്. പരിപാടി നടത്തരുതെന്ന് ആവശ്യപ്പെട്ട് സേനാ നേതാവ് ആശിഷ് ചെംബർകർ പ്ലാനിറ്റേറിയം ഡയറക്ടർക്ക് കത്ത് നൽകി.

ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയിൽ നടത്തുന്നതിനെതിരെ ശിവസേന രംഗത്ത് വന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ, ദില്ലിയിൽ പരിപാടി നടത്താനുള്ള കെജ്‌രിവാൾ സർക്കാറിന്റെ ക്ഷണം ഗുലാം അലി സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here