മലയാള സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ സദാചാര ഗുണ്ടായിസം; ഒന്നിച്ച് നടന്ന സഹപാഠികള്‍ക്ക് സദാചാരവാദികളുടെ മര്‍ദ്ദനവും അസഭ്യവര്‍ഷവും

മലപ്പുറം: തിരൂർ തുഞ്ചത്തെഴുച്ഛൻ മലയാള സർവ്വകലാശാലയിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ സദാചാര ഗുണ്ടായിസം. ഒന്നിച്ചു നടക്കരുതെന്നും ഇരിക്കരുതെന്നും പറഞ്ഞാണ് സഹപാഠികളായി വിദ്യാർത്ഥികൾക്ക് നേരെ പ്രദേശവാസികൾ അതിക്രമം നടത്തിയത്. ക്യാമ്പസിൽ നടക്കുന്ന സെമിനാറിനോടനുബന്ധിച്ച് ഒത്തുകൂടിയ വിദ്യാർത്ഥികൾക്ക് നേരെയാണ് പ്രദേശവാസികളിൽ ചിലർ അതിക്രമം നടത്തിയത്. തിരൂർ വാക്കാട് എന്ന സ്ഥലത്ത് തുഞ്ചൻ സർവ്വകലാശാലയ്ക്ക് സമീപത്ത് വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഏഴു പെൺകുട്ടികളടക്കം 10 പേർ ഉണ്ടായിരുന്ന വിദ്യാർത്ഥി സംഘത്തെയാണ് സദാചാര പൊലീസുകാർ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത തങ്ങളെ സംഘത്തിലുള്ള മർദ്ദിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.

സെമിനാർ വർക്കുകൾക്കായി വിദ്യാർത്ഥി സംഘം ക്യാമ്പസിന് സമീപത്ത് താമസിക്കുന്ന സഹപാഠിയുടെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ജോലി കഴിഞ്ഞ വീടുകളിലേക്ക് പോകും മുൻപ് എല്ലാവരും കൂടി ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴാണ് പ്രദേശവാസികളിലൊരാൾ വന്നതെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്ന പറഞ്ഞ് തങ്ങളെ തടയുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ തങ്ങളെ മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും വിദ്യാർത്ഥി സംഘം പറയുന്നു. അൽപ്പസമയത്തിനുള്ള ഇയാൾക്കൊപ്പമുള്ളവരും സ്ഥലത്തെത്തി വിദ്യാർത്ഥികളെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ സര്‍വകലാശാലാ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ പോലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ വ്യക്തിപരമായി പരാതിപ്പെട്ടാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആക്ഷേപമുണ്ട്. വിദ്യാർത്ഥികൾ തിരൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കുന്നതാണ് പ്രാദേശിക സദാചാരവാദികൾക്ക് പ്രകോപനമാകുന്നത്. ആൺകുട്ടികൾക്കൊപ്പം നടക്കരുതെന്നും ബൈക്കിൽ സഞ്ചരിക്കരുതെന്നും ക്ലാസിൽ ഇരിക്കരുതെന്നും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്യാമ്പസിനകത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതിനും സദാചാരക്കാരുടെ വിലക്കുണ്ട്.

മുൻപ് പലപ്പോഴും ഇവിടെ പെൺകുട്ടികൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മാനഹാനി ഭയന്ന് ഒരു പെൺകുട്ടി ഇവിടെ ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയെന്നും പറയപ്പെടുന്നു. ഒരിക്കൽ പെൺകുട്ടികളെ കയറിപ്പിടിച്ചതിന് ചോദ്യം ചെയ്തപ്പോൾ, ‘എനിക്കു വികാരം ഉണ്ടായൽ ഞാൻ ഇനിയും കയറിപ്പിടിക്കും’ എന്ന മറുപടിയാണ് അയാൾ നൽകിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. അതിക്രമങ്ങൾ ഭയന്ന് പ്രദേശത്തെ കോളേജ് ക്ലാസ്് മുറികൾ 3.30നു ശേഷം അടച്ചു പൂട്ടുകയാണ് പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News