എല്ലാം അമിത്ഷാ നിര്‍ദ്ദേശിക്കും; അന്തര്‍നാടകങ്ങളുടെ തിരയെഴുത്ത് അറിയാതെ അനുസരിക്കാന്‍ വിധിക്കപ്പെട്ട് വി മുരളീധരന്‍

രാഷ്ട്രീയത്തില്‍ എന്നും അടിയൊഴുക്കുകളാണ് ഗതിനിര്‍ണയിക്കുക. അത് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തിലായാലും. ബിജെപി കേരള ഘടകം അത്തരം സാഹചര്യത്തിലൂടെ ആണ് കടന്നുപോകുന്നത്. സംസ്ഥാന ബിജെപി യിലെ രണ്ട് പ്രബല ഗ്രൂപ്പുകളാണ് മുരളീധര – കൃഷ്ണദാസ് വിഭാഗം. അതിശക്തമായ ഗ്രൂപ്പുകള്‍ പാര്‍ട്ടി ചരിത്രവുമാണ്. അധികാര സാധ്യത ഇല്ലാതിരുന്നതിനാല്‍ അവ വലിയതോതില്‍ ചര്‍ച്ചയായില്ലെന്ന് മാത്രം.

നിലവില്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആകെ അസ്വസ്ഥന്‍ ആണ് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് പ്രസക്തി ഇല്ലാതായി. അതതു സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക സാമുദായിക രീതി അനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനങ്ങള്‍ സ്വീകരിക്കുകയും കേന്ദ്രനേതൃത്വം അംഗീകരിക്കുകയും ആയിരുന്നു പതിവ്. അമിത്ഷാ ദേശീയ അധ്യക്ഷന്‍ ആയതോടെ പതിവ് മാറി. സംസ്ഥാനസമിതി, തീരുമാനങ്ങള്‍ എടുത്ത് വിഷമിക്കേണ്ടെന്നും തരുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി, അത് നടപ്പാക്കിയ രീതികളും അനന്തരഫലവും വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് പുതിയ തിട്ടൂരം.

കേരളത്തിലെ കാര്യങ്ങള്‍ അങ്ങ് ദില്ലിയില്‍ തീരുമാനിച്ച് നിര്‍ദ്ദേശമായി കേരളത്തില്‍ എത്തും. അത് വളളിപുളളി തെറ്റാതെ നടപ്പാക്കി കാണിക്കണം. നിലവില്‍ വി മുരളീധരന്റെ പണി ഇങ്ങനെയാണ്. ആരാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത്. അവിടെയാണ് മുരളീധരനും സംഘവും അതിനെക്കാള്‍ കേരള സമൂഹവും ഭയക്കുന്നത്. ബിജെപി കേരള ഘടകത്തിന് മുകളില്‍ ‘ചാര’ അല്ലെങ്കില്‍ ‘ചോര’ കണ്ണുകളായി ഒരു കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. അവര്‍ അമിത്ഷാക്ക് റിപ്പോര്‍ട്ട് നല്‍കും. അമിത്ഷാ മുരളീധരന് ഫോര്‍വേഡ് ചെയ്യും.

അമിത്ഷാ അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ വി. മുരളീധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി മുന്നിലെത്തി. റിപ്പോര്‍ട്ട് വാങ്ങിവച്ച അമിത്ഷാ മറ്റൊരു ഫയല്‍ വച്ചുനീട്ടി. ‘ഇംപ്ലിമെന്റ് ദിസ്’ രണ്ടുവാക്കില്‍ തിട്ടൂരം.

തിട്ടൂരത്തിലെ കാതല്‍.

1. അതിതീവ്ര ഹിന്ദുത്വ പ്രചാരണം.
2. അതിശക്തമായ മൂന്നാം മുന്നണി.
3. ടൈറ്റില്‍വാല്യു ഉളള പത്രവും ചാനലും.
4. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമില്ലെങ്കിലും കുഴപ്പമില്ല. സംസ്ഥാനത്തെ ശക്തമായ ഇടതുപക്ഷസംഘടനാ സംവിധാനം പൊളിക്കുക. (ഉപയോഗിച്ച വാക്ക് – ‘first shatter’ the organised left wing)

ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടികയുമായി നാളുകള്‍ക്ക് ശേഷം വി മുരളീധരന്‍ അമിത്ഷാക്ക് മുന്നിലെത്തിയപ്പോള്‍ അത് മടക്കിവച്ച് ഷാ ചോദിച്ചത്രേ, ഹൗ ദ റിപ്പോര്‍ട്ട് വര്‍ക്‌സ് ? മുരളീധരന്‍ പി സി തോമസിനെ ഉള്‍പ്പെടുത്തുന്ന മൂന്നാംമുന്നണിയുടേയും ജന്മഭൂമി ദിനപത്രത്തിന്റേയും ഉടന്‍ സംപ്രേഷണത്തിന് തയ്യാറെടുക്കുന്ന ഒരു ചാനലിന്റേയും കാര്യങ്ങള്‍ സൂചിപ്പിച്ചു. കേട്ട് ചിരിച്ച അമിത്ഷാ മുരളീധരന് കൈകൊടുത്ത് പുഞ്ചിരിച്ചു.

സ്ഥാനമോഹികളുടെ സമ്മര്‍ദ്ദഫലമായി വിവിധ ബോര്‍ഡുകളിലും മറ്റും അവകാശപ്പെട്ട ലിസ്റ്റുമായി വീണ്ടും ദില്ലിയിലെത്തിയ മുരളീധരനെ കാണാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ന്യായീകരണമായി അമിത്ഷായുടെ സെക്രട്ടറി അറിയിച്ചത്. അപ്പോഴും കേരള കാര്യത്തില്‍ മുരളീധരന് മുകളിലൂടെ രൂപപ്പെടുന്ന അന്തര്‍നാടകങ്ങളുടെ തിരയെഴുത്ത് മനസ്സിലാക്കാന്‍ മുരളീധരനിലെ രാഷ്ട്രീയക്കാരന്റെ അകംകണ്ണിന് സാധിച്ചില്ല.

അത് മുരളീധരന്‍ മനസ്സിലാക്കുമ്പോഴേക്കും അദ്ദേഹത്തിലെ പുഞ്ചിരി നഷ്ടമാകുന്ന ഘട്ടമെത്തിക്കഴിഞ്ഞിരുന്നു. അമത്ഷാ, പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍, അഡ്വ.പ്രതീഷ് വിശ്വനാഥ് കൂട്ടുകെട്ട് കേരളത്തിലെ രണ്ട് പ്രമുഖ ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ വഴി കേരളത്തിലെ ബിജെപി രാഷ്ട്രീയം രൂപപ്പെടുത്തിതുടങ്ങിയിരുന്നു. അപ്പോഴേക്കും എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാസര്‍ഗോഡ് – തിരുവനന്തപുരം ‘ധര്‍മ്മരഥയാത്ര’യുടെ പൂര്‍ണചിത്രം തയ്യാറായിക്കഴിഞ്ഞിരുന്നു. ഒപ്പം വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശത്തില്‍ അദ്ദേഹവുമായി അടുപ്പമുള്ള ടിവി ചാനല്‍ കൂടി കൈയ്യിലുള്ള ഒരു മലയാളമാധ്യമ ഗ്രൂപ്പുമായുള്ള ചര്‍ച്ചയും പകുതി പിന്നിട്ടിരുന്നു. എസ്എന്‍ഡിപി അടക്കം വിവിധ പിന്നാക്ക വിഭാഗ സംഘടനാ നേതൃത്വവുമായള്ള ചര്‍ച്ചകള്‍ ഒന്നും വി മുരളീധരന്‍ അറിഞ്ഞില്ല.

അടുത്തെയിടെ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വളരെക്കാലത്തിന് ശേഷം ആദ്യമായി വി മുരളീധരന്‍ പി കെ കൃഷ്ണദാസിനെ പുഞ്ചിരിയോടെ കൈകൊടുത്തു സ്വീകരിച്ച് കാര്യങ്ങള്‍ സംസാരിച്ചു.

മന്‍ കി ബാത്ത് : മാരാര്‍ജിഭവനില്‍ വി മുരളീധരന്റെ വാര്‍ത്താസമ്മേളനം.

അവസാനം പ്രമുഖ ദിനപത്രത്തിലെ ബിജെപി ബീറ്റ് നോക്കുന്ന ലേഖകന്‍: മുരളീജി, പഴയ പോലെ ഉഷാര്‍ കാണുന്നില്ല. ആ സൗന്ദര്യ പുഞ്ചിരിയും കാണുന്നില്ല.
വി മുരളീധരന്‍: അതെന്തേ അങ്ങനെ ചോദ്യം, ഉണ്ണിയപ്പം കഴിച്ചോ.? എല്ലാവരും പൊട്ടിച്ചിരിച്ചു. വി മുരളീധരനും പുഞ്ചിരിച്ചു.
ടിവിയിലെ ക്യാമറമാന്‍: ‘ഇങ്ങനെ പോയാല്‍ ഉണ്ണിയപ്പം കഴിക്കും.’
മാരാര്‍ജി ഭവനില്‍ നിരവധി വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുത്ത് ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞിട്ടുള്ളതിനാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന കഥകളൊന്നും അത്ര മധുരമായി തോന്നുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel