മലപ്പുറത്തും കോഴിക്കോട്ടും യുഡിഎഫില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ആര്‍എസ്പി ഇടതിനൊപ്പം; മലപ്പുറത്ത് പലയിടത്തും കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍

കോഴിക്കോട്/മലപ്പുറം: കോഴിക്കോടും മലപ്പുറത്തും യുഡിഎഫില്‍ പൊട്ടിത്തെറി. കോഴിക്കോട് ജില്ലയില്‍ ആര്‍എസ്പി ഇടതുമുന്നണിക്ക് പിന്തുണ നല്‍കും. പാര്‍ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യുഡിഎഫിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ആര്‍എസ്പിയുടെ പുതിയ നീക്കം. മലപ്പുറം ജില്ലയില്‍ പന്ത്രണ്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരിക്കും.

കോഴിക്കോട് ജില്ലയില്‍ സീറ്റ് വിഭജനത്തില്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കാന്‍ ആര്‍എസ്പി തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തില്‍ കോടഞ്ചേരി ഡിവിഷനിലും കട്ടിപ്പാറ ഡിവിഷനിലും ആര്‍എസ്പി ഒറ്റക്ക് മത്സരിക്കും. കോര്‍പറേഷനില്‍ 37-ാം വാര്‍ഡിലും 47-ാം വാര്‍ഡിലും മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാദാപുരം, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകളിലെയും വിവിധ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ആര്‍എസ്പി മത്സരിക്കാത്ത സീറ്റുകളില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ജില്ലാ സെക്രട്ടറി കെപി രാജന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. പന്ത്രണ്ട് പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും യുഡിഎഫ് സംവിധാനം തകര്‍ന്നു. സമവായ ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനാല്‍ ഇവിടെ കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ മത്സരിക്കാനാണ് തീരുമാനം. മലപ്പുറത്ത് പ്രശ്‌നം പരിഹരിക്കാനുള്ള നേതൃതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കൂടുതല്‍ സ്ഥലങ്ങളില്‍ കോണ്‍ഗ്രസും ലീഗും ചേരിതിരിഞ്ഞ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലാ യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാനും പാര്‍ടി മത്സരിക്കാത്ത ഇടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനും ആര്‍എസ്പി തീരുമാനിച്ചത്. സീറ്റ് ധാരണയിലെത്തുന്നതിന് രണ്ട് തവണ യുഡിഎഫ് യോഗം ചേര്‍ന്നപ്പോഴും അര്‍ഹമായ പരിഗണന വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് നേതൃത്വം തയ്യാറായില്ല. നിലവില്‍ മുസ്ലീംലീഗും കോണ്‍ഗ്രസും ജെഡിയുവും നേരത്തെ മത്സരിച്ചിരുന്ന സ്ഥലത്ത് അവര്‍ തന്നെ മത്സരിച്ചാല്‍ മതിയെന്നായിരുന്നു യുഡിഎഫ് തീരുമാനം. ഉന്നതാധികാര സമിതിയിലും അവഗണന നേരിടാനായിരുന്നു ആര്‍എസ്പിയുടെ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News