സംഘപരിവാര്‍ വിചാരിച്ചാല്‍ ഇന്ത്യയിലെ മതേതരത്വം നഷ്ടപ്പെടില്ല; ബീഫ് മൂലം കൊലപാതകം നടന്ന ബിസാഡയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാംഗല്യം ഒരുക്കിയത് ഹിന്ദു സഹോദരന്‍മാര്‍

ബിസാഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിസഡ ഗ്രാമം ഇന്ന് രാജ്യമെങ്ങും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന നിരപരാധിയെ ഒരുകൂട്ടം മതഭ്രാന്തന്‍മാര്‍ തല്ലിക്കൊന്ന നാടാണത്. എന്നാല്‍, ഈ ഒരു സംഭവത്തിന്റെ പേരില്‍ ആ ഒരു ഗ്രാമത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ വരട്ടെ. മനുഷ്യത്വവും മതേതരത്വവും ഇന്നും മരിച്ചിട്ടില്ല ഗ്രാമവാസികളിലെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്ത കൂടി കേള്‍പ്പിക്കാം. ബിസഡയിലെ ഹക്കീം എന്ന മുസ്ലിമിന്റെ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നത് ആ ഗ്രാമവാസികളാണ്. ഗ്രാമവാസികള്‍ പണം സ്വരൂപിച്ചാണ് വിവാഹത്തിനുള്ള പണം കണ്ടെത്തുന്നത്. ഇതേ ദാദ്രിയില്‍ തന്നെയായിരുന്നു സെപ്തംബര്‍ 28ന് മുഹമ്മദ് അഖലാഖ് കൊല്ലപ്പെട്ടതും.

ബീഫ് സംഭവം ഉണ്ടാകുന്നതു വരെ ബിസാഡയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചായിരുന്നു താമസിച്ചു കൊണ്ടിരുന്നതും. ഇന്നായിരുന്നു ഹക്കീമിന്റെ രണ്ട് പെണ്‍മക്കളുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, അതിനിടെ അഖ്‌ലാഖിന്റെ മരണം നടന്നതോടെ ഭീതിയിലായ ഹക്കീമും കുടുംബവും ഗ്രാമത്തില്‍ നിന്ന് താമസം മാറാനും കല്യാണം മറ്റെവിടെയെങ്കിലും വച്ച് നടത്താനും തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ ഗ്രാമത്തിലെ മുതിര്‍ന്ന ഹിന്ദുക്കള്‍ ഹക്കീമിന്റെ അടുത്ത് വരുകയും വിവാഹവേദി മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് മറ്റുചില ഹിന്ദു സഹോദരന്‍മാര്‍ വിവാഹത്തിന് ധനസഹായം കൂടി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. ഭക്ഷണവും പന്തലും അടക്കം എല്ലാ കാര്യങ്ങളും അവര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.

ബിസാഡ പ്രൈമറി സ്‌കൂളിലായിരുന്നു വിവാഹം. ഹക്കീമിന്റെ മക്കളായ സെയ്ത്തൂനെയും രേഷ്മയെയും നാസിമും മോബിനും വിവാഹം ചെയ്തു. നാസിം സദുള്ളപൂര്‍ നിവാസിയാണ്. മോബിന്‍ പിയാവാലി ഗ്രാമത്തില്‍ നിന്നും. ബിസാഡയുടെ അയല്‍ഗ്രാമമാണ് പിയാവാലി. തങ്ങളുടെ ഗ്രാമം ഒരു വലിയ കൂട്ടുകുടുംബം പോലെയാണ് കഴിയുന്നതെന്ന് ഹക്കീം പറഞ്ഞു. ഞങ്ങള്‍ എല്ലാവരും പരസ്പരം സഹായിക്കാറുണ്ട്. ഗ്രാമത്തിലെ ഹിന്ദുക്കളായ സഹോദരങ്ങള്‍ തന്നെ സാമ്പത്തികമായും ശാരീരികമായും സഹായിച്ചിട്ടുണ്ടെന്നും ഹക്കീം വ്യക്തമാക്കി.

1,000 പേരെയാണ് ഹക്കീമിന്റെ കുടുംബം വിവാഹത്തിന് ക്ഷണിച്ചിരുന്നത്. എന്നിട്ടും ഗ്രാമവാസികള്‍ 1,500 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കിവച്ചു. മട്ടര്‍ പനീര്‍, ദഹി ഭല്ലി, പൂരി, നാന്‍ എന്നിവയായിരുന്നു ഭക്ഷണം. രസഗുള, ജിലേബി തുടങ്ങിയ മധുരപലഹാരങ്ങളും ഒരുക്കിയിരുന്നു. ദാദ്രി സംഭവമുണ്ടായതിന് ശേഷമാണ് ഗ്രാമത്തിന്റെ ഒത്തുചേരല്‍ എന്നു വിചാരിക്കേണ്ട. വിവാഹവേദി മാറ്റാന്‍ ഹക്കീം തീരുമാനമെടുത്തപ്പോള്‍ തന്നെ വിവാഹം തന്നെ നടത്തിക്കൊടുക്കാന്‍ ഹിന്ദുക്കള്‍ മുന്നോട്ട് വന്നത് ഗ്രാമത്തിന്റെ മതേതരത്വത്തിന് തെളിവാണ്. ഹിന്ദു കുടുംബങ്ങള്‍ മുസ്ലിങ്ങളെ സഹായിക്കുന്നതും തിരിച്ചും സഹായിക്കുന്നതും ഗ്രാമത്തില്‍ പതിവുള്ളതാണെന്ന് ഗ്രാമത്തലവന്‍ സഞ്ജയ് റാണ പറഞ്ഞു. ഇതിന് മുമ്പും ഗ്രാമത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ഹിന്ദുക്കള്‍ സഹായിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News