കാണ്‍പൂര്‍: ട്വന്റി-20 പരമ്പര നാണംകെട്ട് അടിയറ വച്ചതിനു പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് നാണംകെട്ട തുടക്കം. കാണ്‍പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അവസാനം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ 150 റണ്‍സിനും ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല. അഞ്ചുറണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്. 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിംഗ്‌സ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സില്‍ അവസാനിച്ചു. 60 റണ്‍സെടുത്ത അജിന്‍ക്യ രഹാനെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രോഹിതിന് പിന്തുണ നല്‍കിയത്.
ഇന്നിംഗ്‌സ് ആരംഭിച്ച് അധികം വൈകുന്നതിനു മുമ്പുതന്നെ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മ്മ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. വണ്‍ഡൗണായി എത്തിയ രഹാനെ മികച്ച പിന്തുണയും നല്‍കി. പതുക്കെ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ച രോഹിത് അതിനിടെ സെഞ്ചുറിയും തികച്ചു. ഇതിനിടെ സ്‌കോര്‍ 191-ല്‍ നില്‍ക്കെ രഹാനെയും 60 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന വിരാട് കോഹ്‌ലി 11 റണ്‍സെടുത്ത് കൂടാരം കയറി. ധോണിയുമായി ചേര്‍ന്നും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന രോഹിത് ഇതിനകം 150 റണ്‍സ് തികച്ചു. കരിയറില്‍ മൂന്നാം തവണയാണ് രോഹിത് 150 റണ്‍സ് തികയ്ക്കുന്നത്. സ്‌കോര്‍ 26-ല്‍ നില്‍ക്കെ രോഹിതും പുറത്തായി. ധോണി 31ഉം, റെയ്‌ന മൂന്നും സ്റ്റുവര്‍ട്ട് ബിന്നി രണ്ടും റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുന്നതിന് മുമ്പേ പവലിയനിലെത്തിയപ്പോള്‍ മധ്യനിരയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. ഡികോക്ക് 29ഉം അംല 37ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന ഡുപ്ലെസിസും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു. അര്‍ധസെഞ്ച്വറി നേടുന്നതു വരെ ശാന്തനായിരുന്ന ഡിവില്ലിയേഴ്‌സ് രൗദ്രഭാവം പൂണ്ടത് വളരെ പെട്ടെന്നായിരുന്നു. 54 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്‌സിന് അടുത്ത 50 തികയ്ക്കാന്‍ ആകെ വേണ്ടി വന്നത് 19 പന്തുകള്‍. അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവും അമിത് മിശ്രയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Get real time update about this post categories directly on your device, subscribe now.
Discussion about this post