ശാശ്വതികാനന്ദയുടെ കൊലപാതകം: ദുരൂഹതയുണര്‍ത്തി പ്രിയനും സാബുവും; മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇരുവരും മുങ്ങി; സ്വാമിയുടെ മരണം ജലസമാധിയല്ലെന്ന് ബിജു പപ്പന്‍

തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രിയനും സാബുവും മുങ്ങി. ശാശ്വതികാനന്ദയെ കൊന്നത് പ്രിയന്‍ എന്നയാളാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി നേതാവ് ബിജു രമേശ് പീപ്പിള്‍ ടിവിയിലൂടെയാണ് വെളിപ്പെടുത്തിയത്. സ്വാമിയുടെ മരണത്തില്‍ സന്തത സഹചാരിയായിരുന്ന സാബുവിന് കാര്യങ്ങല്‍ അറിയാമെന്ന ആരോപണവും പിന്നാലെ ഉയര്‍ന്നു. ഇതോടെയാണ് ഇരുവരും മുങ്ങിയത്.

പ്രിയന്‍ അപ്രത്യക്ഷനായിട്ട് രണ്ട് ദിവസം പിന്നിട്ടു. വാര്‍ത്ത പുറത്തു വന്നത് മുതല്‍ പ്രിയന്റെ പള്ളുരുത്തിയിലെ വീട് പൂട്ടിക്കിടക്കുകയാണ്. വെള്ളാപ്പള്ളി ഒരുക്കിയ രഹസ്യ താവളത്തില്‍ പ്രിയനുണ്ടെന്ന വാര്‍ത്തകളും സജീവമാണ്.

മാധ്യമങ്ങള്‍ക്ക് പിടി നല്‍കാതെ ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയായിരുന്ന സാബുവും മുങ്ങി. സ്വാമിയുടെ മരണം കൊലപാതകമാമെന്ന ആരോപണത്തെ തുടര്‍ന്ന് സാബുവിനെ ബന്ധപ്പെടാന്‍ പീപ്പിള്‍ ടിവി ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സാബുവിന്റെ മറുപടി. വര്‍ക്കല ബീച്ചിലെ ഒരു ഹോട്ടലില്‍ മാനേജരായി ജോലി നോക്കുകയാണ് സാബു. സാബുവിന്റെ വീട്ടില്‍ വിളിച്ച് അന്വേഷിച്ചുവെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാമി മരിക്കും മുന്‍പു വരെ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് സാബു. സ്വാമിയുടെ മരണശേഷം സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കി. എന്നാല്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരെ ഏര്‍പ്പെടുത്തി നുണപരിശോധനയില്‍ നിന്ന് സാബു ഒഴിവായി. സാമ്പത്തിക പരാധീനതയുള്ള സാബുവിന് ഇത്രയും പണം എവിടുന്ന് കിട്ടി എന്നത് അക്കാലത്ത് ചര്‍ച്ചയായിരുന്നു. ശാശ്വതീകാനന്ദ സ്വാമിയുടെ മരണ ശേഷം സാബുവിനെ സ്ഥലത്ത് കാണാതായതും ദുരൂഹത ഉയര്‍ത്തി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും സാബു വിട്ടുനിന്നു. സാബുവിന്‍രെ പല നിലപാടുകളും ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തിന്മേലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ശാശ്വതീകാനന്ദ സ്വാമിയുടേത് ജലസമാധിയല്ലെന്ന് ശിവഗിരി യുവജനവേദിയുടെ സെക്രട്ടറിയായിരുന്ന ബിജു പപ്പന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. ശാശ്വതികാനന്ദ സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു പപ്പന്‍ ആവശ്യപ്പെട്ടു. വിശ്വാസ്യ യോഗ്യമായ ഏജന്‍സി അന്വേഷിച്ച് സ്വാമിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത നീക്കണം. സ്വാമിയുടെ മരണദിവസം സാബു അദ്വൈതാശ്രമത്തില്‍ ഉണ്ടായിരുന്നു. മരണ ശേഷം പല കോണുകളില്‍ നിന്നും ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തി. സ്വാമിയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ലഭ്യമാക്കാന്‍ സാബുവിന് കഴിയുമെന്നും ബിജു പപ്പന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here