പോളിംഗ് ബൂത്തിലേക്ക് ബീഹാര്‍; ആദ്യഘട്ടം ജനതാ പരിവാറിനും ബിജെപിയ്ക്കും നിര്‍ണായകം

പത്ത് ജില്ലകളിലായി 49 മണ്ഡലങ്ങളാണ് ബീഹാറില്‍ ആദ്യ ഘട്ടത്തില്‍ പോളിങ്ങ് ബൂത്തിലെത്തുന്നത്. മൊത്തം സീറ്റിന്റെ 20 ശതമാനം വരുമിത്. 1,37,72,339 വോട്ടര്‍മാരുടെ മനസറിയാം. മുഖ്യമന്ത്രി നിധീഷ്‌കുമാറും ലാലു പ്രസാദ് യാദവും കോണ്‍ഗ്രസും ഒരു വശത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും റാം വിലാസ് പാസ്വാനും മാഞ്ചിയും മറുവശത്തുമായി നടത്തിയ പ്രചാരണ കോലാഹലങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പിരിമുറുക്കം ബീഹാറിന് സമ്മാനിച്ചിട്ടുണ്ട്.

1967 മുതല്‍ കോണ്‍ഗ്രസിതര സര്‍ക്കാരിനെ ബീഹാര്‍ ഭരണ കൈയ്യാളാന്‍ സഹായിച്ചിട്ടുള്ള സംവരണ പ്രശ്‌നങ്ങള്‍ ഇത്തവണയും ആളിക്കൈത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. പിന്നാലെ ഹൈന്ദവ വോട്ട് ഏകീകരണവും യാദവ വിഭാഗ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുകയും ലക്ഷ്യമിട്ട് കൊണ്ട് വന്ന ബീഫ് വിവാദവും ഏശാതെ പോയി. വികസനത്തിനും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രധാന്യം വന്നിരിക്കുന്നും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബീഹാറിലെ റോഡുകള്‍ നന്നാക്കാനും പുതിയത് നിര്‍മ്മിക്കാനും മുഖ്യമന്ത്രി നിധീഷ് കുമാറിന് കഴിഞ്ഞിട്ടുണ്ട്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍പ്പോലും വീതി കുറഞ്ഞെതെങ്കിലും നല്ല റോഡുകള്‍ കാണാം. ഇത് ചൂണ്ടികാട്ടി ഭരണതുടര്‍ച്ചയാണ് നിധീഷ്‌കുമാര്‍ പ്രചാരണത്തിലുടനീളം ആവശ്യപ്പെട്ടത്. 24 മണിക്കൂര്‍ വൈദ്യുതി ഇന്നും ഈ സംസ്ഥാനത്തിന് അപ്രാപ്യം. നഗരഹൃദയങ്ങളില്‍ 12 മണിക്കൂറാണ് വൈദ്യതി. ഗ്രാമങ്ങളില്‍ സ്ഥിതി ദയനീയം. അതിലൊരു മാറ്റം വരുത്താന്‍ കഴിയുമെന്നൊരു ആത്മവിശ്വാസം നിധീഷ് മുന്നോട്ട് വയ്ക്കുന്നു.

പക്ഷെ ഇതിലപ്പുറം മോഹന വാഗ്ദാനങ്ങള്‍ എന്‍ഡിഎ പ്രചാരണ റാലികളില്‍ കേള്‍ക്കാം. ദില്ലിയില്‍ ശ്രമിച്ച് പരാജയപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കേന്ദ്രവും സര്‍ക്കാരും ഒരേ പാര്‍ടിയായാല്‍ വികസന കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന്. ബീഹാറിലും എന്‍ഡിഎ ആവര്‍ത്തിക്കുന്നത് അത് തന്നെ. കേന്ദ്ര പാക്കേജ് പ്രഖ്യാപിച്ച് മോദി ഊതി കാച്ചിയത് കേന്ദ്രമന്ത്രിമാര്‍ പിന്നീട് എല്ലാ റാലികളിലും എണ്ണയൊഴിച്ച് കത്തിച്ച് നിറുത്തി. ഹെലിക്കോപ്റ്ററില്‍ പറന്നെത്തി കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന വാഗ്ദാനങ്ങളില്‍ ദിവസകൂലിക്കാരായ ബീഹാറിലെ ഭൂരിപക്ഷം ജനത വീണ് പോയിട്ടുണ്ടോ എന്ന സംശയം മുതിര്‍ന്ന് പല മാധ്യമപ്രവര്‍ത്തകരും പങ്ക് വയ്ക്കുണ്ട്. നിധീഷ് വികസന മുഖ്യമന്ത്രിയാണെങ്കിലും ബിജെപി അതിനെക്കാള്‍ വികസനം കൊണ്ട് വരുമെന്നൊരു വെറും പ്രതീക്ഷ ബീഹാറികള്‍ക്കിടയില്‍ പടരുന്നത് കാണാതിരിക്കാനാവില്ല.

ഇത് ഉപരി വിപ്ലവകരമായ കാര്യങ്ങള്‍, അതിനമപ്പുറം അടിസ്ഥാനം ജാതി തന്നെ. പരമ്പരാഗതമായി വിജയം നിശ്ചയിച്ചിട്ടുള്ള ജാതി വോട്ടുകള്‍ ഇത്തവണയും നിര്‍ണ്ണായകമാണ്. സ്ഥാനാര്‍ത്ഥി പട്ടിക നിശ്ചയിച്ചപ്പോള്‍ തന്നെ ഇരുമുന്നണികളും അതിന് വേണ്ടുന്ന പൊടികൂട്ടുകള്‍ കുത്തി നിറച്ചിട്ടുണ്ട്. മേല്‍ ജാതികളായ രാജ്പുത്ത്, ഭൂമിയാര്‍ വിഭാഗങ്ങള്‍ക്കും ഒപ്പം യാദവ, മുസര്‍, കുശ്വാഹ, പാസ്വന്‍ വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കി. നിധീഷ് ലാലുവുമായി സഖ്യം ചേര്‍ന്നതിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗവും ഉണ്ട്.

90മുതല്‍ ലാലുവും പിന്നെ ഭാര്യ റാബറി ദേവിയും മക്കളും ബന്ധുക്കളുമടക്കം നടത്തിയ ഭരണം ജന്മിത്വത്തിന് പുതിയ മാനം നല്‍കി. മുഖ്യമന്ത്രിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംസ്ഥാനത്ത് നടത്തിയ അഴിഞ്ഞാട്ടം ബീഹാര്‍ ജനത മറന്നിട്ടില്ല. മുസ്ലീം വോട്ടുകളോ പിന്നാക്ക വോട്ടുകളോ ഇപ്പോള്‍ ലാലുവിനെ വിശ്വസിക്കുന്നില്ല. സഖ്യത്തിന്റെ പേരില്‍ നിധീഷ് ലാലുവിന് വിട്ട് നല്‍കിയ സീറ്റുകള്‍ പരാജയം മണക്കുന്നു. പ്രത്യേകിച്ച് ലാലുവിന്റെ ഇളയ മകന്‍ മത്സരിക്കുന്ന രഗോഹ്പൂര്‍ മണ്ഡലം. 2010 തിരഞ്ഞെടുപ്പില്‍ ലാലുവിന്റെ ഭാര്യ റാബറി ദേവിയെ നിധീഷ്‌കുമാറിന്റെ പാര്‍ടി തോല്‍പ്പിച്ച മണഡലം. സഖ്യത്തിലായതോടെ മകന് വേണ്ടി ലാലു തിരിച്ച് വാങ്ങി. ആര്‍ജെഡിയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് ജെഡിയുവിന്റെ സിറ്റിങ്ങ് എംഎല്‍എ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

എന്‍.ഡി.എ മുന്നണിയിലെ പ്രശ്‌നം ആരാണ് ഏറ്റവും വലിയ ദളിത് നേതാവെന്ന ചോദ്യമാണ്. റാം വിലാസ് പാസ്വാനും മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയും ഒരേ സമയം അവകാശവാദം ഉന്നയിക്കുന്നത് കുറച്ചൊന്നുമല്ല എന്‍ഡിഎയെ കുഴക്കുന്നത്. റാം വിലസ് പാസ്വാന്റെ മകനും എംപിയുമായ ചിരാഗ് പാസ്വാനുമായി സംസാരിച്ചപ്പോഴും ദളിതര്‍ ഒപ്പമുണ്ടെന്ന അവകാശവാദമാണ് അദേഹം ഉയര്‍ത്തിയത്. സഖ്യകക്ഷി നേതാവാണെങ്കിലും ഇക്കാര്യത്തില്‍ ജിതില്‍ റാം മാഞ്ചിയെ നിഷ്‌കരുണം തള്ളി കളയുകയാണ് പാസ്വാന്റെ ലോക്ജന്‍ ശക്തി നേതാക്കള്‍.

പത്ത് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സമസ്ഥിപൂര്‍ ജില്ലയാണ് ആദ്യ ഘട്ട വോട്ടെടുപ്പില്‍ പ്രധാന്യമുള്ള ജില്ല. അഞ്ചോളം റാലികള്‍ നരേന്ദ്രമോദി ഇവിടെ നടത്തി. തൊട്ടടുത്തുള്ള ജില്ലയാണ് ബഗുസറായി. ഒരു കാലത്ത് ഉത്തരേന്ത്യയുടെ ലെനിന്‍ ഗ്രെഡ് എന്ന പേരില്‍ അറിയപ്പെട്ട ഇടത് കോട്ട. ബഗുസറായിലെ ബച്ചുവാര എന്ന കര്‍ഷക മണ്ഡലത്തില്‍ ഇപ്പോഴും വിജയിച്ച് വരുന്നത് സിപിഐ സ്ഥാനാര്‍ത്ഥിയാണ്. ഇത്തവണയും സീറ്റ് നില നിര്‍ത്താന്‍ സിറ്റിങ്ങ് എംഎല്‍എ അബേദേശ് കുമാര്‍ റായി മത്സരിക്കുന്നു. ഒരു പതിറ്റാണ്ടായി എംഎല്‍എയായിരിക്കുന്ന അബേദേശ് കുമാറ് റായിക്ക് സ്വന്തമായി വീട് പോലുമില്ല. ഞങ്ങള്‍ മണ്ഡലത്തില്‍ എത്തുമ്പോള്‍ ഒരു പറ്റം കര്‍ഷകര്‍ക്ക് ഒപ്പമായിരുന്നു മധ്യവയസ്‌കനായ അബ്‌ദേശ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെക്കുറിച്ച് നല്ല അറിവുള്ള അബ്‌ദേശ് സിപിഐയുടെ കര്‍ഷക നേതാവ് കൂടിയാണ്.

മാവോയിസ്റ്റ് മേഖലയായ ജമ്മോയി ജില്ലയിലെ നാലു മണ്ഡലങ്ങളും ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പോസ്റ്റുകള്‍ പതിപ്പിച്ചിട്ടുണ്ട് പ്രദേശവാസികള്‍ ഞങ്ങളോട് പറഞ്ഞു. പക്ഷെ ക്യാമാറാമാന്‍ രാജീവ് കണ്ണാടിയും ഞാനും എത്തുമ്പോഴേയ്ക്കും നഗരത്തിലും ഗ്രാമങ്ങളിലും പതിച്ചിരുന്ന എല്ലാ പോസ്റ്ററുകളും ബീഹാര്‍ പോലീസ് നീക്കം ചെയ്തിരുന്നു. ഒരു മാധ്യത്തിനും ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് പോലീസ്. ഭീതിയിലാണ് ജില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വോട്ടിങ്ങ് സമയം ഇവിടെ കുറവാണ്. രാവിലെ 7 മണിയ്ക്ക് ആരംഭിക്കുന്ന വോട്ടിങ്ങ് വൈകുന്നേരം മൂന്ന് മണിയ്ക്ക് സമാപിക്കും.

ദളിത് വിഭാഗങ്ങള്‍ ഉള്ള ഈ പാര്‍ലമെന്റ് മണ്ഡലത്തില്‍ റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനാണ് എംപി. മുന്‍ ബീഹാര്‍ മന്ത്രി നരേന്ദ്രസിങ്ങിന്റെ മകന്‍ അജയ് സിങ്ങ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ആര്‍ജെഡിയുടെ വിജയ് പ്രകാശ് എതിര്‍ സ്ഥാനാര്‍ത്ഥി. നരേന്ദ്രമോദിയ്ക്ക് ജമ്മോയി ജില്ലയില്‍ പ്രചാരണം നടത്താന്‍ സുരക്ഷ ക്ലിയറന്‍സ് ലഭിച്ചില്ല. പകരം വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണം നടത്തി.

ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പത്ത് ജില്ലകളില്‍ ആറെണ്ണത്തിലും ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായിരുന്നു വിജയം. പക്ഷെ 2010ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തിലെ 49ല്‍ 29ലും വിജയിച്ചത് നിധീഷ്‌കുമാറിന്റെ ജെഡിയു. 13 സീറ്റുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്. സിപിഐയ്ക്ക് ഒന്നും ആര്‍ജെഡിയ്ക്ക് നാലും ജെഎംഎമ്മിന് ഒന്നും എന്നാണ് സീറ്റ് നില. ആദ്യ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ജനവിധിയുടെ പോക്ക് മനസിലാക്കാമെന്ന കണക്ക് കൂട്ടല്‍ ഇരുമുന്നണികളും പങ്ക് വയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News