സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം; ഗോവയെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു; ലീഗില്‍ ചെന്നൈയുടെ ആദ്യജയം

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ലീഗിലെ ആദ്യജയം. എഫ്‌സി ഗോവയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ചെന്നൈയിന്‍ തോല്‍പിച്ചത്. സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രിക് ആണ് ചെന്നൈയ്ക്ക് അനായാസജയം സമ്മാനിച്ചത്. 10, 63, 75 മിനിറ്റുകളിലായിരുന്നു മെന്‍ഡോസയുടെ ഗോളുകള്‍. 43-ാം മിനിറ്റില്‍ എലാനോയാണ് ശേഷിക്കുന്ന ഒരു ഗോള്‍ നേടിയത്.

തുടക്കം മുതല്‍ കളംനിറഞ്ഞു കളിച്ചത് ചെന്നൈയിന്‍ ആയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിരാശരാക്കിയതിന് ആരാധകര്‍ക്കുള്ള സമ്മാനം കൂടിയായിരുന്നു ആ കളി. കളിതുടങ്ങി പത്താംമിനിറ്റില്‍ തന്നെ ചെന്നൈ ലീഡെടുത്തു. എലാനോ ക്രോസ് ചെയ്തുകൊടുത്ത പന്ത് കൂട്ടപ്പൊരിച്ചിലിനൊടുവില്‍ മെന്‍ഡോസ തട്ടി വലയിലാക്കി. ആദ്യഗോളിന് വഴിയൊരുക്കിയ എലാനോ തന്നെയാണ് രണ്ടാം ഗോള്‍ നേടിയതും. ആദ്യപകുതിയില്‍ രണ്ടുഗോളുകള്‍ക്ക് പിന്നിലായ എഫ്‌സി ഗോവയ്ക്ക് പിന്നീടൊരിക്കലും തിരിച്ചുവരാന്‍ സാധിച്ചില്ല.

രണ്ടാംപകുതിയിലും കളം നിറഞ്ഞു കളിച്ച ചെന്നൈയിന്‍ 63-ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി. ഇത്തവണയും എലാനോ വഴി മെന്‍ഡോസയായിരുന്നു സ്‌കോര്‍ ചെയ്തത്. മൂന്നുഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച് ഗോള്‍ മടക്കാന്‍ ഗോവ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പവലതവണ ചെന്നൈയിന്‍ ഗോള്‍മുഖത്ത് പന്തെത്തിയെങ്കിലും വലകുലുക്കാനായില്ല. 75-ാം മിനിറ്റില്‍ മാനസികമായി തളര്‍ന്നു പോയ ഗോവയുടെ ആളില്ലാ പ്രതിരോധം മുതലാക്കി മെന്‍ഡോസ തന്റെ ഹാട്രികും ചെന്നൈയുടെ നാലാം ഗോളും സ്വന്തമാക്കി. ലീഗില്‍ ചെന്നൈയുടെ ആദ്യജയമായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News