ഭക്ഷണവും സംഗീതവും തീവ്രശക്തികൾ നിയന്ത്രിക്കുന്ന കാലഘട്ടത്തിലാണ് രാജ്യം; അദ്വാനി ഫാസിസ്റ്റ് പ്രവണതകളെ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്ന് എംഎ ബേബി

ദില്ലി: ഭക്ഷണവും സംഗീതവുമെല്ലാം തീവ്രശക്തികൾ നിയന്ത്രിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പങ്കെടുത്ത ചടങ്ങിലാണ് വർദ്ധിച്ചു വരുന്ന ഫാസിസ്റ്റ് പ്രവണതകളെ കുറിച്ച് ബേബി പരാമർശിച്ചത്. മറ്റ് മതങ്ങളോടുള്ള അസഹിഷ്ണത വേരോടെ പിഴുതെറിയണമെന്ന് അദ്വാനിയും പറഞ്ഞു.

ദില്ലി കേരള ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടന്ന വിപി മേനോൻ അനുസ്മരണ ചടങ്ങിലാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുന്ന സമീപകാല സംഭവങ്ങൾ എംഎ ബേബി ചൂണ്ടിക്കാട്ടിയത്. ദേശീയോദ്ഗ്രഥനത്തിന് അമൂല്യ സംഭാവനകൾ നൽകിയ മേനോനെ അനുസ്മരിക്കുമ്പോൾ ഇന്ത്യ എന്ന ആശയം രൂപപ്പെട്ടതിനു പിന്നിലുള്ള ഘടകങ്ങൾ മറക്കരുതെന്ന് ബേബി പറഞ്ഞു. തിരുവിതാംകൂർ ഉൾപ്പെടെയുള്ള നാട്ടുരാജ്യങ്ങൾ ഇന്ത്യയോട് ചേർക്കാൻ പുന്നപ്ര വയലാറിലെ നിരക്ഷരരായ തൊഴിലാളികൾ നൽകിയ സംഭാവന വിസ്മരിക്കരുത്. വിപി മേനാൻ വിദ്യാഭ്യാസം നേടിയത് മുസ്ലീം മദ്രസ സ്‌കൂളിലാണെന്ന് സ്മരിക്കുമ്പോൾ രാജ്യത്തിന്റെ വിദ്യാഭ്യസ പുരോഗതിക്ക് മദ്രസകളും ബിഷപ്പുമാരും നൽകിയ സംഭാവനകൾ കൂടി ഓർക്കണം. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യയുടെ നിലനിൽപിന് ഈ വൈവിധ്യങ്ങൾ അഭിവാജ്യ ഘടകമാണ്. എന്നാൽ പാക് ഗായകൻ ഗുലാം അലിയെ വിലക്കിയും എആർ റഹ്മാന് ഫത്വ നൽകിയും രാജ്യത്ത് തീവ്രശക്തികൾ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്ന് ബേബി പറഞ്ഞു.

എൽകെ അദ്വാനി ഇത്തരം ഫാസിസ്റ്റ് പ്രവണതകളെ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന അദ്വാനിക്ക് ആരെങ്കിലും പുസ്തക നിരോധനം ഏർപ്പെടുത്തിയാൽ എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും ബേബി ചോദിച്ചു. മത അസഹിഷ്ണത ജാതി വിവേചനം, ലിംഗ അസമത്വം തുടങ്ങിയവ വേരോടെ പിഴുതെറിയണമെന്ന് അദ്വാനി പറഞ്ഞു. ബിജെപി നേതാവ് ഒ രാജഗോപാൽ, മാധ്യമപ്രവർത്തകൻ ടി വി ആർ ഷേണായ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News