ബീഹാറിൽ വോട്ടിംഗ് ആരംഭിച്ചു; ജനവിധി തേടുന്നത് 49 മണ്ഡലങ്ങളിൽ 583 സ്ഥാനാർഥികൾ; വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെ

ദില്ലി: ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ 49 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനം വിധിയെഴുതുന്നത്. പത്ത് ജില്ലകളിലായുള്ള 49 മണ്ഡലങ്ങളിൽ നിന്ന് 583 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1,35,72,339 വോട്ടർമാരാണ് ഇവിടെയുള്ളത്. രാവിലെ ഏഴിന് ആരംഭിക്കുന്നന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനിൽക്കുന്ന ചില മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം മൂന്ന് മണി വരെയായി കുറച്ചിട്ടുണ്ട്.

ജെഡിയു, ആർജെഡി, കോൺഗ്രസ് ഉൾപ്പെട്ട വിശാല സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. സിപിഐ, സിപിഐഎം, സിപിഐ(എംഎൽ), ഫോർവേഡ് ബ്ലോക്ക്, എസ്‌യുസിഐസി എന്നീ കക്ഷികളും മുന്നണിയായി മത്സരരംഗത്തുണ്ട്. ജെഡിയു 24 സീറ്റിലും ആർജെഡി പതിനേഴിടത്തും കോൺഗ്രസ് എട്ടിടത്തും ജനവിധി തേടുന്നു. ആദ്യ ഘട്ടത്തിൽ 27 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎ ഘടകകക്ഷികളായ എൽജെപി (13), ആർഎൽഎസ്പി (ആറ്), ഹിന്ദുസ്ഥാനി അവാം മോർച്ച (മൂന്ന്) എന്നീ കക്ഷികളും ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.

49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെയും സംസ്ഥാന പൊലീസിനെയും പോളിംഗ് സ്‌റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാനായി വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ വിമാനങ്ങളും ഹെലികോപ്റ്ററുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. നവംബർ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക. നവംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News