മുൻ പാക് മന്ത്രിയുടെ പുസ്തക പ്രകാശനം; സംഘാടകന്റെ മുഖത്ത് ശിവസേന കരിഓയിൽ ഒഴിച്ചു; സേനയുടെ ഭീഷണി വകവയ്ക്കാതെ ചടങ്ങ് നടത്തുമെന്ന് സുധീന്ദ്ര കുൽക്കർണി

മുംബൈ: മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുധീന്ദ്ര കുൽക്കർണിക്കു നേരെ ശിവസേനയുടെ ആക്രമം. ഒരു സംഘം സേനാ പ്രവർത്തകർ തന്റെ വീട്ടിലെത്തി മുഖത്ത് കരിഓയിൽ ഒഴിച്ചെന്ന് കുൽക്കർണി പറഞ്ഞു.

കരിഓയിൽ ആക്രമണത്തിൽ പിന്നിൽ ശിവസേനയാണ്. സേനയുടെ ഭീഷണി വകവയ്ക്കുന്നില്ല. ഇനി എന്തു വെല്ലുവിളി ഉണ്ടായാലും പുസ്തക പ്രകാശന ചടങ്ങ് നടത്തുമെന്ന് കുൽക്കർണി പറഞ്ഞു. ചടങ്ങ് തടയാനുള്ള ഒരു അവകാശവും ശിവസേനയ്ക്കില്ല. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുൽക്കർണി പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖുർഷിദ് മഹമൂദ് കസൂരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തെ ന്യായീകരിച്ച് ശിവസേന രംഗത്തെത്തി. സേനാ പ്രവർത്തകരെ ഓർത്ത് അഭിമാനമുണ്ടെന്നും കുൽക്കർണിയുടെ മുഖത്ത് ഒഴിച്ചത് രക്തസാക്ഷികളുടെ രക്തമാണെന്ന് സേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ചടങ്ങ് റദ്ദാക്കണമെന്നും സംഘടിപ്പിച്ചാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ശിവസേന കുൽക്കർണിയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. മുംബൈയിൽ വച്ച് ഇന്ന് പുസ്തകം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാൻ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന ചടങ്ങിനെ എതിർത്തത്. പരിപാടി നടത്തരുതെന്ന് ചൂണ്ടിക്കാട്ടി ശിവസേന പ്ലാനറ്റോറിയം അധികൃതർക്കും കത്ത് നൽകിയിരുന്നു. നെയ്ദർ എ ഹോക്ക് നോർ എ ഡവ്: ആൻ ഇൻസൈഡേർസ് അക്കൗണ്ട് ഓഫ് പാകിസ്താൻസ് ഫോറിൻ പോളിസി എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. സുധീന്ദ്ര കുൽക്കർണി ചെയർമാനായുള്ള ദ് ഓബ്‌സർവർ റിസർച് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ.

നേരത്തെ പാക് ഗായകൻ ഗുലാം അലി ഖാന്റെ സംഗീതപരിപാടി ശിവസേനയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News