മോദിയുടെ മണ്ഡലത്തില്‍ ഘര്‍വാപസി; 300 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ 300 ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി ആരോപണം. ശുദ്ധീകരണ്‍ എന്നു പേരിട്ട് നടത്തിയ ഘര്‍വാപസിയിലാണ് മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഔസന്‍പൂര്‍ വില്ലേജില്‍ മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്ത്യന്‍ മതവിശ്വാസികളെയാണ് പരിവര്‍ത്തനം നടത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔസന്‍പൂര്‍ വില്ലേജില്‍ സ്ഥാപിതമായ ക്രിസ്ത്യന്‍ പള്ളിയില്‍ സ്ഥിരമായി പോകുകയും ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ചെയ്തവരാണ് ഇവര്‍. ഇവരില്‍ നിന്നും ബൈബിള്‍ പിടിച്ചു വാങ്ങിക്കൊണ്ടു പോകുകയും പകരം ഗീതയും ഹനുമാന്‍ ചലിസയും നല്‍കുകയും ചെയ്തു. ധര്‍മ ജാഗരണ്‍ സമന്വയ സമിതി എന്ന സംഘടനയാണ് മതപരിവര്‍ത്തനം നടത്തിയത്.

38 കുടുംബങ്ങളില്‍ നിന്നായി 315 പേരെ മതപരിവര്‍ത്തനം നടത്തിയതായി ധര്‍മ്മ ജാഗരണ്‍ സമന്വയ സമിതിയുടേതായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അവകാശപ്പെടുന്നു. ഹിന്ദുമതത്തില്‍ നിന്ന് വിട്ടുപോയവരെ തിരികെ പൂര്‍വിക മതത്തിലേക്ക് കൊണ്ടുവന്നു എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംഘപരിവാറിന്റെ അംഗീകൃത സംഘടനയാണ് ധര്‍മ്മ ജാഗരണ്‍ സമിതി എന്ന് ആര്‍എസ്എസും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഔസന്‍പൂരില്‍ മതപരിവര്‍ത്തനം നടന്നതായുള്ള വാര്‍ത്ത ആര്‍എസ്എസ് നിഷേധിച്ചു. ഏതാനും ദിവസങ്ങളായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഔസന്‍പൂരിലുണ്ടായിരുന്നു. മൂന്നുദിവസം കൂടി ഭാഗവത് സ്ഥലത്തുണ്ടാകുമെന്നാണ് ആര്‍എസ്എസ് നേതൃത്വം അറിയിക്കുന്നത്.

മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന് പറയപ്പെടുന്ന ധര്‍മ ജാഗരണ്‍ സമിതിയുടെ ചന്ദ്രം ബിന്ദിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ മേല്‍നോട്ടത്തിലാണ് മതപരിവര്‍ത്തനം നടന്നതെന്ന് വാര്‍ത്താകുറിപ്പിലുണ്ടായിരുന്നു. മറ്റു രണ്ടുപേര്‍ ചാക്ക ഗ്രാമത്തിലെ പ്രധാനിയായ മധുബന്‍ യാദവ്, ശിവ്ബച്ചന്‍ ഗുപ്ത എന്നിവര്‍ ഒളിവിലാണ്. എന്നാല്‍ താന്‍ നടത്തിയത് പ്രാര്‍ത്ഥനായോഗം മാത്രമാണെന്ന് ചന്ദ്രം ബിന്ദ് പറഞ്ഞു. നാലു പെണ്‍മക്കള്‍ക്ക് ശേഷം തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതിനാണ് പ്രാര്‍ത്ഥനായോഗം അമ്പലത്തില്‍ നടത്തിയത്. എന്നാല്‍ ഇതിനെ മറ്റുചിലര്‍ മതപരിവര്‍ത്തനമായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

എന്നാല്‍, തങ്ങള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയിട്ടുണ്ടായിരുന്നില്ലെന്നാണ് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ പറയുന്നത്. എട്ടുവര്‍ഷം മുമ്പ് സ്ഥാപിതമായ ക്രിസ്ത്യന്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ഇതിനെയാണ് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ന്നു എന്നു പ്രചരിച്ചത് എന്നു പറയുന്നു. വിശ്വാസമാണ് മാറിയതെന്നും മതമല്ലെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News