തിരുവനന്തപുരം: നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ. 20-ാം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിൽ നിന്ന് എന്നു നിന്റെ മൊയ്തീനെ ഒഴിവാക്കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു വിമൽ.
മത്സര വിഭാഗത്തിൽ പരിഗണിക്കുമെന്ന് പറഞ്ഞാണ് ചിത്രം അക്കാദമി വാങ്ങിയത്. എന്നാൽ ചിത്രം ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് വിമൽ വ്യക്തമാക്കി. ആരാണ് സിനിമ കണ്ടതെന്നോ, ജൂറിയിലെ ആരാണ് സിനിമയെ വിലയിരുത്തിയതെന്നോ അറിയില്ല. നല്ലതിനെ തിരസ്‌കരിക്കാതിരിക്കാൻ നല്ല മനസ് തന്നെ വേണമെന്നും വിമൽ പറഞ്ഞു.
കേരളം ഏറെ ചർച്ച ചെയ്ത ചരിത്രസംഭവത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച ചിത്രമാണ് മൊയ്തീൻ. അത്തരമൊരു സിനിമ എന്തു കൊണ്ട് ലോകസിനിമകളോട് മത്സരിച്ച് കൂടാ. ഇത് എന്റെ സിനിമയായത് കൊണ്ടോ, പ്രഥ്രിരാജ് അഭിനയിച്ചത് കൊണ്ടോ അല്ല. ലോകനിലവാരത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണെന്ന് തോന്നിയത് കൊണ്ട് മാത്രമാണ്. കേരളത്തിൽ നടക്കുന്ന അന്താരാഷ്ട്ര മേളയിൽ അതിന്റെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ചിത്രത്തിന് യോഗ്യതയില്ലെങ്കിൽ വേണ്ട. നിലവിൽ തീയേറ്ററുകളിൽ സിനിമ കളിച്ചു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണിത്. തീയേറ്ററുകളിൽ നല്ല അഭിപ്രായം നേടി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നില്ലെങ്കിൽ, ഇന്നത്തെ സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ട് മാത്രമാണ് താൻ ചിത്രം മേളയിൽ നിന്ന് പിൻവലിച്ചതെന്ന് വിമൽ കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞു.
മേള നടക്കുന്ന സമയത്ത് തിരുവനന്തപുരത്തെ മറ്റു തീയേറ്ററുകളിൽ ചിത്രമുണ്ടാകും. മത്സരവിഭാഗത്തിൽ നിന്ന് ചിത്രത്തെ ഒഴിവാക്കിയതിൽ തനിക്ക് പ്രതിഷേധമില്ലെന്നും വിമൽ പറഞ്ഞു. അതിന് ജൂറിക്ക് വ്യക്തമായ കാരണങ്ങളുണ്ടാകും. ചിത്രം തഴഞ്ഞതിന് പിന്നിൽ ആരുടെയെങ്കിലും ഇടപെടലോ, ഗൂഢാലോചന ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും വിമൽ വ്യക്തമാക്കി.
മൊയ്തീൻ വാണിജ്യ സിനിമയാണെന്ന് പറയുന്ന സംവിധായൻ ഡോ. ബിജു ആർട്ട് സിനിമയെന്താണെന്നും വാണിജ്യ സിനിമ എന്താണെന്നും വ്യക്തമാക്കണമെന്നും വിമൽ ആവശ്യപ്പെട്ടു. ചലച്ചിത്ര മേളയുടെ ലക്ഷ്യം എന്താണ് എന്ന പ്രാഥമിക ബോധ്യം പോലും ഇല്ലാത്ത തരത്തിലാണ് ചില സിനിമകൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും ചലച്ചിത്ര മേളകളുടെ ലക്ഷ്യം വിനോദ സിനിമകളുടെ പ്രദർശനമല്ലെന്നും ബിജു അഭിപ്രായപ്പെട്ടിരുന്നു. ഈ വർഷത്തെ മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് നോക്കി കാണുമ്പോൾ ഒരു കാര്യം കൂടി സൂചിപ്പിക്കാതിരിക്കാനാകുന്നില്ലെന്ന ആമുഖത്തോടെയാണ് ബിജു ഇക്കാര്യം പറഞ്ഞത്.
‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നു നിന്റെ മൊയ്തീൻ, സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐൻ, ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികൾ, സലിം അഹമ്മദിന്റെ പത്തേമാരി, സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, വി.കെ. പ്രകാശിന്റെ നിർണായകം, ആർ. ഹരികുമാറിന്റെ കാറ്റും മഴയും എന്നിവയാണ് മറ്റു ചിത്രങ്ങൾ. ജയരാജ് സംവിധാനം ചെയ്ത ‘ഒറ്റാൽ’, സതീഷ് ബാബുസേനന്റെ ‘ചായംപൂശിയ വീട്’ എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.
മാലതി സഹായ് അധ്യക്ഷയും എം.എഫ് തോമസ്, ചന്ദ്രശേഖർ, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഡിസംബർ നാലു മുതൽ 11 വരെയാണ് ചലച്ചിത്രമേള.

Get real time update about this post categories directly on your device, subscribe now.