പരാജയത്തില്‍ നിന്ന് പാഠം പഠിക്കാത്ത ടീം ഇന്ത്യ; മാന്യന്‍മാരുടെ ഗെയിമിന് ഇന്ത്യയില്‍ മരണമണി മുഴങ്ങുന്നോ?

വിജയം പടിവാതിലില്‍ വച്ച് വലിച്ചെറിഞ്ഞതിന്റെ നിരാശയുണ്ടാകും ധോണിക്കും സംഘത്തിനും. രോഹിതും ധോണിയും ക്രീസില്‍ നില്‍ക്കെ അനായാസം വിജയം സ്വപ്നം കണ്ടതാണ്. അവിടെ നിന്നും 5 റണ്ണിന്റെ തോല്‍വി. ഒരുഘട്ടത്തിലും 270 റണ്ണിനപ്പുറം കടക്കാനിടയില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സിനെ 300ലെത്തിച്ചത് ഇന്ത്യന്‍ ബൗളര്‍മാരാണ്. 40 ഓവര്‍ വരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്നീടങ്ങോട്ട് ധാരാളികളായി. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ടു വന്നതോടെ മികച്ച ഒരു ഫിനിഷറുടെ അഭാവം ഇന്ത്യയെ വല്ലാതെ ബാധിക്കുകയും ചെയ്തു. റെയ്‌നയെ ആ ജോലി ഏല്‍പ്പിച്ചത് വിജയമല്ലെന്ന് വേണം കരുതാന്‍.

India-2015-Cricket-Team

ട്വന്റി-20 പരമ്പര അടിയറവു വച്ചതു മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങി. തിരിച്ചു വരവിനുള്ള അവസാന അവസരമാണ് ഏകദിന പരമ്പര. പരീക്ഷണങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഈ ബൗളിംഗ് നിരയുമായി ഇന്ത്യയ്ക്ക് ലോകകപ്പിന് പോകാനാകില്ല. ലോകകപ്പ് മാത്രമല്ല. അതിലും വലിയ വെല്ലുവിളിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നേരിടേണ്ടത്. നിലനില്‍പ്പിനുള്ള പോരാട്ടം. എന്നും ഇന്ത്യന്‍ താരങ്ങളെ പൂവിട്ട് പൂജിക്കുന്ന ആരാധകരെന്ന വിഭാഗത്തിന്റെ വിശ്വാസം ഇന്ത്യ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ആത്മവിശ്വാസമില്ലായ്മ ഇന്ത്യയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അത് ഈ പരമ്പര മുതലല്ല. കഴിഞ്ഞ ലോകകപ്പു മുതല്‍. ലോകകപ്പിന് വാനോളം പ്രതീക്ഷകള്‍ പറഞ്ഞിരുന്നെങ്കിലും, ക്യാപ്റ്റന്‍ ധോണിക്ക് പോലും അറിയാമായിരുന്നു അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന്. തോല്‍വികള്‍ വരുമ്പോള്‍ വിമര്‍ശിക്കാതെയും, വിജയത്തില്‍ വാനോളം പുകഴ്ത്തിയും ഇന്ത്യന്‍ താരങ്ങളെ ഇങ്ങനെ വഷളാക്കിയത് ബിസിസിഐ തന്നെയാണ്.

തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും, അതു തിരുത്തിക്കാനുമുള്ള ആര്‍ജവമല്ല, പകരം ഐപിഎല്ലിന്റെ തലപ്പത്തെത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് കുറേ കാലങ്ങളായി ബിസിസിഐ അംഗങ്ങള്‍ നടത്തി പോരുന്നത്. പണമെറിഞ്ഞ് പണം വാരാനുള്ള വ്യഗ്രത. അതിന് ആരാധകര്‍ നല്‍കിയ സമ്മാനം എന്താണെന്ന് അറിയണമെങ്കില്‍ കഴിഞ്ഞ സീസണ്‍ മാത്രം നോക്കിയാല്‍ മതിയാകും. ഭൂരിഭാഗം മത്സരങ്ങള്‍ക്കും ഒഴിഞ്ഞ ഗ്യാലറികള്‍. ഇങ്ങനെ പോയാല്‍, ഒരു കാലത്ത് മൈതാനം നിറഞ്ഞു കവിഞ്ഞിരുന്ന ക്രിക്കറ്റ്, ഇന്ത്യയില്‍ നിന്നും പൂര്‍ണമായും തുടച്ചുമാറ്റപ്പെടാന്‍. കട്ടക്കിലെ കാണികളുടെ രോഷം തുടര്‍ തോല്‍വികളില്‍ മനംമടുത്തതിന്റെ ഫലമാണ്. സച്ചിനും ഗാംഗുലിയും ജഡേജയുമെല്ലാം അടക്കിവാണ കാലത്തുണ്ടായിരുന്ന തീവ്ര ക്രിക്കറ്റ് ആരാധകര്‍ ഇന്നും ബാക്കിയുണ്ട്. കൊല്‍ക്കത്തയില്‍ സച്ചിന്‍ പുറത്തായപ്പോള്‍ ഗ്യാലറി കത്തിക്കാന്‍ തയ്യാറായവര്‍.

ചോറും വറ്റിന്റെ പശ ഉപയോഗിച്ച് പുസ്തകത്താളുകളില്‍, അങ്ങനെ ഹൃദയങ്ങളില്‍ താരങ്ങളെ ഒട്ടിച്ചു ചേര്‍ത്തവര്‍. ഒരുദിവസത്തെ കൂലികളഞ്ഞും, വയറു വേദന അഭിനയിച്ച് സ്‌കൂളില്‍ പോകാതെയും കളി കണ്ടിരുന്ന അവരെ വേദനിപ്പിച്ചാല്‍ ക്രിക്കറ്റ് ബാക്കി ഉണ്ടാകില്ല.

വിപണി ക്രിക്കറ്റിനെ മാറ്റിയെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാനുള്ള മനസ്സൊന്നും അവര്‍ക്കില്ല. ഒറ്റപ്പെട്ട ചില പ്രകടനങ്ങള്‍ പലതും അപ്രസക്തമായ മത്സരങ്ങളില്‍ നടത്തിയതല്ലാതെ കഴിഞ്ഞ മൂന്നുവര്‍ഷമായി ഒരിന്ത്യാക്കാരനും കളത്തില്‍ ആത്മാര്‍ത്ഥ കാട്ടിയിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഒരു ക്യാപ്റ്റന്റെ തലയില്‍ കെട്ടിവച്ചതു കൊണ്ടായില്ല. അത്തരം ആരോപണങ്ങള്‍ സമ്മര്‍ദ്ദമായി വന്നതോടെയാണ് ക്യാപ്റ്റന്‍ ധോണിയും തകര്‍ന്നു പോയതെന്ന് ഓര്‍ക്കുക.

മറുവശത്ത് ഐഎസ്എല്ലിന്റെ ചുവടു പിടിച്ച് ഫുട്‌ബോള്‍, വിപണി കൈയടക്കുന്നത് ക്രിക്കറ്റിന് തിരിച്ചടിയാണ്.എന്തൊക്കെ കാര്യകാരണങ്ങള്‍ നിരത്തിയാലും ക്രിക്കറ്റും കാല്‍പന്തും കൂട്ടിക്കെട്ടാനാകില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കും, ഇംഗ്ലണ്ടിനുമെല്ലാം സംഭവിച്ചതാണിത്. ആഷസ് പരമ്പര മാറ്റി നിര്‍ത്തിയാല്‍ അന്നാട്ടിലെ സ്റ്റേഡിയങ്ങള്‍ നിറയാറില്ല. എന്നാല്‍ ഇന്ത്യയുടെ സ്ഥിതി ആതായിരുന്നില്ല. വിദേശത്തുപോലും നിറഞ്ഞ സദസുകളുള്ള കാലം കഴിഞ്ഞിട്ട് അധികമായിട്ടില്ല.

സമീപകാലത്ത് ബംഗ്ലാദേശിനെപ്പോലുള്ള ചെറുശക്തികള്‍ ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് കൈവരിക്കുന്നത്. ബൗളിംഗിലും ബാറ്റിംഗിലും അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു. അതേസമയം ക്രിക്കറ്റിന്റെ മുടിചൂടാ മന്നന്‍മാരായ നമുക്ക് തിരിച്ചടികള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയുടെ എന്നല്ല, ഒരു ബാറ്റിംഗ് നിരയ്ക്കും എല്ലാ മത്സരങ്ങളും ജയിപ്പിക്കാനാവില്ല. അവിടെ സഹായിക്കേണ്ട ചുമതല ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് തന്നെയാണ്. രോഹിത് പരമാവധി ശ്രമിച്ചു. ബൗളിംഗിലെ പരാജയം പക്ഷെ വിനയായി.

നമ്മുടെ ബൗളിംഗ് നിര ടീമിനൊരു ഭാരമായിക്കൊണ്ടിരിക്കുന്നു. എന്നോ, എവിടെയോ കാട്ടിയ പോരാട്ട വീര്യമാണ് ഭുവനേശ്വര്‍ ഉള്‍പ്പടെയുള്ള താരങ്ങളെ ഇപ്പോഴും ടീമില്‍ നിലനിര്‍ത്തുന്നത്. പഴയ ട്രൈ സീരീസില്‍ ഓസീസിനെ തുടച്ചുനീക്കിയ, പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കൃത്യമായി റിക്കി പോണ്ടിങ്ങിന്റെ വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ എവിടെപ്പോയി.

ചില മത്സരങ്ങളില്‍ നന്നായി കളിക്കുന്നു. മറ്റുള്ളവയില്‍ പ്രകടനം ശരാശരിയിലും താഴെ. ആവേശം കൊള്ളുമ്പോള്‍ ലൈനും ലെംഗ്തും മറക്കുന്ന വരുണ്‍ ആരോണ്‍. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി ഉമേഷ് യാദവ്. സ്പിന്‍ ബൗളിംഗ് ഇന്നും ശക്തമാണ്. പക്ഷെ ആദ്യം മുതല്‍ അവരെ പന്ത് ഏല്‍പ്പിക്കാനാകില്ലല്ലോ. പേസര്‍മാര്‍ ഉറപ്പിച്ചു തരുന്ന വഴിയിലൂടെയേ സ്പിന്നര്‍മാര്‍ക്ക് സഞ്ചരിക്കാനാകൂ. ജവഗല്‍ ശ്രീനാഥും വെങ്കിടേഷ് പ്രസാദും ആ വഴികള്‍ കാട്ടിത്തന്നവരാണ്. പ്രസാദിന്റെ കാര്യം പറഞ്ഞത് പഴയ പാകിസ്ഥാന്‍-ഇന്ത്യ ലോകകപ്പ് മത്സരം ഓര്‍ക്കാന്‍ വേണ്ടിയാണ്. മറക്കാതെ പറയുന്നു, മലയാളി താരം ശ്രീശാന്തിനെയും.

ക്രിക്കറ്റിലെ കുടിപ്പകയോ, ആര്‍ക്കോ വേണ്ടി ബലിയാടായതോ, എന്താണെങ്കിലും ശ്രീ പുറത്തു നിന്നത് കരിയറിലെ പീക്ക് പോയിന്റിലായിരുന്നു. റണ്‍ വഴങ്ങിയും വിക്കറ്റ് നേടാനുള്ള കഴിവ് ശ്രീശാന്തിനുണ്ടായിരുന്നു. മറുവശത്ത് ബാറ്റിംഗ് നിര ഏതു സ്പിന്നറുടെയും മുന്‍പില്‍ പതറുന്ന കാഴ്ച. നഥാന്‍ ലിയോണും ഇമ്രാന്‍ താഹിറും അതിന് ഉത്തമ ഉദാഹരണങ്ങളാണ്.

ബാറ്റിംഗിലും ഒരുപിടി പോരായ്മകളുണ്ട്. സ്റ്റുവര്‍ട്ട് ബിന്നിയെന്ന താരത്തിന് ഒരുപക്ഷെ ടീമിലെ മറ്റാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ പരിഗണന ലഭിക്കുന്നു. കോഹ്‌ലി ഫോം കണ്ടെത്തിയിട്ട് നാളുകളായി. ക്യാപ്റ്റന്‍ മഹി നിസ്സഹായനാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. നാട്ടില്‍ പുലികളും വിദേശമണ്ണില്‍ എലികളും. ഒരു കാലത്ത് ഇന്ത്യന്‍ ടീമിനെപ്പറ്റിയുള്ള വിമര്‍ശനമായിരുന്നു ഇത്. അതു മാറ്റിയെടുക്കാന്‍ ലക്ഷ്മണും ദ്രാവിഡുമൊക്കെ കണക്കില്ലാതെ പ്രയത്‌നിച്ചു. ഇപ്പോള്‍ വിദേശത്തെന്നല്ല വീട്ടിലും പേര് എലികളെന്നായി മാറുകയാണ്. ചേതേശ്വര്‍ പുജാര ഒരു പരിധിവരെ വിശ്വസ്തനാണ്. നീണ്ട ഇന്നിംഗ്‌സുകളില്‍ കളിക്കാന്‍ കഴിവുള്ള മറ്റു താരങ്ങള്‍ ഇല്ല. എല്ലാവരും ഒരു ട്വന്റി-20 ഫോര്‍മാറ്റിന് പോന്നവര്‍. അങ്ങേയറ്റം ചെറു ടീമുകള്‍ക്ക് നേരെ ടെസ്റ്റ് കളിക്കാന്‍ കൊള്ളാം. വേണമെങ്കില്‍ ക്യാപ്റ്റനെയും ഫോമില്ലാത്തവരെയും പുറത്താക്കാമെന്ന് ഒരു കമന്റ് പാസാക്കാം. അതുമല്ലെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് വിമര്‍ശനം ഉന്നയിക്കാം. നാട്ടില്‍ മുഴുവന്‍ തേടി നടന്ന് കളിക്കാരെ കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റനും കഴിയില്ല. സെലക്ടര്‍മാര്‍ മനസ്സ് വയ്ക്കണം.

5 ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തി 72 ദിവസം നീണ്ടുനില്‍ക്കുന്ന പരമ്പരയാണിത്. തുടക്കം പാളിയത്, തിരിച്ചു വരാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. നാലില്‍ മൂന്ന് മത്സരങ്ങളിലും തോറ്റു. ഒന്ന് ഉപേക്ഷിച്ചു. ഏകദിന പരമ്പര, ക്യാപ്റ്റന്‍ ധോണി ഇന്ത്യന്‍ ടീമിന്റെ അമരത്ത് ഇനി എത്രനാള്‍ എന്നതു കൂടി തീരുമാനിക്കും. മറുവശത്ത് എബി ഡി വില്ലിയേഴ്‌സാണ്. ട്വന്റി-20 ക്യാപ്റ്റന്‍ ഡു പ്ലസിയേക്കാള്‍ മിടുക്കന്‍. ടെസ്റ്റില്‍ കൊഹ്‌ലിയും അംലയുമാണ് ക്യാപ്റ്റന്‍മാര്‍. ധോണിക്കെന്നല്ല, ഇന്ത്യന്‍ ടീമിലെ പല പ്രമുഖര്‍ക്കുമുള്ള മരണമണി ഇതുതന്നെയാണ്. ധോണിയെ സംബന്ധിച്ചിടത്തോളം ട്വന്റി-20 ലോകകപ്പിനു ശേഷമുള്ള വിരമിക്കലാകും ഉചിതം. അതിലേക്ക് പോകും മുന്‍പുള്ള പുറത്താകല്‍ അത്തരമൊരു കളിക്കാരന്റെ കരിയറിന് നല്ലതല്ല താനും. ഇന്ത്യന്‍ ടീമിനെ പുതിയൊരു തലത്തിലേക്ക് നയിച്ച ആളാണ് അദ്ദേഹം. ടീമില്‍ ചില തല്‍പര കക്ഷികളെ നിലനിര്‍ത്തിയെന്നതു ശരിതന്നെ. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ചരിത്രം പരിശോധിച്ചാന്‍ അത് സ്വാഭാവികമാണെന്ന് നമുക്ക് മനസ്സിലാകും. 2 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഷോകേസിലെത്തിച്ചത് ധോണിയാണ്. ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവിയും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാംഘട്ടം വിജയത്തിലേക്കാണ് നീങ്ങുന്നത്. ക്രിക്കറ്റിലെന്നപോലെ ഫുട്‌ബോളിനും ഇന്ത്യക്കൊരു ദേശിയ ടീമുണ്ടെന്ന തിരിച്ചറിവാണ് അത്. ഇനിയുള്ള കാലം ആരാധകരും വിപണിയും കാല്‍പന്തിന് പുറകേയാകും. അവിടെ ക്രിക്കറ്റിന്റെ പ്രസക്തി നഷ്ടമായേക്കാം. ഇന്ത്യന്‍ ടീമിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ അതിന്റെ നാശം സമീപ ഭാവിയില്‍ തന്നെയുണ്ടാകും. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ കോഴ വിവാദവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ഇവിടെ നാം മാതൃകയാക്കേണ്ടത്. അന്ന് കോഴയില്‍ പെട്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിവാതിലിന് പുറത്തായവര്‍ പ്രമുഖര്‍ മാത്രമായിരുന്നു. ആരാധകരുടെ കാര്യത്തില്‍ സച്ചിനൊപ്പം കിടപിടിച്ചിരുന്ന അജയ് ജഡേജയും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, നയന്‍ മോംഗിയയുമെല്ലാം ആ ഒഴുക്കില്‍പെട്ടു.

ക്രിക്കറ്റിനെ ചവച്ചു തുപ്പിയ കാലമായിരുന്നു പിന്നീടങ്ങോട്ട്. ക്രിക്കറ്റ് കാണാന്‍ ടിവിക്കു മുന്‍പില്‍ പോലും ആരുമില്ലാത്ത നാളുകള്‍. അവിടെ നിന്നാണ് സച്ചിന്‍, ഗാംഗുലി , ദ്രാവിഡ് എന്നീ ത്രിമൂര്‍ത്തികളെ മുഖമുദ്രയാക്കി,വിപണികളെ കൂട്ടുപിടിച്ച് ജഗ്‌മോഗന്‍ ഡാല്‍മിയ ക്രിക്കറ്റ് ഇന്ത്യയെ തിരികെ എത്തിച്ചത് . അത്തരമൊരു തിരിച്ചു വരവിന് ഇനിയും കളമൊരുങ്ങേണ്ടിയിരിക്കുന്നു. അതിലേക്കുള്ള വഴിയാണ് പുതിയ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തെളിച്ചു തുടങ്ങിയിരിക്കുന്നതും. കളിക്കാരെ നിരീക്ഷിക്കുന്നതിലൂടെ ആദ്യമൊരു ശുദ്ധികലശം. പിന്നീട് പുതിയൊരു ടീനെ രൂപപ്പെടുത്തുക, ശ്രമകരമാണ്. എങ്കിലും ശശാങ്കിനു വലിയൊരു വിജയാശംസ നേരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News