അന്നം തേടുന്ന യാത്രയില്‍ അറ്റുപോയ ജീവിതങ്ങള്‍; കണ്ണുനനയിച്ച് പ്രവാസിയുടെ ജീവിതം പറയുന്ന പത്തേമാരി

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ അന്‍പതാമാണ്ടില്‍ സംവിധായകന്‍ സലിം അഹമ്മദ് അണിയിച്ചൊരുക്കിയ ചിത്രമാണ് പത്തേമാരി. ഓരോ മലയാളിയുടെ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുണ്ടാകും എന്ന യാഥാര്‍ത്ഥ്യം ചിത്രത്തിന് കൂടുതല്‍ മുതല്‍ക്കൂട്ടാകുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മലയാളികള്‍ യാത്ര ചെയ്ത പത്തേമാരിയില്‍ വീണ്ടും പള്ളിയ്ക്കല്‍ നാരായണനെയും കൂട്ടരെയും കയറ്റി വിടുമ്പോള്‍ സംവിധായകന്‍ സലിം അഹമ്മദ് ഒരു ചരിത്രം പുനഃസൃഷ്ടിച്ചു. പത്തേമാരിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞാണ് സലിം അഹമ്മദ് പത്തേമാരി ഒരുക്കിയത്.

കുഞ്ഞനന്തന്റെ കട എന്ന ചിത്രം ചെയ്യുമ്പോള്‍ തന്നെ സലിം അഹമ്മദ് കഥയെക്കുറിച്ച് ശബ്ദ സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയുമായി ചര്‍ച്ച ചെയ്തു. പിന്നീട് വര്‍ഷം രണ്ട് കഴിഞ്ഞാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഇത്രയും കാലത്തിനിടയില്‍ നടത്തിയ യാത്രകളും എഴുത്തുകളും ഒക്കെയാണ് പത്തേമാരിയുടെ വിജയത്തിന് കൂടുതല്‍ കരുത്തേകുന്നത്.

ഏതൊരു വ്യക്തിയും ഗള്‍ഫിലെത്തിയാല്‍ സുഹൃത്തുക്കള്‍ അവര്‍ താമസിയ്ക്കുന്ന റൂമുകളിലേയ്ക്ക് ക്ഷണിയ്ക്കും. അവരുടെ മുറികളില്‍ പള്ളിയ്ക്കല്‍ നാരായണനെപ്പോലുള്ള ചിലര്‍ ഉണ്ടാവുകയും ചെയ്യും. അധികം ആഘോഷങ്ങളും ഒച്ചപ്പാടുകളും ഇല്ലാതെ റൂമിന്റെ ഒരു മൂലയില്‍ ഒതുങ്ങിക്കൂടുന്നവര്‍. അത്തരത്തില്‍ ഒരു കഥാപാത്രത്തെയാണ് പത്മശ്രീ ഭരത് മമ്മൂട്ടി ഈ സിനിമയിലൂടെ ജീവിച്ചു കാണിയ്ക്കുന്നത്. കുടുംബത്തിന്റെ പട്ടിണിയും കഷ്ടപ്പാടും കണ്ടുമടുത്താണ് നാരായണന്‍ ചെറുപ്രായത്തില്‍ തന്നെ ഗള്‍ഫിലേയ്ക്ക് പോകുന്നത്.

പത്തേമാരിയിലുള്ള യാത്രയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സിനിമയെ കൂടുതല്‍ ഇരുത്തി ചിന്തിപ്പിയ്ക്കുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാരായണന് ശേഷം ഗള്‍ഫിലെത്തിയ പലരും വലിയ നേട്ടങ്ങള്‍ കൊയ്‌തെങ്കിലും നാരായണന്‍ കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പ് കാത്തു സൂക്ഷിയ്ക്കാന്‍ സ്വന്തം നേട്ടങ്ങള്‍ വേണ്ടന്നുവച്ചു. ഏതൊരു പ്രവാസിയേയും പോലെ. നാരായണന്റെ ഓരോ പെരുമാറ്റവും ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതവുമായി ഇഴചേര്‍ന്നു പോകുന്നുവെങ്കില്‍ അത് സംവിധായകന്റെ എഴുത്തിന്റെയും ചിത്രീകരണത്തിന്റെയും മികവ് തന്നെയാണ്.

പള്ളിയ്ക്കല്‍ നാരായണനായി മമ്മൂട്ടി ജീവിയ്ക്കുകയായിരുന്നു ഈ ചിത്രത്തില്‍. ഗള്‍ഫ്കാരന്റെ അത്തറിന്റെ മണവും കഷ്ടപ്പാടിന്റെ കണ്ണീരും ഒരേ ഫ്രെയ്മില്‍ മധു അമ്പാട്ട് ചിത്രീകരിച്ചപ്പോള്‍ അത് പലരെയും അറിയാതെ നോവിയ്ക്കുന്നുമുണ്ട്. മമ്മൂട്ടിയുടെ ഉറ്റ ചങ്ങാതിയായി ശ്രീനിവാസനും ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആരായിരിക്കും ഗള്‍ഫിലെത്തിയ ആദ്യത്തെ മലയാളിയെന്ന് ശ്രീനിവാസന്‍ ചോദിയ്ക്കുന്ന ചോദ്യം ഓരോ ഗള്‍ഫ്കാരനും ജീവിതത്തില്‍ ഒരു തവണയെങ്കിലും ചോദിച്ചിട്ടുണ്ടാകും.

ആറ് ഘട്ടങ്ങളായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ വക മികച്ച ശബ്ദ സംവിധാനവും ചിത്രത്തിന് ഗുണം ചെയ്തു. ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന നിരവധിപേരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ആദമിന്റെ മകന്‍ അബു എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡുകള്‍ നേടിയ സംവിധായകന്‍ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷമാണ് പത്തേമാരിയിലെത്തിയത്. ഈ ചിത്രത്തിന്റെ വിജയവും സലിം അഹമ്മദ് എന്ന സംവിധായകന്‍ അര്‍ഹിയ്ക്കുന്നന്നത് തന്നെയാണ്.

മൂന്ന് ചിത്രങ്ങള്‍ മാത്രം ചെയ്ത് പരിചയമുള്ള സലിം അഹമ്മദില്‍ നിന്നും പുതുതലമുറ സംവിധായകര്‍ക്ക് പഠിയ്ക്കാന്‍ ഒരുപാടുണ്ട്. ഓരോ ചിത്രം ചെയ്യുമ്പോഴും കഥാപാത്രത്തിനായി കഥ ഉണ്ടാക്കാതെ സാധാരണക്കാരന്റെ കഥപറയുക എന്നത് തന്നെയാണ് അതില്‍ ഏറ്റവും മികച്ചതും. അന്നം തേടിയുള്ള യാത്രയില്‍ അറ്റുപോയ ജീവിതങ്ങള്‍ക്കായാണ് സലിം അഹമ്മദ് ഈ ചിത്രം അണിയിച്ചൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News