അഞ്ച് പാക് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് ഇന്റലിജൻസ്; ഉത്സവ സീസണിൽ ആക്രമണ സാധ്യത; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ദില്ലി: അഞ്ച് പാക് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി തിരക്കേറിയ ഇടങ്ങളിൽ കൂടിയ സുരക്ഷ ഏർപ്പെടുത്തണമെന്നാണ് നിർദ്ദശം. നവരാത്രി, ദസറ, മുഹ്‌റം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് തീവ്രവാദി ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിൽ അതീവ ജാഗ്രത വേണമെന്നും കുടുതൽ സുരക്ഷ സേനയെ വിന്യസിക്കണമെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് ഉത്സവ സീസണിൽ ആക്രമണം നടത്തുക ലക്ഷ്യം വച്ച് അഞ്ച് പാക് തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ദാദ്രി കൊലപാതകം ഉൾപ്പെടെ സമീപകാലത്ത് ഉണ്ടായ സംഭവവികാസങ്ങൾ തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

ദേശീയ പാതകളിൽ പ്രത്യേക പരിശോധന ഏർപ്പെടുത്തണം, തീർത്ഥാടന കേന്ദ്രങ്ങളിൽ സുരക്ഷ പരിശോധന ശക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. നവരാത്രി, ദസറ ഉൾപ്പെടെയുള്ള ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകൾ കടന്നു പോകാൻ സാധ്യതയുള്ള വഴികൾ മുൻകൂട്ടി കണ്ടെത്തി പ്രത്യേക നിരീക്ഷണവും പരിശോധനയും വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും അതീവ ജാഗ്രത പുലർത്തണം തുടങ്ങിയ സുരക്ഷ നിർദ്ദേശങ്ങളും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News