പിടികിട്ടാപ്പുള്ളി ആട് ആന്റണി അറസ്റ്റിൽ; പിടിയിലായത് വർഷങ്ങളുടെ ഒളിവുവാസത്തിന് ശേഷം; പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും പ്രതി

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയിൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആന്റണിയെ പാലക്കാട് ഗോപാലപുരത്ത് വച്ചാണ് പിടികൂടിയത്. മകനെ കാണാൻ എത്തിയപ്പോഴാണ് ആന്റണിയെ പൊലീസ് പിടികൂടിയത്. മകനുമായി ആന്റണി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിനെ പിന്തുടർന്നാണ് അന്വേഷണസംഘം ആന്റണി പിടികൂടിയത്.

പൊലീസുകാരന്റെ കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി. ചിറ്റൂർ സിഐയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.

2012 ജൂൺ 26ന് കൊല്ലം പാരിപ്പള്ളിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിയൻപിള്ള എന്ന പൊലീസുകാരനെയാണ് ആന്റണി കൊലപ്പെടുത്തിയത്. അതിന് ശേഷം മുങ്ങിയ ആന്റണി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ മൂന്നുവർഷമായി പൊലീസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.

ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാനിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടർന്നാണ് ആന്റണി മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്്‌ഐ കെ ജോയിയെ പരുക്കേൽപ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ടത്. കുണ്ടറ സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ആന്റണി വർഗീസ് എന്നാണ്. ആട് ആന്റണിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പതിനെട്ടോളം സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വേഷം മാറി സഞ്ചരിക്കുന്ന ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല.

ആന്റണിയെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന് അഭിമാനക്കാവുന്ന നിമിഷമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആന്റണിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയായി വ്യാഖ്യനിക്കാമെന്നും ആന്റണിയെ പിടികൂടിയ പൊലീസുകാർക്ക് പാരിതോഷികം നൽകുന്നത് സർക്കാർ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News