സംഘപരിവാർ ഞാഞ്ഞൂലുകളെപ്പോലെ താൽക്കാലിക പ്രതിഭാസം മാത്രം; സാഹിത്യ പുരസ്‌കാരങ്ങൾ മാത്രമല്ല പത്മ പുരസ്‌കാരങ്ങളും മടക്കി നൽകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ കൈരളിന്യൂസ് ഓൺലൈനിനോട്

സംഘപരിവാർ ഭീകരത എല്ലാ അതിർവരമ്പുകളും ലംഘിച്ച് രാജ്യത്ത് അഴിഞ്ഞാടുന്നു. സാഹിത്യ – സാംസ്‌കാരിക നായകരുടെ ജീവിതവും ജീവനും പോലും കാവി ഭീകരത വേട്ടയാടുന്നു. എഴുത്തുകാരുടെ ജീവൻ വരെ തുലാസിലാകുമ്പോൾ സ്വതന്ത്ര താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സാഹിത്യ അക്കാദമി പോലും മൗനിയാകുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും കടന്ന് സാധാരണക്കാരന്റെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ വരെ സംഘപരിവാർ കൈവച്ചു തുടങ്ങി. കേരളത്തിലെ സമകാലിക സാഹചര്യവും വിഭിന്നമല്ല. ഈ സാഹചര്യത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ കൈരളി ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖം.

കാവിവൽക്കരണം എഴുത്തുകാർക്കിടയിലേക്കും കടന്നു വരുന്നുണ്ടോ ?

ചില എഴുത്തുകാർ ഹിന്ദു വർഗീയതയ്ക്ക് ഒപ്പം നേരത്തെ തന്നെ നിലകൊണ്ടവരാണ്. യൗവനത്തിൽ കമ്യൂണിസ്റ്റ് അവബോധമുണ്ടായിരുന്ന അക്കിത്തം കേരളത്തിലെ പ്രിയപ്പെട്ട കവിയാണ്. അദ്ദേഹം ബിജെപിയുടെ സാസ്‌കാരിക സംഘടനയുടെ അധ്യക്ഷനായിരുന്നു. പക്ഷേ അദ്ദേഹത്തിൻരെ കവിതയിലും തപസ്യ മുന്നോട്ട് വയ്ക്കുന്ന വലതുപക്ഷ സാംസ്‌കാരികത കണ്ടിട്ടില്ല. അല്ലാതെയുള്ള സമീപനമാണ് അക്കിത്തത്തിന്റെ കവിതകളിൽ കണ്ടത്. എഴുത്തുകാരെ പൂർണ്ണമായും മാറ്റിയെടുക്കാൻ വലതുപക്ഷ വർഗീയതയ്‌ക്കോ വർഗീയ ഫാസിസ്റ്റുകൾക്കോ കഴിഞ്ഞിട്ടില്ല. പക്ഷേ സ്വാധീനിയ്ക്കാനുള്ള സാധ്യതയുണ്ട്. എഴുത്തുകാരും മനുഷ്യരാണ്. പ്രലോഭനങ്ങളിൽപ്പെട്ട് പോകാനുള്ള സാധ്യതയുണ്ട്.

സമകാലിക സാഹചര്യത്തിൽ സമൂഹം എവിടെ നിൽക്കണം. ?

തീവ്ര മതബോധത്തെ എതിർത്ത പരാജയപ്പെടുത്താൻ മറ്റൊരു തീവ്ര മതബോധത്തിന് കഴിയില്ല. അതിന് കഴിവുള്ളത് തീവ്ര മതനിരപേക്ഷ ബോധത്തിന് മാത്രമാണ്. തീവ്ര മതരഹിതബോധം അല്ലെങ്കിൽ മതാതീത മനുഷ്യത്വത്തെ സംബന്ധിക്കുന്ന ബോധം, മതമല്ല, മനുഷ്യനാണ് എന്ന ബോധം, അതിന് മാത്രമേ തീവ്ര മതബോധത്തെ നേരിടാൻ കഴിയൂ. ആ ബോധം വേദികളിൽ പ്രസംഗിക്കാനുള്ളതല്ല. ജീവിതത്തിൽ പാലിക്കാനുള്ളതാണ്.

2 ജോഡി ചെരുപ്പുകളെക്കുറിച്ച് ഒരു നഗ്ന കവിതയുണ്ട്.

‘ഒരു ജോഡി ചെരുപ്പ്
പുറത്തിടാനുള്ളതാണ്.
അത് സെക്കുലർ ചെരുപ്പാണ്.
അടുത്ത ഒരു ജോഡി ചെരുപ്പ്
പുരയ്ക്കകത്ത് ഇടാനുള്ളതാണ്.
അത് റിലീജിയസ് ചെരുപ്പാണ്.’

ഇത് ശരില്ല. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പുരോഗമനപാത സ്വീകരിച്ചവർക്ക് മാത്രമേ തീവ്ര മതനിരപേക്ഷ നിലപാട് സ്വീകരിക്കാൻ കഴിയൂ. അങ്ങനെ വേണം എഴുത്തുകാർ ഇതിനെ നേരിടാൻ ശ്രമിക്കേണ്ടത്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിശബ്ദതയോടുള്ള പ്രതിഷേധ സൂചകമായി പ്രമുഖ എഴുത്തുകാരടക്കം പുരസ്‌കാരങ്ങൾ തിരിച്ച് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ?

ഇക്കാര്യത്തിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു വർഗീയതയുടെ സൂചന ഉണ്ടായ സമയത്ത് തന്നെ പെണങ്ങുണ്ണി എന്ന ബാലസാഹിത്യ കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി തന്ന ശ്രീപത്മനാഭസ്വാമി പുരസ്‌കാരം നിരസിച്ചു. അന്ന് വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിരുന്നു. സാഹിത്യ അക്കാദമി പോലെ ജനങ്ങളുടെ പണം കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം, മതേതര ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടുന്ന ഒരു സ്ഥാപനം ഒരു ഹിന്ദു ദൈവത്തിന്റെ പേരിൽ പുരസ്‌കാരം നൽകുന്നത് ശരിയല്ല എന്ന് പറഞ്ഞാണ് പുരസ്‌കാരം നിരസിച്ചത്.

അന്ന് ഒരു എഴുത്തുകാരും എന്നെ പിന്തുണച്ചില്ല. എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കത്തെഴുതി സമാധാനിപ്പിച്ചത് ചെമ്മനം ചാക്കോ മാത്രമാണ്. സുകുമാർ അഴീക്കോട് മാഷ് പോലും അതിനെ അനുകൂലിച്ചില്ല. അഴീക്കോട് മാഷ് വലിയ പ്രാസംഗികനും മതേതര പ്രഭാഷകനും ഒക്കെ ആയിരുന്നിട്ടുപോലും. തുടർന്ന് എം മുകുന്ദൻ അധ്യക്ഷനായി നിലവിൽവന്ന സാഹിത്യ അക്കാദമി ഈ പുരസ്‌കാരം തന്നെ വേണ്ടെന്ന് വച്ചു. അങ്ങനെ ഒരു പുരസ്‌കാരം തുടർന്ന് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പക്ഷേ അതിന് ശേഷം വന്ന പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സാഹിത്യ അക്കാദമി, ഭരണത്തിലിരുന്ന യുഡിഎഫിന്റെ കാഴ്ചപ്പാട് അനുസരിച്ച് പുരസ്‌കാരം പുനഃസ്ഥാപിച്ചു. പുരസ്‌കാരം പുനഃസ്ഥാപിച്ചപ്പോൾ അത് ശരിയായില്ല എന്ന് പറഞ്ഞ് സുകുമാർ അഴീക്കോട് ഒരു ലേഖനം എഴുതി. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു.

ഇപ്പോൾ ഉചിതമായ സന്ദർഭം എന്ന് കരുതണം. ഭക്ഷണ – സാസ്‌കാരിക പ്രശ്‌നങ്ങളിൽ ഒരു ഭരണകൂടം ആപത്കരമായി ഇടപെടുന്നു. എംഎം കൽബുർഗിയേപ്പോലെ മഹാനായ ഒരു മനുഷ്യൻ, കവിതയ്ക്ക് വേണ്ടി ജീവിച്ച, വചനകവിതയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ മനുഷ്യനായിരുന്നു ഡോ. എംഎം കൽബുർഗി. കൽബുർഗിയുടേതടക്കം മരണം ഉണ്ടായ പശ്ചാത്തലത്തിൽ മലയാളികളായ എഴുത്തുകാർക്ക് കിട്ടിയ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും പത്മ പുരസ്‌കാരങ്ങളും തിരിച്ച് കൊടുക്കേണ്ടത് തന്നെയാണ്.

ഇന്ത്യ മതേതര രാജ്യമാണ്. ഭരണഘടന പറയുന്നതും അതുതന്നെ. അതിനനുസരിച്ചാണ് സാഹിത്യ അക്കാദമിയും പ്രവർത്തിക്കുന്നത്. പക്ഷേ ബിജെപി ഭരണത്തിൽ അക്കാദമിയുടെ നിലപാടിനെ എങ്ങനെ വ്യാഖ്യാനിക്കണം. ?

കേന്ദ്ര സാഹിത്യഅക്കാദമിയെ ഭരണകൂടം സ്വാധീനിക്കുന്നു. ഭരണകൂടം ജില്ലാ ഭരണകൂടത്തെ, പ്രാദേശിക ഭരണകൂടങ്ങളെയെല്ലാം സ്വാധീനിക്കുന്നുണ്ട്. അങ്ങനെ ജില്ലാ ഭരണകൂടത്തെ സ്വാധീനിക്കുന്നതുകൊണ്ടാണ് പെരുമാൾ മുരുകന് എഴുത്ത നിർത്തേണ്ടി വന്നത്. പെരുമാൾ മുരുകൻ സ്വയം വരിച്ച രക്തസാക്ഷിത്വം, അദ്ദേഹത്തിനെ എഴുത്ത് നിർത്താൻ നിർത്താൻ പ്രേരിപ്പിച്ച സാഹചര്യം നമ്മൾ തിരിച്ചറിയണം. ആ തിരിച്ചറിവ് ഇന്ത്യയിലെ പുരോഗമന പക്ഷത്ത് നിൽക്കുന്ന എല്ലാ എഴുത്തുകാർക്കും ഉണ്ടാകണം. മതേതര ഭരണഘടനയുള്ള ഒരു രാജ്യത്ത് സാഹിത്യ അക്കാദമി മതേതരത്വത്തെ മുൻനിർത്തി വേണം പ്രവർത്തിക്കാൻ. മതരഹിത – മതാതീത മനുഷ്യൻ എന്ന കാഴ്ചപ്പാടാകണം എഴുത്തുകാർക്ക് ഉണ്ടാകേണ്ടത്.

എഴുത്തുകാരിൽ നിലവിൽ ചേരിയുണ്ടോ ? സംഘപരിവാർ വിരുദ്ധ ചേരിയും അനുകൂല ചേരിയും എന്നതാണോ എഴുത്തുകാരുടെ ചേരി. ?

അങ്ങനെയൊന്നില്ല. അങ്ങനെ ചേരിതിരിവിന്റെ രേഖകൾ ഒന്നും തെളിഞ്ഞുവന്നിട്ടില്ല. കേരളത്തിൽ അങ്ങനെ ഒരു ചേരി ഉണ്ടെന്നും കരുതാനാവില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ബഹുഭൂരിപക്ഷം എഴുത്തുകാരും സംഘപരിവാർ അനുകൂലികളല്ല. ഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നവരാണ്. മാത്രമല്ല, നരേന്ദ്ര ധബോൽക്കർ കൊലചെയ്യപ്പെട്ട ശേഷം കേരളത്തിൽ ദുർമന്ത്രവാദ വിരുദ്ധ ബില്ല് വേണം എന്ന് ആവശ്യപ്പെട്ട് കേരളത്തിൽ എല്ലാ ജില്ലകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം തുടങ്ങിയ സാംസ്‌കാരിക സംഘടനകൾ സെമിനാറുകൾ സംഘടിപ്പിച്ചു. ആ സെമിനാർ പല സ്ഥലത്തും ഉദ്ഘാടനം ചെയ്തത് എഴുത്തുകാരാണ്. എഴുത്തുകാരനായ വൈശാഖൻ അടക്കമുള്ളവർ പലയിടത്തും പങ്കെടുത്തു. എഴുത്തുകാർ പലപ്പോഴും പ്രത്യക്ഷത്തിൽ നിൽക്കാറില്ല. എന്നാൽ മനസിൽ തീർച്ചയായും ഒരു വർഗീയ വിരുദ്ധ ചിന്തയാണുള്ളത്. ഹിന്ദു മതത്തോട് ചിലർക്ക,് `എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന നിലപാടുള്ളതായി തോന്നിയിട്ടുണ്ട്. അത് ശുഭകരമായ കാര്യമല്ല.

ഭക്ഷണം, സാംസ്‌കാരികം, പ്രതിരോധം. എന്തുപറയണം.? എവിടെ നിൽക്കണം.?

ഒരു ഭരണകൂടവും ഭരണകൂടത്തെ അനുകൂലിക്കുന്ന ഭരണകക്ഷിയും ജനങ്ങളോട് നീ എന്തുകഴിക്കരുത് എന്നല്ല പറയേണ്ടത്. നീ എന്തെങ്കിലും കഴിച്ചോ, വിശപ്പ് മാറിയോ എന്നാണ് ചോദിക്കേണ്ടത്. ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചോ എന്നാണ് ചോദിക്കേണ്ടത്. ഇടതുപക്ഷത്തിന് ഏറ്റവും പ്രസക്തിയുള്ള സമയമാണിത്.

ഇത് ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ് എന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം. ‘കവി കക്ഷിരാഷ്ട്രീയക്കാരനായി’ എന്ന കവിതയിൽ ഞാഞ്ഞൂലുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വയലാർ രാമവർമ്മ പറഞ്ഞത്, ഒരു ദിവസം ഒരു കുമ്മിളിന്റെ കീഴിൽ കയറിയിരുന്നിട്ട് കുറേ ഞാഞ്ഞൂലുകൾ പ്രഖ്യാപിച്ചു,

‘ഗ്രഹണത്തിന് വിഷം ഇത്തിരി കിട്ടുമ്പോൾ
ഞങ്ങളീ ഭക്ഷണവും ഭൂമിയും ശൂന്യമാക്കും.’ എന്നായിരുന്നു അതിന് കവിയുടെ മറുപടി.

‘ഞാഞ്ഞൂലിൻ വിഷമേറ്റ് മരിച്ചിട്ടില്ല
ഇവിടുത്തെ ചിതലിന്റെ കുഞ്ഞുപോലും.’ ഇതുതന്നെയാണ് ഈ താൽക്കാലിക പ്രതിഭാസത്തോട് എനിക്കും പറയാനുള്ളത്.

ഞാൻ റെഡി

‘തകരുകയാണ് തമ്പുരാനേ നിന്റെ
ഭരണകൂടം തറഞ്ഞെന്റെ ജീവിതം
നരേന്ദ്ര ധബോൽക്കർ,
ഗോവിന്ദ പൻസാരെ,
ഡോ. എംഎം കൽബുർഗി
ഇനി എത്ര പേരെ നിങ്ങൾക്ക് വേണം
ഞാൻ റെഡി.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News