പ്ലേബോയി മുഖവും ഭാവവും മാറുന്നു; ഇനി നഗ്നരായ സ്ത്രീകളുടെ ചിത്രം പ്രസിദ്ധീകരിക്കില്ല; പുതിയ ഭാവത്തില്‍ മാര്‍ച്ചില്‍ വിപണിയിലെത്തും

ന്യൂയോര്‍ക്ക്: മോഡലിംഗ് ഫോട്ടോഗ്രഫിയിലും പ്രസിദ്ധീകരണത്തിലും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാറ്റത്തിനു വഴി തെളിച്ച പ്ലേബോയ് മാസിക നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്താന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം പ്ലേബോയ് മാന്‍ഷനില്‍ പ്ലേബോയിലെ മുതിര്‍ന്ന എഡിറ്റര്‍ കോറി ജോണ്‍സും പ്ലേബോയ് സ്ഥാപനകന്‍ ഹഫ് ഹെഫ്‌നറും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മാര്‍ച്ച് മാസത്തില്‍ പുതിയ എഡിറ്റോറിയല്‍ നയങ്ങളുടെ ഭാഗമായി റീ ഡിസൈന്‍ ചെയ്ത പ്ലേബോയ് വിപണിയിലെത്തും.

ഒരു കാലത്ത് അമേരിക്കക്കാര്‍ക്കിടയില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടാക്കിയ മാസിക എന്ന ചീത്തപ്പേരായിരുന്നു പ്ലേബോയിക്കുണ്ടായിരുന്നത്. അതേസമയം, വായനക്കാരും നിരവധിയുണ്ടായിരുന്നു. സ്ത്രീകളുടെ നഗ്നമോഡലിംഗ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിമര്‍ശനം ഏറിയത്. നിരവധി ഇന്ത്യന്‍ മോഡലുകളും പ്ലേബോയിക്കുവേണ്ടി പോസ് ചെയ്തിട്ടുണ്ട്. പുതിയ മാധ്യമങ്ങളായ ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്‌ഫോണുകളുടെയും ആധിപത്യം ശക്തമായപ്പോള്‍ ഇത്തരത്തിലെ ഉള്ളടക്കത്തിന് പ്ലേബോയിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. തുടര്‍ന്നാണ് കാതലായ നയംമാറ്റത്തിന് മാസിക തയാറായത്.

1975-ല്‍ അമ്പത്താറു ലക്ഷം കോപ്പികളായിരുന്നു മാസികയുടെ പ്രചാരം. അത് ഇപ്പോള്‍ എട്ടു ലക്ഷത്തിലേക്കു കുറഞ്ഞു. പ്ലേബോയിയുടെ വിജയമന്ത്രം പിന്തുടര്‍ന്ന പല മാസികകളും കാലാന്തരത്തില്‍ മറഞ്ഞുപോവുകയും ചെയ്തു. ഡിജിറ്റല്‍ പോണോഗ്രഫിയുടെ കാലത്ത് മാസികയിലെ ചിത്രങ്ങള്‍കൊണ്ട് വിപണിയില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഇതോടെ പ്ലേബോയ് മാനേജ്‌മെന്റ് വിലയിരുത്തുകയായിരുന്നു.

ആപ്പിളിന്റെയും നൈക്കിന്റെയും പോലെ ലോകത്തെവിടെയും തിരിച്ചറിയപ്പെടുന്നതാണ് പ്ലേബോയിയുടെ ലോഗോ. മെര്‍ലിന്‍ മണ്‍റോയുടെ കവര്‍ ചിത്രത്തോടെ 1953-ലാണ് പ്ലേബോയി പ്രസിദ്ധീകരണം ആരംഭിച്ചത്. 18 നും 80 നും ഇടയില്‍ പ്രായമുള്ള പുരുഷനാണോ നിങ്ങള്‍, എങ്കില്‍ നിങ്ങള്‍ക്കു വേണ്ടിയാണ് ഈ മാസിക എന്ന സന്ദേശത്തോടെയാണ് ആദ്യത്തെ പതിപ്പ് പുറത്തിറങ്ങിയത്. അച്ചടി രൂപത്തില്‍ നയം മാറ്റുന്നുണ്ടങ്കിലും ഇന്റര്‍നെറ്റ് എഡിഷന്‍ അതേപടി തുടരുമെന്നാണ് സൂചന. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ കൂടുതല്‍ പ്രചാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിക്കും.

നഗരങ്ങളില്‍ ജീവിക്കുന്ന യുവാക്കളായിരിക്കും പ്ലേബോയിയുടെ പുതിയ ലക്ഷ്യമെന്നും അവര്‍ക്കാവശ്യമുള്ള ഇനങ്ങള്‍ ഉള്ളടക്കമായി നല്‍കുമെന്നും മാസികയുടെ എഡിറ്റോറിയല്‍ വിഭാഗം ഉന്നതര്‍ അറിയിച്ചു. അന്വേഷണാത്മക വാര്‍ത്തകള്‍, അഭിമുഖങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും. ഇത്രയും കാലം പുരുഷന്‍മാരെ മാത്രം ലക്ഷ്യമിട്ടിരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കത്തിനൊപ്പം സ്ത്രീകളെക്കൂടി ലക്ഷ്യമിട്ടുള്ള ഉള്ളടക്കവുംകൊണ്ടുവരുമെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News