ജീവനുള്ളയാളെ മരിച്ചെന്നു ഡോക്ടര്‍ വിധിയെഴുതിയത് നരേന്ദ്രമോദിയുടെ സന്ദര്‍ശന ഡ്യൂട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടി; ഡോക്ടറുടെ കൃത്യവിലോപമെന്ന് പൊലീസ്

മുംബൈ: ജീവനോടെയെത്തിച്ച രോഗിയെ നാഡീസ്പന്ദനം ഇല്ലെന്നു പറഞ്ഞു മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയില്‍ ചേരാനുള്ള തിടുക്കം മൂലമെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസമാണ് സയണിലെ ലോക്മാന്യതിലക് ജനറല്‍ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. രോഹന്‍ രൊഹേകറുടെ ഭാഗത്തു തെറ്റു സംഭവിച്ചത്.

മരിച്ചതായി വിധിയെഴുതിയതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കു മാറ്റിയ രോഗി ക്കു പെട്ടെന്നു ശ്വസനം ഉണ്ടാവുകയും ജീവനുണ്ടെന്നു വ്യക്തമാവുകയുമായിരുന്നു. ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില സാധാരണനിലയിലേക്കു വരികയാണ്.

രോഗി മരിച്ചില്ലെന്നു വ്യക്തമായതോടെ ഡോക്ടര്‍ ആശുപത്രി രേഖകള്‍ നശിപ്പിച്ചിരുന്നു. സയണിലെ എസ്ടി ബസ് ഡിപ്പോയില്‍ അബോധാവസ്ഥയില്‍ കണ്ടയാളെയാണ് മരിക്കും മുമ്പേ ഡോക്ടര്‍ മരിച്ചെന്നു വിധിയെഴുതിയത്. ഹോസ്പിറ്റല്‍ നടപടിക്രമങ്ങള്‍ പ്രകാരം രണ്ടുമണിക്കൂറെങ്കിലും മൃതദേഹം കാഷ്വാലിറ്റി വാര്‍ഡില്‍ സൂക്ഷിക്കണമെന്നാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ജീവന്‍ തിരിച്ചു കിട്ടാനുള്ള സാധ്യതയുണ്ടെങ്കില്‍ നടപ്പാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, ഇവിടെ ഡോക്ടര്‍ ഉടന്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഡെത്ത് റിപ്പോര്‍ട്ടും ഡോക്ടര്‍ ഈ സമയം കൊണ്ട് പൂര്‍ത്തീകരിച്ചിരുന്നതായി പൊലീസും പറയുന്നു.

ആശുപത്രിയിലെ ഒന്നാം നിലയിലെ പോസ്റ്റുമോര്‍ട്ടം വാര്‍ഡിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെ അറ്റന്‍ഡര്‍മാരാണ് മൃതദേഹത്തിന് ജീവനുള്ളതായി കണ്ടെത്തിയത്. അറ്റന്‍ഡര്‍മാരായ സുഭാഷും സുരേന്ദറും മൃതദേഹത്തിന്റെ അടിവയര്‍ മുകളിലേക്കും താഴേക്കും അനങ്ങുന്നതായി കാണുകയായിരുന്നു. സംഭവം ഉടന്‍ തന്നെ കാഷ്വാലിറ്റിയിലെ ഡോക്ടറെ വിവരം അറിയിക്കുകയും ഡോക്ടര്‍ മോര്‍ച്ചറിയില്‍ കുതിച്ചെത്തുകയും ചെയ്തു. ഇതിനിടയില്‍ ഡോക്ടര്‍ രേഖകള്‍ എല്ലാം നശിപ്പിക്കുകയും കാഷ്വാലിറ്റി ഡയറിയില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ മായ്ച്ചു കളയുകയും ചെയ്തു. ഇതിനുശേഷം മറ്റു ഡോക്ടര്‍മാര്‍ എത്തി രോഗിയെ ഇഎന്‍ടി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പോഷകാഹാരക്കുറവു കൊണ്ടുണ്ടായ ബോധക്ഷയം ആകാം രോഗിക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News