തിരുവനന്തപുരം: കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതികളായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് ബസുകളിലും സൗജന്യ യാത്ര. ദീര്‍ഘദൂര യാത്രികരായി വീട്ടില്‍ പോകുന്ന പൊലീസുകാര്‍ക്കും ഇതേ സൗജന്യം ലഭിക്കും. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം ബാധകമായിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ് ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കി. കെയുആര്‍ടിസിയ്ക്ക് കീഴിലുള്ള ലോ ഫ്‌ലോര്‍ എസി ബസുകള്‍ക്കും ബസ് വാറണ്ട് ഇനി ബാധകമാകും. ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിട്ടു. സൗജന്യ പാസുകള്‍ നല്‍കുന്നത് നഷ്ടത്തിന് ഒരു കാരണമാണെന്നു കെഎസ്ആര്‍ടിസി ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പുതിയ നീക്കം.
കോടതിയിലേക്കും ജയിലിലേക്കും പ്രതികളും അവര്‍ക്കൊപ്പമുള്ള പൊലീസുകാരും നിലവില്‍ യാത്ര ചെയ്യുന്നത് ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളിലാണ്. ബസ് ജീവനക്കാരും പൊലീസും തമ്മില്‍ നിരന്തരം തര്‍ക്കം ഉണ്ടാകുന്നു എന്നതാണ് ഉത്തരവിറക്കാനുള്ള ന്യായമായി കെഎസ്ആര്‍ടിസി പറയുന്നത്. ബസ് വാറണ്ട് സംബന്ധിച്ച മറ്റ് വ്യവസ്ഥകള്‍ക്ക് മാറ്റമില്ല. 1989ലെ കേരള മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് അനുസരിച്ചാണ് പുതിയ തീരുമാനം. കെഎസ്ആര്‍ടിസി സിഎംഡിയ്ക്ക് വേണ്ടി ഭരണനിര്‍വഹണ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.
ബസ് ജീവനക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തത് ആണെന്നാണ് ഉയരുന്ന വാദം. എംപി, എംഎല്‍എ തുടങ്ങിയവര്‍ക്ക് മാത്രമാണ് നിലവില്‍ എസി ബസുകള്‍ മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ യാത്രാ സൗജന്യം അനുവദിച്ചിട്ടുള്ളത്. ഈ ആനുകൂല്യം പൊലീസുകാര്‍ക്കും ഇനിമുതല്‍ ലഭ്യമാകും. ചുരുക്കത്തില്‍ സൂപ്പര്‍ ക്ലാസ് യാത്രാസുഖം പ്രതികള്‍ക്കും കിട്ടും.
സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്ന ബസ് വാറണ്ട് ദുരുപയോഗിക്കുന്ന പൊലീസുകാരുടെ എണ്ണവും കൂടുതലാണ്. ദീര്‍ഘയാത്രകള്‍ക്ക് ബസ് വാറണ്ട് ദുരുപയോഗിക്കുന്നത് സംബന്ധിച്ച് പരാതിയും വ്യാപകമാണ്. ഇതിന് കുട പിടിക്കുന്ന നിലപാടാണ് പുതിയ ഉത്തരവ് വഴി സൃഷ്ടിക്കപ്പെടുന്നത്.
തിരുവനന്തപുരം ഉള്‍പ്പടെയുള്ള പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ നിന്ന് അതിരാവിലെ പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഭൂരിപക്ഷം യാത്രക്കാര്‍ പ്രതികളും പൊലീസുമാണ്. സീറ്റ് ഇവര്‍ക്ക് വേണ്ടി മാറ്റിവെയ്ക്കപ്പെടും എന്നതിനാല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സാധാരണ യാത്രക്കാര്‍ക്കാണ്. ഇവര്‍ക്ക് സൂപ്പര്‍ ക്ലാസ് ബസുകളിലേയ്ക്ക് യാത്ര അനുവദിക്കുമ്പോള്‍ വെട്ടിലാവുന്നത് സാധാരണ ദീര്‍ഘദൂര യാത്രക്കാരാവും. ഫലത്തില്‍ നഷ്ടം വരുന്നത് കെഎസ്ആര്‍ടിസിയ്ക്കും.
ബസ് വാറണ്ട് ഇനത്തില്‍ 2014ല്‍ മാത്രം 8 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 2015 അവസാനിക്കാനിരിക്കെ ഇതുവരെ ഈ തുക കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോര്‍പ്പറേഷന്‍ ഇരട്ടി ഇരുട്ടടിയാകും പുതിയ ഉത്തരവ് വഴി നേരിടേണ്ടി വരിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here