മലമുകളില്‍ എന്തോ മറന്നുവച്ച യേര്‍ക്കാട് യാത്ര; ഓറഞ്ചിന്റെ മധുരവും പേരയ്ക്കയുടെ മണവും കുരുമുളകിന്റെ എരിവും ചാലിച്ചൊരു മലകയറ്റം



THE WORLD IS A BOOK,

AND THOSE WHO
DO NOT TRAVEL
READ ONLY A PAGE

തമിഴ് ഭാഷയിലെ യേരി (തടാകം), കാട് (വനം) എന്നീ രണ്ടു വാക്കുകളില്‍നിന്നാണു യേര്‍ക്കാട് എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യനെ ആകര്‍ഷിക്കാന്‍ ആ പേര് മാത്രം മതിയല്ലോ. തണുത്ത കാലാവസ്ഥയും പ്രകൃതി സൌന്ദര്യവും വന്യജീവിതവും ഇഷ്ടപെടുന്ന ആരെയും ആകര്‍ഷിക്കുന്ന പൂര്‍വഘട്ട മലനിരകളിലെ എറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്ന്. ‘പാവങ്ങളുടെ ഊട്ടിയിലേക്ക്’ പോകാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളമായിരുന്നു.

Boat_House
രാത്രി 10.30 ആയപ്പോള്‍ ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍. 11 മണിക്ക് സേലം വണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി ഇരുന്നപ്പോള്‍ 8 മണിക്കൂറുകൊണ്ടു പിന്നിടേണ്ട 276 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നുമനസ്സില്‍. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ആദ്യമായല്ലാത്തതുകൊണ്ട് ആ കാര്യത്തില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷെ, ഉറക്കം മിത്രം ആയതിനാല്‍ അതിനെ മാറ്റി നിര്‍ത്തേണ്ടതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോള്‍ കൂകും വണ്ടി ഓടി തുടങ്ങി.

kunkeswar

നാട്ടുകാര്യവും വീട്ടുകാര്യവും പറയുന്നവരെയും പൂകെട്ടുന്നവരെയും നോക്കിയിരുന്നത് ഓര്‍മ്മയുണ്ട്. പിന്നെ മടിയിലിരുന്ന ബാഗിലേക്കു നട്ടെല്ല് വളച്ചു തലവച്ചു. രാവിലെ ആറു മണിക്കാണ് പിന്നെ തല പൊക്കിയത്. സേലത്ത് ഇറങ്ങാനുള്ളവര്‍ വെറുതെ തിക്കും തിരക്കും ഉണ്ടാക്കുന്നു. വെറുതെ ഇരിക്കേണ്ടെന്നു വിചാരിച്ചു ഞാനും കുറച്ചു തിരക്കൊക്കെ അഭിനയിച്ചു. ടൈംടേബിൡല്‍ പറയുന്നതില്‍നിന്ന് പത്തുമിനുട്ടു മാത്രം വൈകി 6.40 നാണ് ട്രെയിന്‍ സേലത്തെത്തിയത്.

maxresdefault

സേലം സ്റ്റേഷനിലെ ടോയ്‌ലറ്റ് അത്ര മോശമൊന്നും അല്ലെന്നു മനസിനെ പറഞ്ഞു മനസിലാക്കാന്‍ ഒരു കപ്പു ചായ കുടിക്കുന്ന ടൈം എടുത്തു. വൃത്തിയാവാന്‍ രണ്ടും കല്‍പിച്ചു തീരുമാനിച്ചു. വെയിറ്റിംഗ് റൂമിലെ പൂ കെട്ടുന്ന അക്കമാര്‍ കലപില ആയിരുന്നെങ്കിലും അവരുടെ കയ്യിലെ പൂക്കള്‍ അല്‍പം ആശ്വാസം തന്നു. പുറത്തിറങ്ങി ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. അടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഇന്‍ഡിഗോ കാറും ഒപ്പിച്ചു. വില പേശലിനു ശേഷം തോല്‍വി സമ്മതിച്ചു വണ്ടിയില്‍ കയറി ഇരുന്നു. യേര്‍ക്കാട്ടേയ്ക്ക് ബസ് പോകുമെങ്കിലും കാഴ്ചകള്‍ കാണാന്‍ കുറച്ചു പൈസ മുടക്കാന്‍ തയ്യാറായി. സേലത്തുനിന്ന് ഏകദേശം 30 കിലോമീറ്റര്‍ യാത്രയുണ്ട്. പച്ചപ്പും കുന്നുകളും പിന്നോട് ഓടാന്‍ തുടങ്ങി. ഹെയര്‍പിന്‍ വളവുകള്‍ കയറി തുടങ്ങിയേപ്പോള്‍ ഊട്ടിയിലേക്കുള്ള യാത്രയെ ഓര്‍ത്തു. ഒരു ഭാഗത്ത് മലയും മറുഭാഗത്ത് മഞ്ഞു മൂടിയ താഴ്‌വരവുമയി 20 ഹെയര്‍പിന്‍ വളവുകള്‍.

MONTFORT SCHOOL

വളവുകള്‍ പിന്നിട്ട് കുളിര്‍മയുടെ ഭൂതലത്തില്‍ എത്തി. വണ്ടിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ സ്വാഗതം ചെയ്തത് തണുപ്പും ഇളം കാറ്റിന്റെ സുഗന്ധവും. പറഞ്ഞുറപ്പിച്ച പൈസ കൊടുത്ത് വണ്ടിക്കാരനെ യാത്രയയച്ചു. സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരത്തിലാണ് യേര്‍ക്കാട് ഹില്‍ സ്റ്റേഷന്‍. വലിയ തടാകവും, അതിലെ ബോട്ട് സവാരിയും, ഓര്‍ക്കിഡോറിയവും പഗോഡ പോയിന്റും ഓഷോ കേന്ദ്രവുമെല്ലാം ഉണ്ടെങ്കിലും അവയെക്കാളേറെ ആകര്‍ഷിച്ചത് മലകള്‍ക്ക് മുകളിലുള്ള ക്ഷേത്രവും മലയാളര്‍ എന്ന ആദിവാസി വിഭാഗവുമാണ്.

orchidarium 2

ഒരു അണ്ണനെ പിടിച്ചു നിര്‍ത്തി മലമുകളിലേക്കുള്ള വഴി ചോദിച്ചു. മറുപടി തമിഴില്‍ ആയതിനാല്‍ ഒന്നും മനസിലായില്ല. ബസിനു കൈകാണിച്ച് അതില്‍ കയറ്റി ഇരുത്താനും കയ്യില്‍ വെള്ളമുണ്ടോന്നു ചോദിക്കാനും അയാള്‍ക്ക് തോന്നി. അടുത്ത കടയില്‍ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗില്‍ വെച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ ക്ഷേത്രത്തിലേക്ക് പോകുന്നവരെല്ലാം ഇറങ്ങി. കൂടെ ഞാനും. നല്ല തണുപ്പായതിനാല്‍ അവിടെയുണ്ടായിരുന്ന തട്ടു കടയില്‍ കയറി ഇഞ്ചിച്ചായ കുടിച്ചു. ചായ കുടിക്കാന്‍ രണ്ടു മൂന്നു കുടുംബങ്ങള്‍ അവിടെ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു അക്കയോട് കാര്യങ്ങള്‍ അന്വേഷിച്ചു. കുറച്ചു നടക്കണമെന്നും തനിച്ചു നടക്കാതെ കൂടെ വന്നോളൂ എന്നും പറഞ്ഞപ്പോള്‍ ആശ്വാസമായി.

orchidarium 3

ഓറഞ്ച് തോട്ടത്തിന് ഇടയിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി. പഴുത്തു നില്‍ക്കുന്ന ഓറഞ്ചുകള്‍ കാണുമ്പോള്‍ കൊതി തോന്നുന്നെങ്കിലും മരത്തില്‍ പോലും തൊടാതെ നടന്നു. കുറച്ചു ദൂരം നടന്നപോള്‍ പിന്നെ കാടും, പാറ നിറഞ്ഞ വന്‍ കുന്നുകളും. വലിയ ക്ഷീണമൊന്നും തോന്നിയില്ല. ഒടുവില്‍ ക്ഷേത്രത്തിനടുത്തെത്തി. പ്രതീക്ഷിച്ചതു പോലെ തന്നെ. തീര്‍ത്തും ശാന്തമായ അന്തരീക്ഷം. താഴേക്ക് നോക്കിയപോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ. കരിങ്കല്ലില്‍ കൊത്തിയ ക്ഷേത്രവും അതിനടുത്തു കല്ലില്‍ കൊത്തിയ ശിവന്റേതെന്നു പറയുന്ന വലിയ പാറക്കല്ലും വല്ലാതെ വിസ്മയിപ്പിച്ചു. കല്ലിനരികില്‍നിന്നും നോക്കിയാല്‍ കണ്ണെത്താദൂരത്തോളം കാണുന്ന പച്ച പുതച്ച കാഴ്ച വ്യത്യസ്താനുഭവമാണ്.

orchidarium

ഉത്സവം കഴിഞ്ഞ സമയം ആണ്. അതുകൊണ്ട് മലയാളരെ (ആദിവാസി വിഭാഗം) ആരെയും കണ്ടില്ല. കയ്യില്‍ സഞ്ചിയുമായി ജോലിക്ക് പോകുന്ന ഒരു അക്കയെ പിടിച്ചു നിരത്തി മലയാളരെ കാണണമെന്ന് പറഞ്ഞു. സെല്‍വി അക്ക മലയാളരുടെ കൂടത്തില്‍പ്പെട്ട ആള്‍ ആയിരുന്നു. വീടുകളില്‍ പോവാന്‍ ഒരുപാടു നടക്കണമെന്ന് പറഞ്ഞപോള്‍ ആഗ്രഹം ഉപേക്ഷിച്ചു. പിന്നെ കൂടെ മല കയറിയവരോട് യാത്ര പറഞ്ഞു സെല്‍വി അക്കയുടെ കൂടെ മലയിറങ്ങി.

PAGODA POINT

തിരിച്ചു ഇറങ്ങുമ്പോള്‍ അക്ക എനിക്കൊരു ഗുഹ കാണിച്ചു. അതിനുള്ളിലൂടെ കയറിയാല്‍ വേറൊരു മലയില്‍ എത്താം. ഒരുപാട് വിദേശ സഞ്ചാരികള്‍ അതുവഴി പോവാറുണ്ടെന്നൊക്കെ അക്ക പറഞ്ഞു. തനിച്ചു പോകാന്‍ പേടിയായതുകൊണ്ട് ആഗ്രഹം ആ ഗുഹയിലേക്ക് വലിച്ചെറിഞ്ഞ് അക്കയുടെ കൂടെ നടന്നു. ഓറഞ്ച് തോട്ടം വരെ വരാമെന്നാണ് അക്ക പറഞ്ഞതെങ്കിലും പുരാണം പറഞ്ഞു നടത്തം നീട്ടി.

temple

കാപ്പി, ഓറഞ്ച്, ചക്ക, പേരയ്ക്ക, കുരുമുളക്, ഏലം എന്നിവയാണ് യേര്‍ക്കാട്ടെ കൃഷി വിളകള്‍. പ്രധാന കൃഷിയായ കാപ്പി കൊണ്ടുവന്നത് 1820-ല്‍ ആഫ്രിക്കയില്‍ നിന്നാണെന്ന് വരെ സെല്‍വി അക്കക്ക് അറിയാം. അത് പറഞ്ഞപോള്‍ അക്ക കുറെ ദൂരെ ഒരു കാപ്പി തോട്ടം ചൂണ്ടി കാണിച്ചു. യേര്‍ക്കാടിന്റെ സ്വത്ത് വനമാണെന്ന് പറയുമ്പോള്‍ അക്കയുടെ ശബ്ദത്തില്‍ ബഹുമാനം കൂടി. വനത്തെ ദൈവത്തെ പോലെ ആരാധികുന്നവര്‍. അവിടെ ഒരു ഇല പോലും തൊടാന്‍ ആരെയും അനുവദിക്കില്ലെന് മലയാളരുടെ സ്വന്തം സെല്‍വി അക്ക ഉറച്ച സ്വരത്തില്‍ പറഞ്ഞു.

yercaud

ഓറഞ്ച് തോട്ടവും കഴിഞ്ഞു ബസ് കയറ്റി വിട്ടതിനു ശേഷമാണ് അക്ക യാത്ര പറഞ്ഞത്. നേരെ പോയത് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കാണ്. സമ്മര്‍ ഫെസ്റ്റിവല്‍ അടുക്കാറായതുകൊണ്ട് അടുത്തുള്ള ഓര്‍ക്കിഡേറിയം (വിവിധതരം ഓര്‍ക്കിഡ് പുഷ്പ സസ്യങ്ങളുടെ ശേഖരം) ഭംഗിയാക്കുന്ന തിരക്കിലാണ് ജോലിക്കാര്‍. ഏകദേശം 30 തരത്തിലുള്ള ഓര്‍ക്കിഡ് പുഷ്പങ്ങള്‍ അവിടെ ഉണ്ടായിരുന്നു. വര്‍ഷത്തില്‍ രണ്ടു തവണ പൂക്കുന്ന കുറിഞ്ഞിയും യേര്‍ക്കാടിന്റെ പ്രത്യേകതയാണ്.

Yercaud_hill-view

ഉച്ചയാവാറായതു കൊണ്ട് തണുപ്പും വിശപ്പും ഒരുമിച്ചു വരുന്നുണ്ട്. സാധാരണ ഹില്‍ സ്റ്റേഷനെ പോലെ അസഹ്യമായ തണുപ്പൊന്നും അവിടെ ഉണ്ടായിരുന്നില്ല. തണുപ്പിനെ അകറ്റാന്‍ പ്രത്യേക ഡ്രസ്സിന്റെ ആവശ്യം ഇല്ലെങ്കിലും വെറുതെ ഒരു ഷാള്‍ പുതച്ചു. ഭക്ഷണം കഴിക്കാന്‍ സ്ഥലം അന്വേഷിച്ചപോള്‍ ബിഗ് ലേക്കിനടുത് ഹോട്ടല്‍ ഉണ്ടെന്ന് അറിഞ്ഞു. റോസിന്റെയും യുക്കാലിയുടെയും സുഗന്ധം എല്ലായിടത്തുമുണ്ട്. തടാക തീരത്തെ കൊച്ചു കടയില്‍ കയറി കഴിച്ചു. പിന്നെ എല്ലാം വേഗത്തിലായി. രാത്രി വണ്ടിക്ക് തിരിച്ചു പോകേണ്ടതാണെന്ന് ഇടയ്ക്കിടെ ഓര്‍ത്തു.

yercaud-grt-nature-trails_anurag-mallick

വിനോദ സഞ്ചാരികള്‍ എത്തിതുടങ്ങിയിരുന്നു. വരുന്ന ഓരോ വണ്ടികളിലും നിറയെ ആളുകളാണ്. വനാന്തരങ്ങളിലൂടെ സാഹസിക യാത്രയ്‌ക്കൊകെ വരുന്നവര്‍. ആഗ്രഹം ഉണ്ടെങ്കിലും സമയം ഇല്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി വരണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. വിനോദ സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതില്‍ യേര്‍ക്കാട് വളരെ മുന്നിലാണ്. ഹോട്ടലുകളും ലക്ഷ്വറി റിസോര്‍ട്ടുകളും നിരവധിയുണ്ട്. വലിയ ഷോപ്പിംഗ് മാര്‍ക്കറ്റ് ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും വാങ്ങാന്‍ വേണ്ടി ചെറിയൊരു കടയില്‍ കയറി. കൂടുതല്‍ ആകര്‍ഷിച്ച ഒരു പെര്‍ഫ്യൂം വാങ്ങി. അടുത്ത കടയില്‍ കയറി കുറച്ചു കുരുമുളക് പൊടിയും കാപ്പിയും ഏലക്കയും. സേലത്തേക്ക് പോകുന്ന വണ്ടിയില്‍ കയറി ഇരിക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ആഗ്രഹിച്ച ഒരുപാട് സ്ഥലം കാണാന്‍ പറ്റിയില്ല. ഇനിയും വരണമെന്ന് തീരുമാനിക്കുമ്പോള്‍ വണ്ടി എടുത്തു. കാഴ്ച തന്നെയാണ് യേര്‍ക്കാടിന്റെ ഭംഗി. അതീവ സുന്ദരമായ താഴ്‌വരകളും വരച്ചു വെച്ചത് പോലെയുള്ള മലനിരകളും കണ്ണുകള്‍ക്ക് പ്രത്യേക സുഖം നല്‍കും. ഒത്തിരി വീടുകളും സെമിനാരികളും കോണ്‍വെന്റുകളും പിന്നെ മോണ്ട് ഫോര്‍ട്ട് സ്‌കൂളും. തിരിച്ചിറങ്ങുമ്പോഴാണ് പാറക്കെട്ടുകളും മേട്ടൂര്‍ ഡാമും സേലം നഗരവും കണ്ടത്. ഹൈയര്‍പിന്‍ വളവുകള്‍ താണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ 7 മണി. 7.15ന്റെ ട്രെയിനില്‍ കയറിയപ്പോള്‍ മലകള്‍ക്ക് മുകളില്‍ എന്തോ മറന്നു വെച്ചത് പോലെ തോന്നി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News