ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ ഇന്ത്യയിലെത്തി; വില 31,990 രൂപ മുതല്‍

ഒരു പതിറ്റാണ്ടിനു ശേഷം വിപണി കീഴടക്കാനെത്തിയ ഗൂഗിളിന്റെ നെക്‌സസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാല്‍വച്ചു. ഗൂഗിളിന്റെ നെക്‌സസ് 6 പി, 5 എക്‌സ് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ ഫോണുകളുടെ പ്രീബുക്കിംഗ് ആരംഭിക്കും. ഒക്ടോബര്‍ 21 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും. 5 എക്‌സിന് 31,990 രൂപയാണ് ഇന്ത്യയില്‍ വില. 6 പി 39,999 രൂപ മുതലും ലഭ്യമാകും. ഹുവായിയുമായി സഹകരിച്ചാണ് 6 പി ഫോണുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 5എക്‌സ് എല്‍ജിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഫ്‌ളിപ്കാര്‍ട്ടിലാണ് ഫോണ്‍ ലഭ്യമാകുക. നെക്‌സസ് 6പി 5.7 ഇഞ്ച് അമോഎല്‍ഇഡി സ്‌ക്രീനുള്ള ഫോണാണ്. നെക്‌സസിന്റെ ഇംപ്രിന്റ് ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയാണ് ഫോണ്‍ ഇന്ത്യയിലേക്കെത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 3 ജിബി റാമുള്ള ഫോണ്‍ മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. 32 ജിബി, 64 ജിബി, 128 ജിബി വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. എസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കുക സാധ്യമല്ല. 12.3 മെഗാപിക്‌സല്‍ പിന്‍ കാമറയില്‍ 1.55 മൈക്രോണ്‍ സെന്‍സറുണ്ട്. ഇത് ലോലൈറ്റിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഉപകരിക്കും.

ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയാണ് 6 പി എത്തുന്നത്. മുന്‍കാമറയ്ക്ക് 8 മെഗാപിക്‌സല്‍ കാമറയാണുള്ളത്. സെല്‍ഫി പ്രേമികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇത്. 3,450 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരും. 6 പിയുടെ 32 ജിബി വേരിയന്റിന് 39,999 രൂപയാകും വില. 64 ജിബി വേര്‍ഷന്‍ 42,999 രൂപയ്ക്കും ലഭിക്കും. വൈറ്റ്, ഗ്രേ, അലുമിനിയം കളറുകളില്‍ ഫോണ്‍ ലഭ്യമാകും.

5.2 ഇഞ്ച് ലോവര്‍ ഫുള്‍ എച്ച്ഡി സ്‌ക്രീനോടു കൂടിയാണ് നെക്‌സസ് 5 എക്‌സ് എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 808ന്റെ 64 ബിറ്റ്് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 16, 32 ജിബി എന്നീ രണ്ടു സ്‌റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. എസ്ഡി കാര്‍ഡ് വഴി മെമ്മറി വര്‍ധിപ്പിക്കാന്‍ ഈ ഫോണിലും സൗകര്യമുണ്ടായിരിക്കില്ല. കാമറ 5എക്‌സിനും 6പിക്കും ഒരുപോലെയാണ്. അതിവേഗ കാപ്ചറിംഗിന് ഒരു ലേസര്‍ ഓട്ടോഫോക്കസ് സൗകര്യവും ഫോണിലുണ്ട്. 2,700 എംഎഎച്ച് ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News