താളം മറന്ന കൊമ്പന്‍മാരെ കൊല്‍ക്കത്ത രണ്ടടിയില്‍ തളച്ചു; കൊല്‍ക്കത്തയുടെ ജയം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്

കൊല്‍ക്കത്ത: താളം കണ്ടെത്താനാകാതെ വിയര്‍ത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത കേരളത്തെ തകര്‍ത്തത്. ആദ്യപകുതിയില്‍ അറാട്ട ഇസുമിയും രണ്ടാം പകുതിയില്‍ യാവി ലാറയുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ക്രിസ് ഡഗ്നലിന്റെ വകയായിരുന്നു കേരളത്തിന്റെ ആശ്വാസഗോള്‍.
ആദ്യപകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്ത മുന്നിട്ടു നിന്നിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം മെഹ്താബ് ഹുസൈന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത മുന്നിലെത്തിയിരുന്നു. അറാട്ട ഇസുമിയാണ് കൊല്‍ക്കത്തയ്ക്കു വേണ്ടി ഗോള്‍ നേടിയത്. ഗയ്‌വിലനില്‍ നിന്ന് പാസ് സ്വീകരിച്ച ഇയാന്‍ ഹ്യൂം മനോഹരമായി കണ്‍ട്രോള്‍ ചെയ്ത പന്ത് മികച്ച ഒരു ഇടംകാലന്‍ അടിയിലൂടെ വലയിലെത്തിക്കാന്‍ നോക്കിയെങ്കിലും ബൈവാട്ടര്‍ തടുത്തിട്ടു. എന്നാല്‍, മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ഇസുമി ബോക്‌സിലേക്ക് ഓടിക്കയറി റീബൗണ്ട് ചെയ്ത പന്ത്് വലയിലാക്കുകയായിരുന്നു. 53-ാം മിനിറ്റില്‍ കൊല്‍ക്കത്ത രണ്ടാംഗോളും നേടി. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ലാറ, രണ്ടു ഡിഫന്‍ഡര്‍മാരെ മറികടന്ന് തൊടുത്ത വലംകാലന്‍ ഷോട്ട് കൃത്യമായി വലയില്‍ കയറി.

രണ്ടാം പകുതിയില്‍ പുള്‍ഗ എത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉഷാറായത്. പലതവണ പന്ത് ഗോള്‍മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. പലപ്പോഴും കൊല്‍ക്കത്തയുടെ ഗോള്‍കീപ്പര്‍ കാലറ്റയുഡിന്റെ പ്രകടനവും കൊല്‍ക്കത്തയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചു. അതുകൂടി ഇല്ലായിരുന്നെങ്കില്‍ കളിയുടെ ഗതി ഒരുപക്ഷേ മറ്റൊന്നായേനെ. സാഞ്ചേസ് വാട്ടും ഡഗ്നലും റാഫിയും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടു പോലും കേരളത്തിന് രക്ഷയുണ്ടായില്ല. നാട്ടില്‍ കൊമ്പുകുലുക്കി നടന്നവര്‍ കൊല്‍ക്കത്തയുടെ മണ്ണിലെത്തിയപ്പോള്‍ താളം മറന്നു. ആദ്യപകുതിയില്‍ പലപ്പോഴും കൊല്‍ക്കത്തയുടെ ബോക്‌സില്‍ പോലും പന്തെത്തിക്കാന്‍ കേരളത്തിനായില്ല. ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here