ഇന്ന് വീണ്ടും പിഎൽസി യോഗം; പ്രതീക്ഷയുണ്ടെന്ന് ട്രേഡ് യൂണിയനുകൾ; തീരുമാനമായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുൻപിൽ

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഇന്നും ചേരും. രാവിലെ 11 മണിക്ക് യോഗം ചേരുക. പ്രശ്‌നപരിഹാരത്തിനായി ഇന്നലെ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ചർച്ചയിൽ പുരോഗതിയുള്ളത് കൊണ്ടാണ് ഇന്ന് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചതെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.

സ്വീകാര്യമായ ഒരു നിർദേശവും യോഗത്തിൽ ഉയർന്നു വന്നില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. മിനിമം കൂലി 231 രൂപ എന്നതിൽ നിന്ന് ഒരു രൂപ മാത്രമേ വർധിപ്പിക്കാനാകു പിടിവാശിയാണ് യോഗം പരാജയപ്പെടുവാൻ കാരണം. എന്നിരുന്നാലും യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അതുകൊണ്ട് യോഗത്തിൽ പങ്കെടുക്കുമെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു.

അതേസമയം, ഇന്നത്തെ യോഗത്തിലും തീരുമാനമായില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം വ്യക്തമാക്കിയിരുന്നു. 380 രൂപ മിനിമം കൂലിയും രണ്ട് രൂപ ഇൻസെന്റീവും വർധിപ്പിക്കാമെന്ന ധാരണ അംഗീകരിക്കുമെന്ന് പൊമ്പിള്ളെ ഒരുമൈ നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രേഡ് യൂണിയനുകൾ ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here